കൊച്ചി: മന്നത്ത് പദ്മനാഭന്റെ കൈപിടിച്ച് പൊതുമണ്ഡലത്തിലെത്തിയ ആര്‍. ബാലകൃഷ്ണ പിള്ള ശത്രുക്കളുടെ കല്ലേറിനു മുന്നില്‍ കുനിയാത്ത തലയെടുപ്പോടെ നിന്ന നേതാവായിരുന്നു. രാഷ്ട്രീയ ജീവിതം കയറ്റിറക്കങ്ങളുടേതും. 1947ല്‍ വാളകം ഹൈസ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്റ്റുഡന്റ്‌സ് യൂണിയനില്‍ പി.കെ.വിയില്‍ നിന്ന് നാല് ചക്രത്തിന്റെ അംഗത്വമെടുത്ത് തുടങ്ങിയതാണ് രാഷ്ട്രീയ ജീവിതം.
കമ്യൂണിസ്റ്റുകാരനായി ആരംഭിച്ച രാഷ്ട്രീയബോധം യൗവനത്തില്‍ കോണ്‍ഗ്രസിലേക്ക് വഴിമാറി. 'കീഴൂട്ട് ഒരു കുഞ്ഞുമരിച്ചാല്‍ അതിനെ അടക്കണമെങ്കില്‍ ഞങ്ങളുടെ അനുവാദം വേണമെന്ന്' വാളകത്ത് വീട്ടുമുറ്റത്തുനിന്ന് കെ.ആര്‍ ഗൗരിയമ്മ പ്രസംഗിച്ചത് പിള്ളയുടെ മനസില്‍ കനലായി. മന്നത്ത് പദ്മനാഭന്റെ ആശീര്‍വാദത്തോടെ സമുദായ പ്രവര്‍ത്തനത്തിനിറങ്ങി.
പത്തനാപുരത്ത് അധ്യാപകനായ എന്‍.രാജഗോപാലന്‍ നായര്‍ക്കെതിരേ 1960ല്‍ കന്നിയങ്കത്തിനിറങ്ങുമ്പോള്‍ മീശമുളയ്ക്കാത്തവന്‍ എന്നായിരുന്നു കമ്യൂണിസ്റ്റ് നേതാവ് പി.ടി പുന്നൂസിന്റെ ആക്ഷേപം. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ജയിച്ചുകയറിയ പിള്ളയുടെ രാഷ്ട്രീയക്കുതിപ്പാണ് പിന്നെക്കണ്ടത്. 1960, 65, 77, 80, 82, 87, 91, 96, 2001 വര്‍ഷങ്ങളില്‍ നിയമസഭയിലേക്കും. 1971ല്‍ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ട്രാന്‍സ്‌പോര്‍ട്ട്, എക്‌സൈസ്, ജയില്‍, വൈദ്യുതി വകുപ്പുകളുടെ മന്ത്രിയായി.
1964 മുതല്‍ 87 വരെ ഇടമുളയ്ക്കല്‍ പഞ്ചായത്തിന്റെയും 1987 മുതല്‍ 95 വരെ കൊട്ടാരക്കര പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു. കെ.പി.സി.സി, എ.ഐ.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റികളില്‍ അംഗമായിരുന്ന പിള്ള പി.ടി ചാക്കോ എന്ന രാഷ്ട്രീയ ഗുരുവിനെ മനസില്‍ പ്രതിഷ്ഠിച്ചിരുന്നു.
ആര്‍. ശങ്കര്‍ മന്ത്രിസഭയ്‌ക്കെതിരായ അവിശ്വാസ പ്രമേയത്തിനനുകൂലമായി വോട്ടു ചെയ്തത് പി.ടി ചാക്കോയെ പിന്നില്‍നിന്ന് കുത്തിയവര്‍ക്കുള്ള മറുപടിയായിരുന്നു. കേരള കോണ്‍ഗ്രസിന്റെയും കേരളത്തിലെ യു.ഡി.എഫിന്റെയും സ്ഥാപക നേതാവായി പിന്നീട് പിള്ള വളര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ നിന്നിറങ്ങിയ പിള്ള ജയില്‍ മന്ത്രിയാകുന്നതും കേരളം കണ്ടു.
കേരള കോണ്‍ഗ്രസുകള്‍ തലങ്ങും വിലങ്ങും പിളര്‍ന്നപ്പോഴും പിള്ള വളര്‍ന്നു. കേരളത്തിന് നല്‍കാമെന്ന് കേന്ദ്രം ഏറ്റിരുന്ന റെയില്‍വേ കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് മാറ്റിയതിന്റെ പ്രതിഷേധം പഞ്ചാബ് മോഡല്‍ പ്രസംഗം എന്ന വിവാദത്തിലും മന്ത്രി സ്ഥാനത്തുനിന്നുള്ള രാജിയിലേക്കും എത്തിയത് രാഷ്ട്രീയ കേരളം മറക്കില്ല.
1980-81 ല്‍ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിള്ള, തുടര്‍ന്നുവന്ന കരുണാകരന്‍ മന്ത്രിസഭയിലും വൈദ്യുതി മന്ത്രിയായി. ഇടുക്കി രണ്ടാംഘട്ടം, ലോവര്‍ പെരിയാര്‍, ഇടമലയാര്‍, കക്കാട്, കുറ്റ്യാടി, അഴുത, നാരകക്കാനം തുടങ്ങി ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ യാഥാര്‍ഥ്യമായത് ഈ കാലയളവിലായിരുന്നു. ഇതില്‍ ഇടമലയാര്‍ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത പൊട്ടായി മാറി. നാടിനെ സേവിച്ചതിന് രാഷ്ട്രീയ ശത്രുക്കള്‍ വാങ്ങി നല്‍കിയത് ജയില്‍ ജീവിതമാണെന്ന് പിള്ള ഇതേക്കുറിച്ചു പറയുന്നു.
കൊട്ടാരക്കരയില്‍ കൊടിക്കുന്നിലിന്റെ ഉദയത്തോടെ കോണ്‍ഗ്രസുമായുള്ള പിള്ളയുടെ ബന്ധത്തില്‍ വിള്ളലുകളുണ്ടായി. 2006ല്‍ കൊട്ടാരക്കരയില്‍ പരാജയപ്പെട്ടത് ഒപ്പം നില്‍ക്കുന്നവര്‍ ചതിച്ചതിനാലാണെന്ന് പിള്ള ഉറച്ചുവിശ്വസിച്ചു. പാര്‍ട്ടിക്കുള്ളില്‍ മകനുമായുണ്ടായ ഭിന്നത കേരള കോണ്‍ഗ്രസി(ബി)ല്‍ പിളര്‍പ്പിന്റെ വക്കോളമെത്തിയെങ്കിലും പിള്ളയെന്ന രാഷ്ട്രീയ ചാണക്യനു മുന്നില്‍ വിമതരും മകനും മുട്ടു മടക്കുന്ന കാഴ്ച കേരളം കണ്ടു.
മകന്റെ മന്ത്രിസ്ഥാനം കളയാന്‍ വാശിപിടിച്ച അതേ പിള്ളതന്നെ അത് തിരികെക്കിട്ടാന്‍ വാശി പിടിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി വാക്കുതെറ്റിച്ചപ്പോള്‍ മൂന്നരപ്പതിറ്റാണ്ടു നീണ്ട യു.ഡി.എഫ്. ബാന്ധവം ഉപേക്ഷിക്കാനും പിള്ള മടിച്ചില്ല. അങ്ങനെയാണ് ഇടത് മുന്നണിയുടെ ഭാഗമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.