തിരുവനന്തപുരം: അതിതീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. ഇന്ന് രാവിലെ ആറ് മുതല്‍ 16ന് അര്‍ധരാത്രി വരെയാണ് ലോക്ക്ഡൗണ്‍. വീടുകള്‍ക്കുള്ളിലും കര്‍ശന കോവിഡ് സുരക്ഷ പാലിക്കണമെന്നാണ് നിര്‍ദേശം.
അത്യാവശ്യ കാര്യങ്ങള്‍ക്കു പുറത്തുപോകേണ്ടവര്‍ക്കു പൊലീസിന്റെ പാസ് നിര്‍ബന്ധമാണ്. പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വൈകിട്ടോടെ നിലവില്‍ വരും. ഇന്നത്തെ യാത്രക്ക് സത്യവാങ്മൂലം കരുതണമെന്നും പൊലീസ് അറിയിച്ചു.
വീട്ടുജോലിക്കാര്‍, ദിവസവേതന തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ജോലിക്ക് പോകാനായി യാത്രാ പാസ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നല്‍കണം. അവശ്യ വിഭാഗത്തിലുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം.
റസ്റ്ററന്റുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഏഴരവരെ പാഴ്‌സല്‍ നല്‍കാം. ആവശ്യക്കാര്‍ക്ക് സാമൂഹിക അടുക്കളവഴിയും ജനകീയ ഹോട്ടല്‍ വഴിയും ഭക്ഷണം നല്‍കും. മറ്റു ജില്ലകളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണം.അത്യാവശ്യമാണെങ്കില്‍ സത്യപ്രസ്താവന കരുതണം. പേരും മറ്റു വിവരങ്ങളും യാത്രാ ഉദ്ദേശ്യവും ഉള്‍പ്പെടുത്തി സ്വയം തയാറാക്കിയ സത്യവാങ്മൂലം കരുതണം. ഇതു ദുരുപയോഗം ചെയ്താല്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരും. ജില്ല വിട്ടുള്ള യാത്രയ്ക്കു പാസ് ഏര്‍പ്പെടുത്തിയിട്ടില്ല.
ചരക്കു നീക്കത്തിനും അടിയന്തര സേവനങ്ങള്‍ക്കും മാത്രമേ സംസ്ഥാനാന്തര യാത്ര അനുവദിക്കൂ. ഇവര്‍ കോവിഡ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവരും ഇതില്‍ റജിസ്റ്റര്‍ ചെയ്യണം; അല്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം.
ട്രെയിനും വിമാനവുമൊഴികെ പൊതുഗതാഗതമില്ല. അവശ്യ വസ്തുക്കളും മരുന്നും വാങ്ങാനും അവശ്യസര്‍വീസുകള്‍ക്കും മാത്രമേ സ്വകാര്യ വാഹനം പുറത്തിറക്കാവൂ. അടിയന്തര വൈദ്യ സഹായത്തിനും ട്രെയിന്‍, വിമാന യാത്രക്കാരെ കൊണ്ടുപോകാനും ടാക്‌സി / ഓട്ടോ സര്‍വീസാകാം. യാത്രാ രേഖ വേണം. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസും ഇങ്ങനെ നടത്താം.
കോവിഡ് വാക്‌സീന്‍ എടുക്കേണ്ടവര്‍, ആശുപത്രി കൂട്ടിരിപ്പുകാര്‍, കോവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വീട്ടുജോലിക്കാര്‍, പ്രായമായവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവര്‍ എന്നിവര്‍ക്കും യാത്ര ചെയ്യാം. അഭിഭാഷകര്‍ക്കും ക്ലാര്‍ക്കുമാര്‍ക്കും കോടതിയിലേക്കും തിരിച്ചും യാത്ര ചെയ്യാം.
അച്ചടി, ദൃശ്യ മാധ്യമങ്ങള്‍, ടെലികോം, ഇന്റര്‍നെറ്റ് കമ്പനികള്‍, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കു പ്രവര്‍ത്തിക്കാം. ടോള്‍ ബൂത്തുകള്‍, മറൈന്‍ ഫിഷിങ്, സാന്ത്വന പരിചരണ വിഭാഗം, കുറിയര്‍ സര്‍വീസ് എന്നിവയ്ക്കും തടസമില്ല.
അടിയന്തര പ്രധാനമല്ലാത്ത വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടും. അവശ്യവസ്തുക്കളും കയറ്റുമതി ഉല്‍പന്നങ്ങളും നിര്‍മിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും 24 മണിക്കൂറുമുള്ള ഉല്‍പാദന യൂണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം. അവശ്യ ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, കയറ്റുമതി ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കായുള്ള പായ്ക്കിങ് യൂണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം.
നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ 25,000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും. വാഹനം പിടിച്ചെടുക്കും. നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കലക്ടര്‍മാര്‍ സെക്ടറല്‍ മജിസ്‌ട്രേട്ടുമാരെയും ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെയും നിയോഗിച്ചു. ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുടെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.