കൗതുകമായി മനുഷ്യക്കുഞ്ഞിനോളം വലിപ്പമുള്ള തവള

കൗതുകമായി മനുഷ്യക്കുഞ്ഞിനോളം വലിപ്പമുള്ള തവള

ഹോനിയാര: മനുഷ്യനുള്ള നാട്ടുപരിസരങ്ങളില്‍ എല്ലാം തവളയുമുണ്ട്. എന്നാല്‍ ഒരു മനുഷ്യക്കുഞ്ഞിനോളം പോന്ന തവളയെ എത്ര പേര്‍ കണ്ടിട്ടുണ്ട്? അങ്ങനെയൊരു തവളയെ പിടിച്ചുനില്‍ക്കുന്ന കുട്ടിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. തെക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ സോളമന്‍ ദ്വീപുകളുടെ തലസ്ഥാനമായ ഹോനിയാരയ്ക്കു സമീപമാണ് ഈ തവളയെ കണ്ടെത്തിയത്. ജിമ്മി ഹ്യൂഗോയാണ് തവളയുമായി നില്‍ക്കുന്ന കുട്ടിയുടെ ഫോട്ടോ എടുത്തത്.


കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെയാണ് തന്റെ തൊഴിലാളികള്‍ തവളയെ കണ്ടതെന്ന് തടി മില്‍ നടത്തുന്ന ഹ്യൂഗോ പറഞ്ഞു. തവളയുടെ പടമെടുത്ത് ഫേസ്ബുക്കിലിട്ടതോടെ തവളയെക്കുറിച്ചുള്ള അനേ്വഷണങ്ങള്‍ ലോകമെമ്പാടും നിന്നും വന്നു.

ലോകത്തിലെ ഏറ്റവും വലിയ തവളകളിലൊന്നായ കോര്‍ണഫര്‍ ഗുപ്പി എന്ന ഇനമാണ് സോളമന്‍ ദ്വീപുകളില്‍നിന്നു കണ്ടെത്തിയതെന്ന് ജീവശാസ്ത്രജ്ഞന്‍ പാട്രിക് പിക്കാച്ച പറഞ്ഞു. സോളമന്‍ ദ്വീപുകളിലും പാപ്പുവ ന്യൂ ഗ്വിനിയയിലും ഈ തവളകളെ പരമ്പരാഗതമായി മാംസത്തിനായി വേട്ടയാടുന്നുണ്ട്.

ഗോലിയാത്ത് എന്ന പേരില്‍ അറിയപ്പെടുന്ന തവളകളാണ് ഭൂമുഖത്തെ ഏറ്റവും വലിപ്പമേറിയ ഇനം. ആഫ്രിക്കയിലെ കാമറൂണിലെ വന്യമേഖലകളിലാണ് ഇവ കാണപ്പെടുന്നത്. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ 34 സെന്റീമീറ്റര്‍ വരെ നീളവും മൂന്നേകാല്‍ കിലോഗ്രാം വരെ തൂക്കവുമുണ്ടാകും.

അടുത്ത കാലത്തായി സോളമന്‍ ദ്വീപുകളില്‍ കോര്‍നഫര്‍ ഗുപ്പിയുടെ എണ്ണം വളരെയധികം കുറഞ്ഞതായി ഡോ. പിക്കാച്ച പറഞ്ഞു. വേട്ടയാടലിനേക്കാള്‍ ഉപരി അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്കു നേരേ ഉയര്‍ന്ന ഭീഷണികളാണ് എണ്ണം കുറയാന്‍ കാരണം.
മനുഷ്യര്‍ വസ്ത്രങ്ങള്‍ കഴുകാന്‍ അരുവികള്‍ ഉപയോഗിച്ചപ്പോള്‍ ഡിറ്റര്‍ജന്റുകളിലെ രാസവസ്തുക്കള്‍ തവളകളുടെ സെന്‍സിറ്റീവായ ചര്‍മ്മത്തെ ദോഷകരമായി ബാധിച്ചു. അവ വളരെ അപൂര്‍വ വസ്തുവായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.