കൊല്ലം; തമിഴ്നാട് തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിക്കു നേരെ ലൈംഗിക അതിക്രമണം നടത്തിയ സംഭവത്തിൽ കൊല്ലം പത്തനാപുരം സ്വദേശി അനീഷിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയെട്ടുകാരനായ ഇയാളെ ചെങ്കോട്ടയിൽ വച്ചാണ് പിടികൂടിയത്. തെങ്കാശിയിൽ പെയിന്റിങ് തൊഴിലാളിയായിരുന്നു.
വ്യാഴാഴ്ച പാവൂർഛത്രം റെയിൽവേ ക്രോസിൽ രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് സംഭവമുണ്ടാകുന്നത്. ഗാര്‍ഡ് റൂമിനകത്ത് ഫോണ്‍ ചെയ്യുന്നതിനിടെ അക്രമി മുറിയില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു. അക്രമി കല്ലുകൊണ്ട് യുവതിയുടെ മുഖത്ത് ഇടിച്ചു. രക്ഷപ്പെടാന്‍ പുറത്തേയ്ക്ക് ഓടിയ യുവതിയെ കടന്നുപിടിക്കുകയും ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി യുവതി മൊഴി നൽകി. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.