ന്യൂഡല്‍ഹി: പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.എസ്. തിരുമൂര്‍ത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും നിലവിലെ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ ഇരുപക്ഷത്തെയും പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് യു.എന്നിന്റെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി കൂടിയായ തിരുമൂര്‍ത്തി നിലപാട് വ്യക്തമാക്കിയത്.
ഹറം അല്‍ ഷെരീഫ്, ടെമ്പിള്‍ മൗണ്ടിലെ ഏറ്റുമുട്ടലുകളെയും ആക്രമണങ്ങളെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ഷെയ്ഖ് ജറ, സില്‍വാന്‍ അയല്‍പ്രദേശങ്ങളിലെ കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച വിഷയങ്ങളിലും ഉത്കണ്ഠ രേഖപ്പെടുത്തി. ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തെ അദ്ദേഹം അപലപിക്കുകയും ഇരുകൂട്ടരും സംയമനം പാലിച്ച് നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവതി സൗമ്യയുടെ മരണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
ചരിത്ര പ്രധാന സ്ഥലങ്ങളായ ജറുസലേം സംരക്ഷിക്കപ്പെടണമെന്നും ജറുസലേമിലെ പഴയ നഗരം അല്‍ സാവിയ അല്‍ ഹിന്ദിയ - ചരിത്രപരമായി ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നേരിട്ടുള്ള സംഭാഷണം ഉടനടി പുനരാരംഭിക്കാന്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
പലസ്തീനിയൻ പ്രശ്നത്തിൽ ഇന്ത്യ പിന്തുണയ്ക്കുന്നത് ദ്വിരാഷ്ട്ര പരിഹാരത്തെയാണെന്ന് തിരുമൂർത്തി പ്രസ്താവിച്ചു. വിവിധ ഭൂപ്രദേശങ്ങളും ഭാഷകളും ഉള്ള രണ്ട് രാജ്യങ്ങളിലെ ജനങ്ങൾക്ക് , ഇസ്രായേലും പലസ്തീനും രണ്ട് പ്രത്യേക പ്രദേശങ്ങൾ നൽകുക എന്നതാണ് ദ്വിരാഷ്ട്ര പരിഹാരംകൊണ്ട് ഉദ്ദേശിക്കുന്നത് .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.