കോട്ടയം: ബഫര്‍ സോണ്‍ വിരുദ്ധ സമരം സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. എരുമേലി എയ്ഞ്ചല്‍ വാലിയില്‍ ബഫര്‍ സോണ്‍ വിരുദ്ധ മൂന്നാം ഘട്ട സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സുധാകരന്‍.
കര്‍ഷകരുടെ മണ്ണില്‍ തൊടാനോ നശിപ്പിക്കാനോ ആരു വന്നാലും ആ കൈകള്‍ തങ്ങള്‍ വെട്ടിമാറ്റുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശരീരത്തില്‍ ഒരു തുള്ളി രക്തം ബാക്കിയുണ്ടെങ്കില്‍ ഇവിടെ നിന്ന് ആരേയും ഇറക്കി വിടാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. സുപ്രീം കോടതിയിലെ ബഫര്‍ സോണ്‍ കേസില്‍ കെപിസിസി കക്ഷി ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രത്യേക സമിതി രൂപീകരിച്ച് നിര്‍ദേശങ്ങള്‍ തയാറാക്കും. ഇത് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. ബഫര്‍ സോണ്‍ ഒഴിവാക്കുന്നതിന് വേണ്ട രേഖകളൊന്നും കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ബഫര്‍ സോണിനെ പറ്റി പഠിക്കാന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ തയ്യാറായിട്ടില്ല.
കോടതിയുടെ എന്തെങ്കിലും കനിവില്‍ തീരുമാനം ഉണ്ടാകുമോ എന്നാണ് പ്രതീക്ഷ. എയ്ഞ്ചല്‍ വാലിയില്‍ സമരം ചെയ്തതിന് കര്‍ഷകര്‍ക്കെതിരെ കേസെടുത്തിനെയും കെപിസിസി പ്രസിഡന്റ് വിമര്‍ശിച്ചു. കേസില്‍പെട്ട കര്‍ഷകര്‍ക്ക് കെപിസിസി ലീഗല്‍ സെല്‍ സൗജന്യ നിയമസഹായം ലഭ്യമാക്കും.
കെ റെയില്‍ വിരുദ്ധ സമരം പോലെ ബഫര്‍ സോണ്‍ വിരുദ്ധ സമരവും വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു. ബഫര്‍ സോണ്‍ വിരുദ്ധ കര്‍ഷക സമരങ്ങള്‍ കെപിസിസി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ സമരം ഈ മാസം 27 ന് നടക്കും.
ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില്‍ എയ്ഞ്ചല്‍ വാലിയില്‍ ആണ് സമരം നടക്കുക. കെ. മുരളീധരന്‍ എംപി, സാമൂഹിക പ്രവര്‍ത്തക ദയാ ബായി എന്നിവര്‍ സമരത്തിന്റെ ഭാഗമായുള്ള ഉപവാസത്തില്‍ പങ്കെടുക്കും.