അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി മമത

അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി മമത

കൊല്‍ക്കത്ത: അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി മമത ബാനര്‍ജി. ബംഗാളില്‍ തെരഞ്ഞെടുപ്പിന് മുന്‍പായി സ്ഥാനത്ത് നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്ത ഉദ്യോഗസ്ഥരടക്കം 29 പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു. ഡിജിപി ചുമതലയില്‍ നിന്നും നീക്കം ചെയ്ത ഡി.ജി വീരേന്ദ്രയെ ആ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു. ഫെബ്രുവരി 27ന് (എഡിജി ലോ ആന്റ് ഓര്‍ഡര്‍) അഗ്‌നി രക്ഷാ വകുപ്പിലേക്ക് മാറ്റിയ ജാവേദ് ഷമീമിനെയും സസ്‌പെന്‍ഷനിലായിരുന്ന ഡയറക്ടര്‍ സെക്യൂരിറ്റി വിവേക് സഹായിയെയും തല്‍സ്ഥാനത്തേക്ക് തന്നെ നിയമിച്ചതായി ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നു.

ഏപ്രില്‍ 10 ന് സിതാല്‍കുച്ചി നിയോജകമണ്ഡലത്തില്‍ നടന്ന വോട്ടെടുപ്പിനിടെ സിഐഎസ്എഫ് വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂച്ച് ബെഹാര്‍ എസ്.പി ദേബാഷിസ് ധറിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സി.ഐ.ഡി അന്വേഷണത്തിനും മമത ഉത്തരവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് എ.ഡി.ജി സെക്യൂരിറ്റിയായി പ്രവര്‍ത്തിച്ചിരുന്ന ഗ്യാന്‍വന്ത് സിങ്ങിന് പഴയ സ്ഥാനം തിരികെ ലഭിച്ചു. സായുധ പൊലീസിന്റെ എ.ഡി.ജിയുടെയും ഐ.ജി.പിയുടെയും അധിക ചുമതല അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. സഞ്ജയ് സിങ്ങിനെ വെസ്റ്റേണ്‍ റേഞ്ചിലെ എ.ഡി.ജിയും ഐ.ജിയും ആയി നിയമിച്ചു. പൊലീസിന്റെ കാര്യക്ഷമതയില്ലായ്മയില്‍ താന്‍ അസന്തുഷ്ടയാണെന്ന് മമത സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഭരണം എന്റെ നിയന്ത്രണത്തിലായിരുന്നില്ല. അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലായിരുന്നു. അതിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.