2020 ഒക്ടോബർ മാസം മൂന്നാം തീയതി അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ശവകുടീരത്തിനു മുകളിലുള്ള കപ്പേളയിൽ വച്ച് ഈ കാലഘട്ടത്തിലെ പ്രവാചകൻ ഫ്രാൻസിസ് മാർപാപ്പ ഒപ്പുവെച്ച ചാക്രികലേഖനമാണ് 'എല്ലാവരും സഹോദരർ' എന്ന പേരിൽ അറിയപ്പെടുന്ന ഫ്രത്തെല്ലി തൂത്തി.
അഞ്ചു വർഷങ്ങൾക്കിപ്പുറം ലൗദാത്തോ സി എന്ന തന്റെ വിശ്വപ്രസിദ്ധമായ ചാക്രിക ലേഖനത്തിനുശേഷം നാമെല്ലാവരും സഹോദരരാണ്, അങ്ങനെതന്നെ ആയിരിക്കണമെന്നും ലോകത്തോട് മാർപാപ്പ വിളിച്ചു പറയുന്നു. തന്റെ ജീവിതമാതൃക കൊണ്ട് ഈശോയ്ക്കും, രണ്ടാം ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിക്കും, ഓരോ ദിനവും പുതുജന്മം നൽകുന്ന മാർപാപ്പ തന്റെ ഈ ചാക്രിക ലേഖനത്തിലൂടെ ഇന്നിന്റെ യാഥാർത്ഥ്യങ്ങളെപറ്റി ലോകത്തോട് സംവദിക്കാൻ ആഗ്രഹിക്കുന്നു.
എന്തുകൊണ്ട് ഇങ്ങനെയൊരു ചാക്രികലേഖനം?
കോവിഡ് കാലത്ത് മാർപാപ്പ ധ്യാനിച്ചതും അനുഭവിച്ചതും അതിലുപരി ലോകം മുഴുവനും ഒരുപോലെ ബാധിച്ചിരിക്കുന്നതുമായ ഒരു അനുദിന യാഥാർത്ഥ്യത്തിനു മുന്നിൽ നിന്ന് മാർപാപ്പ ലോകത്തോട് പറയുകയാണ്, നമ്മളെല്ലാവരും സഹോദരരാണ്. ദൈവമാണ് നമ്മുടെ പിതാവെങ്കിൽ, ദൈവമാണ് നമ്മുടെ സൃഷ്ടിച്ചതെങ്കിൽ നമ്മളെല്ലാം സഹോദരർ തന്നെ. ഒപ്പം ദൈവത്തിന്റെ മക്കളും. എന്റെ വീടിന് നാടിനോ സമൂഹത്തിനോ രാജ്യത്തിനോ അതിർത്തികൾക്കോ ഈ യാഥാർഥ്യത്തെ വിസ്മരിക്കുക സാധ്യമല്ല. അതിനെല്ലാം ഉപരിയായി ലോകത്തെ മുഴുവൻ ഒരു കുടക്കീഴിൽ ആക്കുന്ന കോവിഡ് 19 പുതുയുഗ ചിന്തയ്ക്ക് നാന്ദി കുറിക്കുന്നു. നിസ്സഹായരായി ഇരിക്കുന്ന ഈ തലമുറയോട് അവന്റെ പരിതോവസ്ഥയിൽ മാർപാപ്പ സധൈര്യം പ്രഘോഷിക്കുന്നു ഫ്രത്തെല്ലി തൂത്തി ( എല്ലാവരും സഹോദരർ)
പ്രചോദക സ്രോതസ്സുകൾ
അസീസിയിലെ വി ഫ്രാൻസിസ് അസീസിയുടെ ചൈതന്യം എല്ലാവരും സഹോദരർ എന്നാ ചാക്രിക ലേഖനത്തിലെ പ്രഥമ സ്രോതസ്സാണ്. ഫ്രാൻസിസ് അസീസി തന്റെ പ്രഭാഷണങ്ങളൊക്കെയും ആരംഭിച്ചിരുന്നത് പ്രിയ സഹോദരാ എന്ന് വിളിച്ചാണ്. ജാതി മത വർണ്ണ വർഗ്ഗ വിവേചനമില്ലാതെ ഫ്രാൻസിസ് മാർപാപ്പ ലോകത്തെ നോക്കി വിളിക്കുകയാണ് പ്രിയ സഹോദരാ,. കാലഘട്ടത്തിന്റെ, സാഹോദര്യത്തിന്റെ ഈ വിളി ലോകം കേൾക്കും എന്നുള്ളതിനുള്ളറപ്പാണ് ഈ ചാക്രികലേഖനം ദിവസങ്ങൾ പിന്നിടുമ്പോൾ ലോകം ഏറ്റെടുക്കുന്നുവെന്നത്.
