സിഡ്‌നി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്ന് ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തുന്ന പൗരന്മാര്‍ക്ക് അഞ്ചു വര്‍ഷം തടവിനൊപ്പം കനത്ത പിഴയും ഏര്‍പ്പെടുത്തിയ നിയമം വലിയ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. ലോകം രൂക്ഷമായ കോവിഡ് വ്യാധിയില്‍ ദുരിതമനുഭവിക്കുമ്പോള്‍ ഒരു രാജ്യം തന്നെ സ്വന്തം പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിലെ വിവേചനമാണ് പരക്കെ വിമര്‍ശിക്കപ്പെടുന്നത്.
രാജ്യത്തെ പൗരന്മാരുടെ രക്ഷയ്ക്കായി മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് ഈ നടപടികളെന്നു ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ന്യായീകരിക്കുമ്പോഴും ബയോസെക്യൂരിറ്റി ആക്ടിന്റെ അടിസ്ഥാനത്തിലുള്ള ശിക്ഷാ നടപടികള്‍ക്കു നിയമസാധുതയുണ്ടോ എന്ന് രാജ്യത്തിന്റെ പല കോണുകളില്‍നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
ഫെഡറല്‍ സര്‍ക്കാരിന്റെ നടപടി അധാര്‍മികവും ഓസ്‌ട്രേലിയയ്ക്കു നിരക്കാത്തതുമാണെന്ന് മുന്‍ റേസ് ഡിസ്‌ക്രിമിനേഷന്‍ കമ്മിഷണര്‍ കൈലി മൂര്‍ ഗില്‍ബര്‍ട് കുറ്റപ്പെടുത്തി.
ആദ്യം ഇന്ത്യയില്‍ നിന്നുളള എല്ലാ വിമാന സര്‍വീസുകളും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു മാര്‍ഗങ്ങള്‍ വഴി ഓസ്‌ട്രേലിയയില്‍ എത്താന്‍ ശ്രമിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയും ബാധകമാക്കിയത്. ഇതോടെ അടുത്തയിടെ ഇന്ത്യയിലെത്തിയ നിരവധി ഓസ്‌ട്രേലയിന്‍ പൗരന്‍മാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് എന്നു മടങ്ങിയെത്താന്‍ കഴിയുമെന്നു പോലും തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥയായി.
ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രവിലക്ക് താല്‍കാലികവും ഒഴിവാക്കാനാകാത്തതുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. ഓസ്‌ട്രേലിയയില്‍ ക്വാറന്റീനില്‍ കഴിയുന്ന പോസിറ്റീവ് കേസുകളില്‍ അമ്പത്തിയേഴ് ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നു വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു. ഇത് ആരോഗ്യമേഖലയ്ക്ക് വലിയ ഭാരമാണു സൃഷ്ടിക്കുന്നത്.
2020 ന്റെ തുടക്കത്തില്‍ ചൈനയുടെ അതിര്‍ത്തി അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴുണ്ടായ വിമര്‍ശനങ്ങള്‍ക്കു തുല്യമാണ് ഇപ്പോഴത്തെ വിമര്‍ശനങ്ങളെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഇന്ത്യയില്‍ നിന്ന് ആദ്യം പൗരന്മാരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇപ്പോള്‍ തിരിച്ചെത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷയും അറുപത്തിയാറായിരം ഡോളര്‍ പിഴശിക്ഷയുമെന്ന വ്യവസ്ഥ ഇന്ത്യയില്‍ കുടുങ്ങിപ്പോയ ഓസ്‌ട്രേലിയന്‍ പൗരന്‍മാരെ ഈ ദുരന്ത ഘട്ടത്തില്‍ മാനസികമായി ഏറെ തളര്‍ത്തുന്നതാണെന്നു കൈലി മൂര്‍ ഗില്‍ബേര്‍ട്ട് കുറ്റപ്പെടുത്തി.
യാത്രാവിലക്ക് ഈ മാസം 15 വരെ തുടരാനാണ് നിലവിലെ തീരുമാനം. ഇന്ത്യയിലെ രോഗവ്യാപനത്തിന്റെ തോത് മനസിലാക്കിയശേഷമേ വിലക്ക് തുടരണോയെന്ന കാര്യത്തില്‍ തീരുമാനമാകൂ.
സ്വന്തം പൗരന്‍മാരെപ്പോലും വിലക്കിയ ഓസ്‌ട്രേലിയയുടെ നടപടി രാജ്യാന്തര ചട്ടങ്ങളുടെ ലംഘനാണെന്ന് കരുതുന്ന നിയമവിദഗ്ധരുമുണ്ട്. നിലവില്‍ രാജ്യത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വറന്റീന്‍ സൗകര്യം അടക്കമുളളവയുളളപ്പോള്‍ എന്തിനാണ് ഇത്തരമൊരു വ്യവസ്ഥയെന്നാണ് പലരും ചോദിക്കുന്നത്. ഇക്കാര്യത്തിലുളള ആശങ്ക സര്‍ക്കാരിനെ അറിയിക്കുമെന്ന് ഓസ്‌ട്രേലിയന്‍ മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു. ഇത് ഓസ്‌ട്രേലയന്‍ പൗരന്‍മാരുടെ മനുഷ്യാവകാശത്തിന്‍ മേലുളള കടന്നുകയറ്റമാണെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ കൊണ്ടുവന്ന വിലക്ക് വിവേചനപരമല്ലെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയുണ്ടെന്ന് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇത്തരം വിലക്കുകള്‍ പൊതു ബോധത്തിനുമുന്നില്‍ നീതികരിക്കപ്പെടുന്നതാകണം. രാജ്യത്ത് നിലവിലുളള പൗരന്‍മാരുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇത് മാത്രമാണ് വഴിയെങ്കിലും അത് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നു കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.