മനില : ഫിലിപ്പീൻസിൽ നടന്ന ഒരു അഗ്നിബാധയിൽ കെട്ടിടവും അതിനുള്ളിലെ വസ്തുക്കളും പൂർണമായി നശിച്ചെങ്കിലും തീനാളങ്ങളെ അതിജീവിച്ച് ഒരു പരിശുദ്ധ ബൈബിൾ കേടുകൂടാതെ അവശേഷിച്ചതിൻ്റെ വീഡിയോ പുറത്ത്. ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ ഈ സംഭവം ഒരു ദൈവീക അത്ഭുതമായാണ് ചർച്ചയാവുന്നത്.
ഫിലിപ്പീൻസിലെ ഇലോക്കോസ് സൂറിൽ നടന്ന അഗ്നിബാധയിലാണ് റൂത്ത് മേരി റെപ്പുയാൻ എന്ന കത്തോലിക്കാ വിശ്വാസിയുടെ വീട് പൂർണമായും കത്തി നശിച്ചത്. തീപിടിത്തത്തിന് ശേഷം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് റൂത്ത് കണ്ടെടുത്ത കട്ടിയുള്ള പുറംചട്ടയുള്ള ബൈബിളിന് തീയുടെ ഒരു കേടുപാടും സംഭവിച്ചിട്ടില്ല.
ബൈബിളിന്റെ ഒരു പേജു പോലും കരിയാത്ത നിലയിലായിരുന്നു. ഫിലിപ്പീൻസിലെ നിരവധി മാധ്യമങ്ങളും ക്രിസ്ത്യൻ ചാനലുകളും ഈ വീഡിയോ പങ്കുവെക്കുകയും ഇത് വിശ്വാസത്തിന് കരുത്തേകുന്ന അത്ഭുതമായി വാഴ്ത്തുകയും ചെയ്തു. "സർവ്വതും നശിപ്പിക്കുന്ന അഗ്നിക്ക് പോലും ദൈവവചനത്തെ സ്പർശിക്കാനായില്ല. ഇത് യഥാർത്ഥത്തിൽ ഒരു അത്ഭുതം തന്നെയാണ്" സംഭവസ്ഥലത്തുണ്ടായിരുന്നവർ പ്രതികരിച്ചു.