'അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ റഷ്യ ഇറാന് ചോര്‍ത്തി നല്‍കുന്നു'; സുപ്രധാന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍

'അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ റഷ്യ ഇറാന് ചോര്‍ത്തി നല്‍കുന്നു'; സുപ്രധാന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍

അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും മറ്റ് സൈനിക സന്നാഹങ്ങളുടെയും തത്സമയ വിവരങ്ങളാണ് റഷ്യ ഇറാന് കൈമാറുന്നത്. കൂടുതല്‍ കൃത്യതയോടെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഈ വിവരങ്ങള്‍ ഇറാനെ  സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ടെഹ്റാന്‍: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തില്‍ നിര്‍ണായകമായ ചില രഹസ്യ വിവരങ്ങള്‍ റഷ്യ ഇറാന് ചോര്‍ത്തി നല്‍കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസും വാഷിങ്ടണ്‍ പോസ്റ്റുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും കൃത്യമായ സ്ഥാനങ്ങള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങളാണ് റഷ്യ ഇറാന് കൈമാറുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയനും തമ്മില്‍ വെള്ളിയാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ പുറത്തു വന്നത്.

ഇതാദ്യമായാണ് റഷ്യ യുദ്ധത്തില്‍ ഇടപ്പെട്ടുവെന്നതിന് നേരിട്ടുള്ള തെളിവുകള്‍ പുറത്തു വരുന്നത്. നിര്‍ണായകമായ മിലിറ്ററി വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറുന്നുണ്ടെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. യുദ്ധത്തില്‍ റഷ്യന്‍ ഇടപെടലിനെ കുറിച്ചുള്ള സൂചനകള്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലിവിറ്റ് നല്‍കിയിരുന്നു.

അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുദ്ധം ആരംഭിച്ചത് മുതല്‍ റഷ്യ ഈ സഹായം നല്‍കി വരുന്നുണ്ട്. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍, വിമാനങ്ങള്‍, മറ്റ് സൈനിക സന്നാഹങ്ങള്‍ എന്നിവ എവിടെയാണെന്നുള്ള തത്സമയ വിവരങ്ങളാണ് പ്രധാനമായും കൈമാറുന്നത്. ഇറാന് കൂടുതല്‍ കൃത്യതയോടെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഈ വിവരങ്ങള്‍ സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ഇറാനും റഷ്യയും തമ്മില്‍ വര്‍ധിച്ചു വരുന്ന സൈനിക സഹകരണത്തിന്റെ തെളിവായിട്ടാണ് ഈ നീക്കത്തെ നിരീക്ഷകര്‍ കാണുന്നത്. ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇറാന്‍ റഷ്യയ്ക്ക് ഡ്രോണുകള്‍ നല്‍കി സഹായിച്ചതിന് പകരമായാണ് റഷ്യ ഇപ്പോള്‍ രഹസ്യ വിവരങ്ങള്‍ കൈമാറുന്നതെന്നാണ് വിലയിരുത്തല്‍.

റഷ്യയുടെ അത്യാധുനിക ഉപഗ്രഹ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള വിവരങ്ങളാണ് ഇറാന് ലഭ്യമാക്കുന്നത്. ഇത് മേഖലയിലെ അമേരിക്കന്‍ സൈനികര്‍ക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഈ നീക്കം പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് സാധ്യത. എന്നാല്‍ ചൈന നിലവില്‍ ഇത്തരം സൈനിക സഹായങ്ങള്‍ ഇറാന് നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം ഇത്തരം ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നു എന്ന വാര്‍ത്തകള്‍ കാര്യമായെടുക്കുന്നില്ലെന്നും മേഖലയിലെ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ അതീവ ശക്തമാണെന്നും യു.എസ് ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. ഇറാന് ലഭിക്കുന്ന ഇത്തരം സഹായങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും അദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.