കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമവ്യവസ്ഥയോ?

കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമവ്യവസ്ഥയോ?

കാവൽ ആകേണ്ടവൻ കാലൻ ആയി മാറുന്നുവോ?.. അതെ അതുകൊണ്ട് തന്നെയാണ് ഇവിടെ കിരാതമായ പലതും അരങ്ങേറുന്നത്.. അത് നോക്കി നിൽക്കുവാൻ സാക്ഷരകേരളമേ നിനക്കു ലജ്ജയില്ലേ.. 

മണ്ണിൻറെ പേരിൽ, പെണ്ണിൻറെ പേരിൽ, ആണിന്റെ പേരിൽ, സംഘടനയുടെ പേരിൽ,ദേശത്തിൻറെ പേരിൽ,വംശത്തിന്റെ പേരിൽ, സ്വർണ്ണത്തിൻറെ പേരിൽ, ജാതിയുടെ പേരിൽ, കൊടിയുടെ പേരിൽ, സ്വാർത്ഥതയുടെ പേരിൽ, ജീവൻ ഹനിക്കുന്ന, ചോര മണക്കുന്ന ഒരു ഭൂമി സൃഷ്ടിക്കപ്പെടുമ്പോൾ മൗനം തുടരാനാവുന്നില്ല..

കണ്ണൂർ തയ്യിൽ ഒന്നരവയസ്സുകാരനെ അമ്മ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയതും അട്ടപ്പാടിയിൽ തല്ലിക്കൊന്ന മധു എന്ന ആദിവാസി യുവാവും മകനെ തലക്കടിച്ചു കൊന്ന് മൃതദേഹം കൊക്കയിൽ തള്ളിയ പിതാവും പയ്യാവൂരിൽ മകനെ കുത്തികൊലപ്പെടുത്തിയ പിതാവും സുഹൃത്തിനെ കൊന്നു കിണറ്റിൽ തള്ളിയവരും കാമുകിയെ കൊലപ്പെടുത്തിയ കാമുകനും സഹോദരിയെ കൊന്ന സഹോദരനും അപ്പനും അമ്മയ്ക്കും വിഷംകൊടുത്ത മകനും കസ്റ്റഡിമരണത്തിന് ഇരയായ പൊന്നു മത്തായിയും എല്ലാം കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ടേയിരിക്കുന്നു. ബന്ധങ്ങൾ ബന്ധനമായി മനുഷ്യൻ കരുതാൻ തുടങ്ങിയതുമുതൽ സ്വന്തം ജീവൻറെ വില അപരന്റെ ജീവനും ഉണ്ട് എന്ന സത്യം മറക്കാൻ തുടങ്ങിയതു മുതൽ ദൈവത്തിൻറെ സ്വന്തം നാട് നരഭോജികളും കാട്ടാളന്മാരും അടക്കിവാണു തുടങ്ങി..

ഭ്രൂണഹത്യയും ദയാവധവും എല്ലാം കൊലപാതകത്തിന്റെ പര്യായപദങ്ങൾ തന്നെയാണ് എന്ന തിരിച്ചറിവ് എന്തേ മനുഷ്യനില്ലേ!! ജീവനെ സംരക്ഷിക്കുന്ന ആരോഗ്യകരമായ നിയമഭേദഗതികൾ വേണം,, എന്നാൽ ജീവനെ ഹനിക്കുന്ന തിന്മയ്ക്ക് കുടപിടിക്കുന്ന നിയമഭേദഗതികൾ അനാരോഗ്യകരമായി പ്രാവർത്തികമാകുമ്പോൾ ജീവൻറെ മൂല്യവും മനുഷ്യൻറെ മൂല്യങ്ങളും തന്നെയാണ് നഷ്ടമാകുന്നത്..

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ജനതയെ സൃഷ്ടിക്കേണ്ട രാഷ്ട്രീയ മേഖല കൊലപാതകികളെയും രക്തസാക്ഷികളെയും സൃഷ്ടിക്കുവാൻ മത്സരിക്കുമ്പോൾ ജീവന്റെ മൂല്യം മാത്രമല്ല നഷ്ടമാകുന്ന മൂല്യങ്ങൾ കൂടി വിചിന്തന വിഷയമാകണം. കൊലപാതകങ്ങളെ രാഷ്ട്രീയ കൊലപാതകം എന്ന ഓമന പേരിട്ട് വിളിച്ചാലും അതൊന്നും കൊലപാതകം ആവാതെ ആവുന്നില്ല,, മനുഷ്യൻറെ നരനായാട്ട് ആവാതെ ആവുന്നില്ല.. സ്വാതന്ത്രാനന്തര ഇന്ത്യയിൽ 1948 -ൽ രാഷ്ട്രീയ കൊലപാതകം സൃഷ്ടിച്ച മൊയ്യാരത്ത് ശങ്കരൻ എന്ന രക്തസാക്ഷി തുടങ്ങി 2020 തിരുവോണനാളിൽ അരങ്ങേറിയ വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം വരെ വിരൽചൂണ്ടുന്നത് എന്റെയും നിന്റെയും ജീവനും ജീവിതവും സുരക്ഷിതമല്ല എന്ന് തന്നെയാണ്.

