മെൽബൺ: വിക്ടോറിയ സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഞായറാഴ്ച രാത്രി ആകാശത്ത് വൻ ഉൽക്ക കണ്ടതായി റിപ്പോർട്ട്. തീപ്പന്തം പോലെ തോന്നിക്കുന്ന വസ്തുവാണ് ആകാശത്ത് കണ്ടതെന്ന് വിക്ടോറിയക്കാർ പറയുന്നു.
നിരവധി ആളുകൾ ഉൽക്ക നേരിട്ട് കണ്ടതിന്റെ അനുഭവം വീഡിയോകൾ സഹിതം സോഷ്യൽ മീഡിയകൾ വഴി പങ്കിട്ടു. “തന്റെ തലക്കു മുകളിൽ വളരെ താഴെയായി വിമാനത്തേക്കാൾ താഴെ ഒരു വസ്തു കണ്ടു. അഗ്നിപർവ്വത ശില പോലെ അത് കാണപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം ഒരു വലിയ പൊട്ടിത്തെറി ശബ്ദം കേട്ടു. എന്റെ വീടും ഭൂമിയും നടുങ്ങി“- ഫ്രയേഴ്സ്ടൗണിലെ സാസ്കിയ റിയൂസ്-സ്മിറ്റ് സോഷ്യൽ മീഡിയയിൽ എഴുതി.
“ആകാശത്തിൽ വളരെ താഴെ നീലയും ചുവപ്പും കലർന്ന നിറത്തിലുള്ള വസ്തു കണ്ടു. നീളത്തിൽ വളരെ വലുതായിരുന്നു. ഞങ്ങളുടെ വീട്ടിനടുത്തുള്ള മലനിരകൾ കാരണം അത് കാഴ്ചയിൽ നിന്ന് മറഞ്ഞു. അടുത്തിടെ ഒരു ഉൽക്കമഴ നടക്കുമെന്ന് സോഷ്യൽ മീഡിയയിൽ വായിച്ചത് പെട്ടന്ന് ഓർത്തു.” മൗണ്ട് ബുള്ളറിലെ പെൻഡർഗാസ്റ്റ് ഹട്ട് പറഞ്ഞു.
ദക്ഷിണ ക്വിൻസ്ലാൻഡ് സർവകലാശാലയിലെ ജ്യോതി ശാസ്ത്രജ്ഞനും ആസ്ട്രോഫിസിസിസ്റ്റുമായ പ്രൊഫ. ജോണ്ടി ഹോർണർ ഇത് ഉൽക്കയാണെന്ന് സ്ഥിരീകരിച്ചു. വസ്തു വളരെ തെളിഞ്ഞതിനാൽ ‘ഫയർബോൾ’ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു. ശുക്ര ഗ്രഹത്തേക്കാൾ തെളിഞ്ഞ ഒരു ഉൽക്ക. അതിന്റെ ചില ഭാഗങ്ങൾ ഭൂമിയിലെത്തിയിരിക്കാം. എന്നാൽ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. ഉൽക്ക കഷണങ്ങൾ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. വിവിധ കോണുകളിൽ നിന്നും ചിത്രങ്ങൾ കിട്ടിയാൽ അതിന്റെ യാത്രാ മാർഗവും വേഗവും കണ്ടുപിടിച്ച് അവ വീണ സ്ഥലങ്ങൾ കണക്കാക്കാൻ കഴിയും,” - ജോണ്ടി ഹോർണർ വ്യക്തമാക്കി.
ഓസ്ട്രേലിയയിൽ ഇത്തരത്തിലുള്ള വലിയ ഉൽക്ക സംഭവങ്ങൾ വർഷത്തിൽ അഞ്ച് മുതൽ പത്ത് തവണ വരെ ഉണ്ടാകുമെന്നാണ് ഹോർണറിന്റെ വെളിപ്പെടുത്തൽ. ദി ഗാർഡിയനടക്കമുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.