ഓക്‌സിജന്‍ മാസ്‌കുമായി ആശുപത്രിയില്‍ കിടന്ന് കേസ് വാദിച്ച് മലയാളി അഭിഭാഷകന്‍; അഭിനന്ദനമറിയിച്ച് ഡല്‍ഹി ഹൈക്കോടതി

ഓക്‌സിജന്‍ മാസ്‌കുമായി ആശുപത്രിയില്‍ കിടന്ന് കേസ് വാദിച്ച് മലയാളി അഭിഭാഷകന്‍; അഭിനന്ദനമറിയിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : ഓക്‌സിജന്‍ മാസ്‌കുമായി ആശുപത്രിയില്‍ കിടന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസ് വാദിച്ച് മലയാളി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍. അഭിഭാഷകന്റെ ജോലിയോടുള്ള ആത്മാര്‍ഥതയെ പ്രശംസിച്ച് ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് പ്രതിഭ എം. സിംഗാണ് അഡ്വ. സുഭാഷ് ചന്ദ്രനെ പ്രശംസിച്ചത്.

സൗദിയില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ സുഭാഷ് ചന്ദ്രന്‍ ഹാജരായത്. ഓക്‌സിജന്റെ കുറവു നേരിടുന്ന സുഭാഷ് ഏപ്രില്‍ 27 മുതല്‍ ഹിമാചല്‍ പ്രദേശിലെ ബഡ്ഡിയിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രധാന വിഷയമായതിനാല്‍ ബുധനാഴ്ച കേസ് ലിസ്റ്റ് ചെയ്തപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരാവുകയാണ് ചെയ്തതെന്ന് മുന്‍ മാധ്യമ പ്രവര്‍ത്തകന്‍കൂടിയായ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

ജനുവരി 24-ന് സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ച ഹിമാചല്‍ സ്വദേശി സഞ്ജീവ് കുമാറിന്റെ (51) മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഫെബ്രുവരി 18-ന് മൃതദേഹം അടക്കം ചെയ്തതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. മരണ സര്‍ട്ടിഫിക്കറ്റില്‍ മുസ്ലിം എന്നായിരുന്നു എഴുതിയിരുന്നത്. അതിനാല്‍ ഹിന്ദു ആചാര പ്രകാരം സംസ്‌കരിക്കുന്നതിനായി മൃതദേഹം നാട്ടിലെത്തിക്കണമെന്നു കാണിച്ച് ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു.

ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മൃതദേഹം നാട്ടിലെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് മൃതദേഹം നാട്ടിലെത്തിയത്. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ച ഹൈക്കോടതി, സൗദി അറേബ്യന്‍ അധികൃതര്‍ക്കും നന്ദിയറിയിച്ചു. ആശുപത്രിക്കിടക്കയില്‍ നിന്ന് കേസില്‍ ഹാജരായ സുഭാഷ് ചന്ദ്രനുള്ള അഭിനന്ദനവും രേഖപ്പെടുത്തിയാണ് ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.