നസറത്ത് എന്ന ചെറിയ ഗ്രാമം അന്നു പതിവുപോലെ ശാന്തമായിരുന്നു. മണ്ണുവഴികളിലൂടെ കാറ്റ് സാവധാനം ഒഴുകി, ഒലിവ് മരങ്ങളുടെ ഇലകൾ പ്രാർത്ഥനപോലെ ഇളകി. ആ ഗ്രാമത്തിലെ ഒരു ലളിതമായ വീട്ടിൽ, യുവതിയായ മറിയം ദൈവസ്മരണയിൽ മുഴുകി ഇരിക്കുകയായിരുന്നു. അവളുടെ ജീവിതം ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നില്ല.. എന്നാൽ അവളുടെ ഹൃദയം ദൈവത്തിനായി തുറന്നതായിരുന്നു.
മറിയം പലപ്പോഴും തന്റെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചു. യൗസേപ്പിനൊപ്പം ഒരു സാധാരണ കുടുംബജീവിതം.. ദിവസേനയുള്ള കഷ്ടപ്പാടുകൾ.. ഇതായിരുന്നു അവൾ കണ്ട സ്വപ്നം. പക്ഷേ അവൾക്കറിയാമായിരുന്നു, ദൈവത്തിന്റെ വഴി പലപ്പോഴും മനുഷ്യന്റെ വഴിയെക്കാൾ വ്യത്യസ്തമാണെന്ന്.
ദൈവ വചനത്തെ ഏറെ സ്നേഹിച്ചിരുന്ന അവൾ പ്രാര്ഥനാനിരതയായിരുന്ന ഒരു സായംസന്ധ്യ.... അപ്രതീക്ഷിതമായി ആ മുറിയിൽ ഒരു പ്രകാശം നിറഞ്ഞു. ഭയം അവളുടെ ഹൃദയത്തിലൂടെ പാഞ്ഞുയർന്നു. അവളുടെ മുന്നിൽ ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെട്ടു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു.ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്‍റെ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു.
അവൾ ഹൃദയത്തിൽ ചോദിച്ചു. എന്തിനാണ് ദൈവം എന്നെ തിരഞ്ഞെടുത്തത്? അപ്പോൾ ദൂതന്‍ അവളോടു പറഞ്ഞു: “മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും”. ആ വാക്കുകൾ മറിയത്തിന്റെ മനസ്സിനെ നടുക്കി. അവൾക്ക് എല്ലാം മനസ്സിലായില്ല. മറിയം ദൂതനോടു ചോദിച്ചു: “ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ”.
ദൂതൻ സാവധാനം മറുപടി നൽകി. “പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്‍റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല”. ഒരു നിമിഷം മറിയം മൗനമായി നിന്നു.
അവളുടെ മുന്നിൽ ഭാവി തുറന്നു കിടന്നു.. എളുപ്പമല്ലാത്ത ഒരു വഴി. ആളുകളുടെ സംശയം, അപവാദം, വേദന, അതിലുപരി തന്നെ ദൈവസ്നേഹത്തിൽ വളർത്തിക്കൊണ്ടു വന്ന തന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെ മുൻപിൽ തെറ്റുകാരിയെന്നു മുദ്ര കുത്തപ്പെടേണ്ടി വരുമോയെന്ന ആശങ്ക.. ഒരിക്കൽ തന്റെ മകന്റെ കുരിശുമരണം വരെ. അവൾക്കറിയാമായിരുന്നു, ഈ ക്ഷണം സ്വീകരിക്കുന്നത് സ്വന്തം സ്വപ്നങ്ങളെ വിട്ടുകൊടുക്കുന്നതാണെന്ന്.
എന്നാൽ അവൾ സ്വന്തം ഭയത്തെ നോക്കിയില്ല. അവൾ തന്റെ സൃഷ്ടാവായ ദൈവത്തെ നോക്കി. അവളുടെ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് ഒരു വാക്ക് ഉയർന്നു.. മനുഷ്യചരിത്രത്തെ തന്നെ മാറ്റിയ ഒരു വാക്ക്. “ഇതാ, ഞാൻ കർത്താവിന്റെ ദാസി. നിന്റെ വാക്കുപോലെ എനിക്കു സംഭവിക്കട്ടെ.” അതായിരുന്നു മറിയത്തിന്റെ ഫിയാത്ത്.. ദൈവത്തിന് തന്നെ തന്നെ പൂർണമായി നൽകിയ “അതെ” എന്ന മറുപടി.. ആ നിമിഷം മുതൽ മറിയത്തിന്റെ ജീവിതം മാറ്റപ്പെട്ടു.
അവൾ ഒരു രാജ്ഞിയെന്നല്ല, ഒരു ദാസിയെന്ന നിലയിലാണ് ദൈവത്തിന്റെ പദ്ധതിയിൽ പ്രവേശിച്ചത്. അവളുടെ “അതെ” മൂലം ദൈവം മനുഷ്യനായി ഈ ലോകത്തിലേക്ക് വന്നു. സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള അകലം അവളുടെ വിനയത്തിലൂടെ കുറയുകയായിരുന്നു. അങ്ങനെ ആ മറുപടി രക്ഷാകര പദ്ധതിയുടെ നെടുംതൂണായി മാറി.. “മറിയത്തിന്റെ പ്രതികരണം മനുഷ്യചരിത്രത്തിലെ ഏറ്റവും നിർണായകവും മഹത്തുമായ ഒരൊറ്റ വാക്കാണ്” എന്ന് ജർമൻ എഴുത്തുകാരനായ റെയ്ൻഹോൾഡ് ഷാനെയ്‌ഡർ പറയുന്നു.
പിന്നീട് അവൾ പല വേദനകളും സഹിച്ചു. ബെത്ലഹേമിലെ ഗോശാലയിൽ പ്രസവം, ഹെറോദേസിന്റെ ഭീഷണി, ഈജിപ്തിലേക്കുള്ള പലായനം, നസറത്തിലെ നിശ്ശബ്ദജീവിതം. ഒടുവിൽ കാൽവരി മലയിൽ, തന്റെ മകനെ കുരിശിൽ കാണുമ്പോഴും, കുരിശിൽ നിന്നും ഇറക്കിയ തന്റെ പൊന്നോമന മകന്റെ ചേതനയറ്റ ശരീരം തന്റെ മടിയിൽ കിടത്തിയപ്പോൾ.. എന്നിങ്ങനെ വീണ്ടും വീണ്ടും തന്റെ ഹൃദയത്തിൽ ഓരോരോ വാളുകൾ തറയ്ക്കപ്പെട്ടപ്പോഴും അവളുടെ ആദ്യത്തെ “അതെ” അവൾ പിൻവലിച്ചില്ല.
പരിശുദ്ധ കത്തോലിക്കാ സഭയുടെ ഔദ്യോഗിക വിശ്വാസപരിശീലനമായ Catechism of the Catholic Church പഠിപ്പിക്കുന്നതുപോലെ, മറിയത്തിന്റെ അനുസരണം ഹവ്വയുടെ അനനുസരണത്തെ തിരുത്തുന്ന ഒരു ദൈവീക പ്രതികരണമായി മാറി (CCC 494). ഹവ്വയുടെ അനുസരണക്കേടിലൂടെ മനുഷ്യരാശിയിലേക്കെത്തിയ പാപത്തിന്റെ ബന്ധനങ്ങൾ, മറിയത്തിന്റെ വിശ്വാസപൂർണ്ണമായ അനുസരണത്തിലൂടെ അഴിച്ചുകളയപ്പെട്ടു. അങ്ങനെ, അവളുടെ ഫിയാത്ത് മനുഷ്യരക്ഷയുടെ ചരിത്രത്തിൽ നിർണായകമായ ഒരു വഴിത്തിരിവായി.
ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയയ്ക്കുന്നതിനുമുമ്പ്, ഒരു സൃഷ്ടിയുടെ സ്വതന്ത്ര സഹകരണം അവൻ ആഗ്രഹിച്ചു (CCC 488). മറിയത്തിന്റെ “അതെ” നിർബന്ധിതമായിരുന്നില്ല; അത് പൂർണ്ണമായും സ്വതന്ത്രവും സ്നേഹപൂർണ്ണവുമായ ഒരു തീരുമാനമായിരുന്നു. ഇതിലൂടെ രക്ഷ ദൈവത്തിന്റെ പ്രവർത്തനമാത്രമല്ല, മനുഷ്യന്റെ വിശ്വാസപൂർണ്ണമായ സഹകരണത്തിലൂടെയും നടപ്പാകുന്നതാണെന്ന് നമ്മൾ പഠിക്കുന്നു.
