കുവൈറ്റ് സിറ്റി: മലയാളം മിഷന്‍ കുവൈറ്റ് എസ്എംസിഎ മേഖലാ കേന്ദ്രം ഭാരതാംബയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് 'ത്രിവര്‍ണ്ണ സന്ധ്യ' സംഘടിപ്പിച്ചു. വൈവിധ്യങ്ങളായ പരിപാടികളോടെ വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലായിരുന്നു ആഘോഷം. എസ്എംസിഎ വൈസ് പ്രസിഡന്റ് ഷാജിമോൻ ജോസഫ് സ്വാഗതം ആശംസിച്ചു.
ദേശാഭിമാനം നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ മലയാളം മിഷൻ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രവേശക ഗാനം, ചാച്ചാ നെഹ്രുവിന്റെ പ്രസംഗം, ദേശഭക്തി ഗാനം, ദേശഭക്തി കവിതാലാപനം, ദേശീയഗാനാലാപനം
വിവിധ രൂപത്തിലുള്ള നൃത്തങ്ങൾ, എന്നിവക്ക് എസ്‌എംസിഎയുടെ വിവിധ ഏരിയകളിലുള്ള മലയാള പഠന കേന്ദ്രങ്ങൾ നേതൃത്വം നൽകി.
ബാലദീപ്തി പ്രസിഡന്റ് നേഹ ജയ്‌മോൻ സ്വാതന്ത്ര്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്എംസിഎ പ്രസിഡന്റ് ബിജോയ് പാലാകുന്നേൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ, ട്രെഷറർ സാലു പീറ്റർ ചിറയത്തു എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസ് ആന്റണി, ടിങ്ക ജോഫി എന്നിവർ പരിപാടികളുടെ ഏകോപനം നടത്തി. മലയാളം മിഷൻ ഫഹാഹീൽ ഏരിയ പ്രധാനാധ്യാപകൻ റിനീഷ് വർഗീസിന്റെ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു.