പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു: ഇറാനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം; ആയുധ നിർമാണം വർധിപ്പിക്കാൻ ട്രംപിന്റെ ഉത്തരവ്

പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു: ഇറാനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം; ആയുധ നിർമാണം വർധിപ്പിക്കാൻ ട്രംപിന്റെ ഉത്തരവ്

ടെഹ്റാൻ : എട്ടാം ദിവസവും അയവില്ലാതെ തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാന് മേൽ സർവസന്നാഹങ്ങളുമായി ഇസ്രയേലും അമേരിക്കയും. ഇറാനിലെ പടിഞ്ഞാറൻ മേഖലകളിലും തലസ്ഥാനമായ ടെഹ്റാനിലും ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇതുവരെ 1,332 പേർ കൊല്ലപ്പെട്ടു.

ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ പ്രധാന ആക്രമണം. ടെഹ്റാനിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായും ഇറാന്റെ പ്രതിരോധ നിരകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാനിൽ മരണം 1,332 കടന്നപ്പോൾ ലെബനനിലും ഇസ്രയേലിന്റെ ആക്രമണം ശക്തമാണ്. അവിടെ മരിച്ചവരുടെ എണ്ണം 217 ആയി ഉയർന്നു.

തെക്കൻ ഇസ്രയേലിനും ടെൽ അവീവിനും നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയെങ്കിലും അവയെ പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങൾ വീണ് പലയിടത്തും തീപിടുത്തമുണ്ടായിട്ടുണ്ട്.

യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ നിരുപാധിക കീഴടങ്ങലില്ലാതെ ഒത്തുതീർപ്പിനില്ലെന്ന കർശന നിലപാടിലാണ്. പ്രമുഖ പ്രതിരോധ കമ്പനികളുടെ തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അത്യാധുനിക ആയുധങ്ങളുടെ നിർമ്മാണം നാലിരട്ടിയായി വർധിപ്പിക്കാൻ ട്രംപ് ഉത്തരവിട്ടു.

ഇറാന്റെ ഡ്രോൺ ഭീഷണി നേരിടാൻ അമേരിക്കയുടെ അത്യാധുനിക ആന്റി-ഡ്രോൺ സംവിധാനമായ ‘മെറോപ്സ്’ ഉടൻ പശ്ചിമേഷ്യയിൽ വിന്യസിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇറാന്റെ വ്യോമമേഖല പൂർണമായും നിയന്ത്രണത്തിലാക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.