മംഗളവാർത്ത അറിയിപ്പിന്റെ നിമിഷത്തിൽ, രക്ഷകന്റെ മാതാവാകുന്നതിനായി മറിയം ദൈവിക കൃപകളാൽ സമൃദ്ധയാക്കപ്പെട്ടു (CCC 490). അവളുടെ പ്രതികരണം ദൈവകൃപയാൽ ശക്തിപ്പെടുത്തപ്പെട്ടതായിരുന്നെങ്കിലും, അവളുടെ സ്വാതന്ത്ര്യം ഒരിക്കലും നഷ്ടപ്പെട്ടില്ല. കൃപയും സ്വാതന്ത്ര്യവും ചേർന്ന ആ “അതെ” ദൈവത്തിന്റെ മഹത്തായ പദ്ധതിക്ക് വാതിൽ തുറന്നു. മറിയത്തിന്റെ ഫിയാത്ത് ദൈവത്തിന്റെ ഇച്ഛയോടുള്ള അവളുടെ പൂർണ്ണ സമർപ്പണത്തെയും ആഴത്തിലുള്ള വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു (CCC 511). അവൾ സ്വന്തം സ്വപ്നങ്ങളെയും ഭയങ്ങളെയും മറികടന്ന്, ദൈവത്തിന്റെ വഴിയിലേക്കു സ്വയം സമർപ്പിച്ചു.
അവളുടെ ജീവിതം, ദൈവത്തിന് സമ്പൂർണ്ണമായി ഏൽപ്പിച്ച ഹൃദയം എത്രമാത്രം ഫലപ്രദമാകാമെന്നതിന്റെ സാക്ഷ്യമായി. അതിനാൽ, മറിയം സഭയ്ക്കുള്ള വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മാതൃകയായി നിലകൊള്ളുന്നു (CCC 966). പിതാവിന്റെ ഇച്ഛയോടും, പുത്രന്റെ രക്ഷാപ്രവർത്തിയോടും, പരിശുദ്ധാത്മാവിന്റെ വിശുദ്ധീകരണ പ്രവർത്തിയോടും പൂർണ്ണമായി ചേർന്ന അവളുടെ ജീവിതം, ഓരോ ക്രിസ്ത്യാനിക്കും ദൈവത്തിന്റെ വിളിക്ക് എങ്ങനെ പ്രതികരിക്കണമെന്നതിന്റെ മാർഗ്ഗദർശനമാണ്.
ഒരു കത്തോലിക്ക വിശ്വാസിയുടെ ഹൃദയത്തിൽ നിന്നുയരുന്ന ഒരൊറ്റ “അതെ, കർത്താവേ” എന്ന പ്രതികരണം, അവന്റെ അല്ലെങ്കിൽ അവളുടെ ആത്മീയ യാത്രയെ തന്നെ പുതുക്കിപ്പണിയാൻ കഴിയും. ദൈവവിളിക്ക് തുറന്ന മനസ്സോടെ സമ്മതം നൽകുമ്പോൾ, അത് വ്യക്തിയുടെ ജീവിതദിശ മാത്രമല്ല, മറ്റുള്ളവരുടെ വിശ്വാസത്തിനും പ്രത്യാശയ്ക്കും പ്രചോദനമാകുന്നു. ഒരൊറ്റ അനുസരണം, ഒരു ചെറിയ ത്യാഗം, ഒരു നിശബ്ദ പ്രാർത്ഥന ഇവ എല്ലാം ദൈവത്തിന്റെ കൈയിൽ ചേർന്നാൽ മഹത്തായ ഫലങ്ങൾ ഉണ്ടാക്കുന്ന വിത്തുകളാകുന്നു.
മറിയത്തിന്റെ “ഫിയാത്ത്” പോലെ, ഒരു വിശ്വാസിയുടെ സമ്പൂർണ സമർപ്പണത്തിന്റെ പ്രതീകമായ “അതെ” ദൈവകൃപയ്ക്ക് വഴി തുറക്കുകയും, സ്വന്തം ജീവിതത്തിലൂടെയും ചുറ്റുമുള്ളവരിലൂടെയും ദൈവരാജ്യം വളരാൻ ഇടയാക്കുകയും ചെയ്യുന്നു. അങ്ങനെ, ഒരു വ്യക്തിയുടെ വിശ്വാസസമ്മതം പലരുടെയും ആത്മീയ ഉണർവിന് തുടക്കമാകുന്ന ദൈവീക ഉപകരണമാകുന്നു. മറിയത്തിന്റെ ഫിയാത്ത് നമ്മോടു ചോദിക്കുന്നു: ദൈവം വിളിക്കുമ്പോൾ, നമുക്ക് എല്ലാം മനസ്സിലാകാതിരുന്നാലും, ദൈവാശ്രയബോധത്തോടെ “അതെ” പറയാനാകുമോ?
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.