വെല്ലിംഗ്ടണ്‍: ആഗോളതലത്തില്‍ സ്വാധീനശക്തിയായി വളരുന്ന ചൈനയുടെ താല്‍പ്പര്യങ്ങളുമായി യോജിച്ചുപോകുന്നത്് ന്യൂസിലന്‍ഡിന് കൂടുതല്‍ പ്രയാസകരമായി മാറുന്നുവെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍. ഓക് ലന്‍ഡില്‍ നടന്ന ചൈന ബിസിനസ് ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള ന്യൂസിലന്‍ഡിന്റെ സഖ്യകക്ഷികളും ചൈനയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായമെന്നത് ശ്രദ്ധേയമാണ്.
ലോകത്ത് ചൈനയുടെ പ്രാമുഖ്യം വര്‍ധിക്കുന്നതിനനുസരിച്ച് ഇരു രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ യോജിച്ചുപോകുന്നത് കൂടുതല്‍ പ്രയാസകരമാവുകയാണ്. അതേസമയം, നിലപാടുകളില്‍ വിരുദ്ധ സമീപനങ്ങള്‍ പുലര്‍ത്തിയാലും ചൈന-ന്യൂസിലന്‍ഡ് ബന്ധത്തെ അതു ബാധിക്കുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ പങ്കെടുത്ത ന്യൂസിലന്‍ഡിലെ ചൈന അംബാസഡര്‍ വു ഷി, ചൈനയുടെ ആഭ്യന്തര വിഷയങ്ങളില്‍ ന്യൂസിലന്‍ഡ് ഇടപെടാതിരിക്കുക എന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകാതിരിക്കാനുള്ള മാര്‍ഗമെന്നു മുന്നറിയിപ്പ് നല്‍കി. ഹോങ്കോങ്ങും ഷിന്‍ജിയാങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൈനയുടെ ആഭ്യന്തര കാര്യങ്ങളാണ്. ഇക്കാര്യത്തില്‍ ന്യൂസിലന്‍ഡ് യുക്തിപൂര്‍വം പ്രവര്‍ത്തിക്കുമെന്നാണു കരുതുന്നതെന്ന് വു ഷി പറഞ്ഞു.
ചൈനയക്കെതിരേ നയം സ്വീകരിക്കാന്‍ ഓസ്ട്രേലിയ, ബ്രിട്ടന്‍, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഫൈവ് ഐസ് (അഞ്ച് കണ്ണുകള്‍) ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി സഖ്യകക്ഷികളില്‍നിന്ന് ന്യൂസിലന്‍ഡ് സമ്മര്‍ദം നേരിടുന്നുണ്ട്. ചൈന സ്വന്തം രാജ്യത്തുള്ളവരെ അടിച്ചമര്‍ത്തുകയും വിദേശത്ത് ആക്രമണാത്മക സമീപനവുമാണ് പുലര്‍ത്തുന്നതെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
നേരത്തെ ന്യൂസിലന്‍ഡിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയെ പിന്തുണച്ച് വിദേശകാര്യ മന്ത്രി നാനയ മഹുത്ത നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യാന്തര തലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ചൈനയെ സമ്മര്‍ദത്തിലാക്കി ഫൈവ് ഐസിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനെതിരേയാണ് മഹുത്ത അഭിപ്രായപ്രകടനം നടത്തിയത്. ഹോങ്കോംഗ് സംബന്ധിച്ച ചൈനയുടെ പ്രസ്താവനകളും ഷിന്‍ജിയാങിലെ ഉയിഗര്‍ വംശജര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഫൈവ് ഐസ് വിമര്‍ശനവിധേമാക്കുന്നതാണ് ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രിയെ അസ്വസ്ഥമാക്കിയത്.
എന്നാല്‍, ഇത്തരം വിഷയങ്ങള്‍ ന്യൂസിലന്‍ഡ് വ്യക്തിപരമായും സഖ്യകക്ഷികളിലൂടെയും തുടര്‍ന്നും ഉയത്തിക്കാട്ടുമെന്ന് ആര്‍ഡെന്‍ ഉച്ചകോടിയില്‍ പറഞ്ഞു. ചൈനയുമായുള്ള ബന്ധം സുഗമമായി കൈകാര്യം ചെയ്യുന്നത് എല്ലായ്‌പ്പോഴും എളുപ്പമല്ലെന്നും അവര്‍ പറഞ്ഞു. ഇത് ന്യൂസിലന്‍ഡ് മാത്രം നേരിടുന്ന പ്രശ്‌നമല്ല. ഇന്തോ-പസഫിക് മേഖലയിലുള്ള മറ്റ് പല രാജ്യങ്ങളും യൂറോപ്പും നേരിടുന്ന വെല്ലുവിളിയാണ്.
കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച് ചൈനക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തണമെന്ന് ഓസ്ട്രേലിയ ആവശ്യമുന്നയിച്ചശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം വഷളായിരുന്നു്. പ്രതികാര നടപടിയെന്നോളം ഓസ്‌ട്രേലിയന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചൈന കുറച്ചു.
ന്യൂസിലന്‍ഡിന്റെ സൗഹൃദ രാജ്യങ്ങളോട് ചൈന എങ്ങനെ പെരുമാറി എന്നത് പ്രധാനമാണെന്ന് ആര്‍ഡെന്‍ പറഞ്ഞു. ചൈനയോട് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും സ്വീകരിക്കുന്ന നിലപാടുകളിലെ വ്യത്യസ്തയും ഇതോടെ ചര്‍ച്ചയാവുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26