മൊയ്യാരത്ത് ശങ്കരൻ കുട്ടിയും ടി പി ചന്ദ്രശേഖരനും കനകരാജും പള്ളൂരിലെ കണ്ണിപ്പൊയിൽ ബാബുവും എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു മനോഹരനും കാസർഗോഡ് പെരിയയിലെ ശരത് ലാലും കൃപേഷും കൊല്ലം ചിതിരയിലെ ബഷീറും തൃശ്ശൂർ പൂന്നയിലെ നൗഷാദും മലപ്പുറം താനൂരിലെ ഇസ്‌ഹാഗും ആദർശ്ശ് കുറ്റിക്കാടും വെഞ്ഞാറന്മൂട് ഇരട്ടക്കൊലപാതകത്തിന് ഇരയായ ഹഖ് മുഹമ്മദും മിഥിരാജും അരങ്ങുവാഴുന്ന രാഷ്ട്രീയ കൊലപാതകത്തിന്റെ രക്തസാക്ഷികളിൽ ചിലതുമാത്രം.. 2006 മുതൽ 2018 വരെ 112 പേരെ രക്തസാക്ഷികൾ ആക്കി രാഷ്ട്രീയ കൊലപാതകം അരങ്ങു തകർത്താടി.. 2016 മുതൽ ഇങ്ങോളം 21 പേർ.. ഇവിടെ നിങ്ങൾ രാഷ്ട്രീയം പറയരുത്.. ഭരണപക്ഷം പ്രതിപക്ഷം ആണ് ഇതിന് കാരണമെന്നും പ്രതിപക്ഷം ഭരണപക്ഷം ആണ് ഇതിന് കാരണമെന്നും പറയരുത്.. ആരുടെയൊക്കെയോ തലവെട്ടി പൊളിക്കുകയും ആരുടെയൊക്കെയോ തല മണ്ണിലൂടെ ഉരുളുകയും ചെയ്യുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് രക്തസാക്ഷികൾ മാത്രമല്ല, മറിച്ച് വിധവകളും അനാഥരും കൂടിയാണ്..

ഈ യാഥാർത്ഥ്യങ്ങൾ ഒക്കെ തുറന്നവതരിപ്പിക്കുവാൻ ഞങ്ങൾ ശ്രമിക്കുമ്പോഴും മറുവശത്തെ നന്മയുള്ള കേരളത്തെയും ഞങ്ങൾ കാണാതെ പോകുന്നില്ല.. സഹായത്തിനായി കൈ നീട്ടുന്നവരെ നെഞ്ചോടു ചേർത്ത് പിടിച്ച മലയാളികളെയും തങ്ങളുടെ വയറുകൾ വരിഞ്ഞു മുറുക്കി കൊണ്ട് മക്കൾക്കുവേണ്ടി ജീവിക്കുന്ന മാതാപിതാക്കളെയും നിസ്വാർത്ഥമായി സമൂഹത്തെ സേവിക്കുന്നവരെയും സ്നേഹിക്കുന്നവരെയും കരിപ്പൂര് ദുരന്ത മുഖത്തും പ്രളയ മുഖത്തും നമ്മൾ കണ്ടെത്തിയ നന്മയുള്ള മുഖങ്ങളെയും കോവിഡ് മഹാമാരിയെ അതിജീവിക്കാൻ ഒന്നിച്ച് പടപൊരുതുന്ന ജനതയെയും അപരന്റെ ജീവന് സ്വന്തം ജീവനേക്കാൾ വില നല്കുന്നവരെയും ഞങ്ങൾ കാണാതെ പോകുന്നില്ല.. പക്ഷേ ഇവ കേരളത്തിൻറെ ന്യൂനപക്ഷം ആകാതെ മഹാഭൂരിപക്ഷം ആകുവാൻ അങ്ങനെ നന്മയുള്ള കേരളത്തെ പടുത്തുയർത്തുവാൻ നമുക്ക് സാധിക്കണം...

ഓർക്കുക, തിരിച്ചറിവുകളാണ് പ്രധാനം.. തിരുത്തലുകൾ ആണ് അനിവാര്യം..

മതിയാക്കാം നമുക്ക് ഈ ചോരക്കളി. കർമോൽസുലരായ യുവത്വം പ്രതിജ്ഞ എടുക്കേണ്ട ഒന്നുണ്ട്.. എൻറെ കൈ ഒരാളുടെയും ജീവൻ എടുക്കുകയും എടുപ്പിക്കുകയും ചെയ്യില്ല എന്ന്,, ഒരാളുടെയും ജീവഹാനിക്ക് ഞാൻ കരണമാവില്ല എന്ന്.. ജീവന് കാവലാകാൻ നമ്മുടെ കരങ്ങൾ ഒന്നിക്കട്ടെ.. നിർഭയരായി ജന്മം കൊള്ളുവാനും ജനിക്കുവാനും വളരുവാനും ജീവിക്കുവാനും ജീവിച്ചു തീർക്കുവാനും സാധിക്കുന്ന ഒരു നല്ല നാളെ ഉദയം ചെയ്യട്ടെ.. ജീവന്റെ മൂല്യം വിജയം നേടട്ടെ..

ഡെൽന & ചിഞ്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.