കോവിഡ് ഭേദമാകുന്നവരില്‍ പിടിമുറുക്കി ബ്ലാക്ക് ഫംഗസ്; എട്ടു മരണം; ഗുജറാത്തില്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ ആരംഭിച്ചു

കോവിഡ് ഭേദമാകുന്നവരില്‍ പിടിമുറുക്കി ബ്ലാക്ക് ഫംഗസ്; എട്ടു മരണം; ഗുജറാത്തില്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: കോവിഡ് ഭേദമായവരില്‍ അപൂര്‍വ ഫംഗസ് അണുബാധയായ മ്യൂകോര്‍മൈക്കോസിസ് ബാധിക്കുന്നതായി ഡോക്ടര്‍മാര്‍. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശങ്കയായി മ്യൂകോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗബാധയും റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡിന് പിന്നാലെയുണ്ടാകുന്ന ബ്ലാക്ക് ഫംഗസ് അണുബാധമൂലം നിരവധി രോഗികള്‍ക്ക് ഇതിനകം കാഴ്ച്ച ശക്തി നഷ്ടമായി.

ഡല്‍ഹി, പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ഇത്തരത്തില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ മാത്രം രോഗികളുടെ എണ്ണം 100 കടന്നു. അഹമ്മദാബാദ്, ഭാവ് നഗര്‍, ജാംനഗര്‍ രാജ്‌കോട്ട്, സൂററ്റ്, വഡോദര എന്നിവിടങ്ങളില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ ചികിത്സിക്കാന്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ രോഗികളുടെ ചികിത്സയ്ക്കായി 3.12 കോടി രൂപയുടെ 5,000 ആംഫോട്ടെറിസിന്‍-ബി ഇന്‍ജക്ഷനും സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

ഫംഗസ് ബാധിച്ചവരില്‍ കണ്ണുകള്‍ വീര്‍ക്കുകയും കാഴ്ച കുറയുകയും ചെയ്യുന്നു. ചികിത്സ നടത്തിയില്ലെങ്കില്‍ കാഴ്ചയെ ഗുരുതരമായി ബാധിക്കും. സൂറത്തില്‍ കോവിഡ് മുക്തരായ എട്ടു പേര്‍ക്ക് ബ്ലാക്ക് ഫംഗസ് മൂലം കാഴ്ച്ച നഷ്ടപ്പെട്ടു. 40-ല്‍ അധികം പേര്‍ക്ക് അണുബാധയേറ്റിട്ടുണ്ട്. മഹാരാഷ്ട്രയില്‍ എട്ടു പേര്‍ അണുബാധ ഗുരുതരമായി മരിച്ചു. 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷവും ഈ അണുബാധ മൂലം കാഴ്ച നഷ്ടപ്പെടുകയും മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്കും മരണത്തിനും കാരണമായതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

മ്യൂകോര്‍മിസെറ്റസ് എന്ന ഫംഗസാണ് അണുബാധയ്ക്ക് കാരണമാകുന്നത്. മണ്ണ്, സസ്യങ്ങള്‍, ചീഞ്ഞളിഞ്ഞ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ സാധാരണയായി ഈ പൂപ്പല്‍ കാണപ്പെടാറുണ്ട്. സാധാരണഗതിയില്‍ അത്ര അപകടകാരിയല്ലാത്ത ഫംഗസ് ബാധ, പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് കൊലയാളിയായി മാറുന്നത്.

കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുകൂട്ടും. ചില മരുന്നുകള്‍ പ്രതിരോധശേഷിയെ ബാധിക്കും. ഇതാണ് കോവിഡ് ഭേദമായവരെ ഈ ഫംഗസ് വേഗം ബാധിക്കാന്‍ കാരണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറേറ്റ് മേധാവി ഡോ. താത്യറാവ് ലഹാനെ പറഞ്ഞു. പ്രമേഹരോഗികളെ ഫംഗസ് വളരെ വേഗം ബാധിക്കും. തലവേദന, പനി, കണ്ണിനുതാഴെയുള്ള വേദന, മൂക്കൊലിപ്പ്, സൈനസ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

അണുബാധ സാധാരണയായി മൂക്കില്‍ നിന്ന് ആരംഭിച്ച് കണ്ണുകളിലേക്ക് വ്യാപിക്കുന്നു. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമാകും. മസ്തിഷ്‌കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളെയും ബ്ലാക്ക് ഫംഗസ് ബാധിക്കാറുണ്ട്. പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്പോള്‍ മ്യൂകോര്‍മൈക്കോസിസിന് സാധ്യത കൂടുതലാണെന്നതാണ് രോഗം ഗുരുതരമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.