തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കം ഏര്‍പ്പെടുത്തി സംസ്ഥാനം കോവിഡിനോട് പൊരുതുന്ന വേളയില്‍ അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ച് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വിവാദങ്ങളില്‍ നിറയുമ്പോഴാണ് ബംഗാളില്‍ മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശ്രദ്ധേയമായത്. പന്തല്‍ കെട്ടി ആര്‍പ്പുവിളിയും ആരവങ്ങളുമില്ലാതെയൊരു സത്യപ്രതിജ്ഞ.
ജനസംഖ്യാപരമായും ഭൂമിശാസ്ത്രപരമായും കേരളത്തെക്കാള്‍ വലിയ സംസ്ഥാനമായിട്ടും നിലവില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്ര കോവിഡ് കേസുകള്‍ പോലും ഇല്ലാതിരുന്ന സമയത്താണ് ബംഗാളില്‍ മമത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്നാം ദിസമായിരുന്നു അത്. കോവിഡ് വ്യാപനം തുടരുമ്പോള്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കാതിരിക്കുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്ന് മുന്‍കൂട്ടി കണ്ടായിരുന്നു മമതയുടെ നീക്കം.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടരയാഴ്ചയോളം കഴിഞ്ഞാണ് കേരളത്തില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. ഇതിനെല്ലാം ഒടുവിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുളള തലസ്ഥാന ജില്ലയില്‍ പന്തല്‍ കെട്ടി അഞ്ഞൂറ് പേരേയും ക്ഷണിച്ച് വരുത്തിയുളള ആഘോഷം.
രാജ്ഭവനില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങായിരുന്നു ബംഗാളില്‍ നടന്നത്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തപ്പോള്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളായി ഉണ്ടായിരുന്നത് 67 പേര്‍ മാത്രമാണ്. മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ബി.ജെ.പി ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവായിരുന്ന അബ്ദുല്‍ മന്നന്‍, ബി സി സി ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി തുടങ്ങി വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നുള്ളൂ.
അതേസമയം, സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായുളള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. അമ്പതിനായിരം പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ കഴിഞ്ഞതവണ നാല്‍പ്പതിനായിരം പേര്‍ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിരുന്നുവെന്നും ഇത്തവണ അഞ്ഞൂറ് പേര്‍ മാത്രമേയുളളൂവെന്നുമാണ് മുഖ്യമന്ത്രി പറയുന്ന ന്യായീകരണം. എന്നാല്‍ അമ്പതിനായിരം പേരെ ഉള്‍ക്കൊളളനുളളത്രയും സീറ്റിംഗ് കപ്പാസിറ്റി സെന്‍ട്രല്‍ സ്റ്റേഡിയത്തിനില്ലെന്നും കഴിഞ്ഞവര്‍ഷം നാല്‍പ്പതിനായിരം പേര്‍ പങ്കെടുത്തിരുന്നില്ലെന്നുമാണ് എതിര്‍ വാദം.
സാധാരണക്കാരന്‍ എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിച്ച് വീട്ടിലിരിക്കുമ്പോള്‍ അഞ്ഞൂറ് ഒരു ചെറിയ സംഖ്യയല്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടതുപക്ഷ പ്രൊഫൈലുകളില്‍ നിന്നുതന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്ന തമിഴ്നാട്, ബംഗാള്‍, അസം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ദിവസങ്ങള്‍ക്കകം സര്‍ക്കാരുകള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.