2019 ഫെബ്രുവരി മാസം നാലാം തീയതി ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര നടത്തിയ അവസരത്തിൽ അബുദാബിയിൽ വച്ച് അൽ അഷറിലെ ഇമാം അഹമ്മദ് അൽ തൈബുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ 'മനുഷ്യ സാഹോദര്യം' എന്ന രേഖ മാർപാപ്പ ഒപ്പുവെക്കുകയുണ്ടായി. ആ രേഖ ചാക്രിക ലേഖനത്തിന് ഒരു പ്രചോദനമായി മാർപാപ്പ കാണുന്നു.
1964ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മാർട്ടിൻ ലൂഥർ കിംഗ് എന്ന ബാപ്റ്റിസ്റ്റ് സഭാംഗമായ പാസ്റ്ററിന്റ ചിന്തകളും പ്രവർത്തനങ്ങളും ഈ ചാക്രികലേഖനം എഴുതുവാൻ തനിക്ക് പ്രേരണ നൽകിയെന്ന് ആകാശം പോലെ വിശാല ഹൃദയമുള്ള ഫ്രാൻസിസ് മാർപാപ്പ ലോകത്തോട് തുറന്നുപറയുന്നു.
സൗത്താഫ്രിക്കയിലെ വർണവിവേചനത്തിനെതിരെ പ്രവർത്തിക്കുകയും 1984ൽ നോബൽ സമ്മാനം നേടുകയും മനുഷ്യാവകാശത്തിനുവേണ്ടി എക്കാലവും നിലകൊള്ളുകയും, ഇപ്പോൾ ജീവിച്ചിരിക്കുകയും ചെയ്യുന്ന ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ പ്രവർത്തനങ്ങൾ തന്റെ രചനയ്ക്ക് പിന്നിൽ ശക്തിപകർന്നത് ആയി മാർപാപ്പാ അനുസ്മരിക്കുന്നു.
അടുത്തതായി, ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒരു പേരാണ്. മോഹൻദാസ് കരംചന്ദ് ഗാന്ധി. ആദ്യമായിട്ടായിരിക്കണം വത്തിക്കാനിൽ നിന്ന് പുറപ്പെടുവിക്കുന്ന ഒരു ചാക്രിക ലേഖനത്തിൽ ഭാരതീയനായ ഒരാൾ ഇടംപിടിക്കുന്നത്. ബൈബിളിലെ ഈശോ ഗാന്ധിജിയെ സ്പർശിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഈശോയുടെ നന്മകൾ അലയടിച്ചപ്പോൾ ആ നന്മകളെ ഈ കാലഘട്ടത്തിലെ വിശുദ്ധൻ തന്റെ രചനകളിൽ അനുസ്മരിക്കുന്നു.
ചുരുക്കി വായിക്കുമ്പോൾ ഒരു ഇസ്ലാം മതവിശ്വാസിയുടെയും ഒരു ബാപ്റ്റിസ്റ്റ് സഭാംഗമായ പാസ്റ്ററിന്റെയും ഒരു ഹൈന്ദവ സഹോദരന്റെയും നന്മകളെ മിഴിവുറ്റ മാതൃകകളെ കത്തോലിക്കാ വിശ്വാസത്തിന്റെ സിരാകേന്ദ്രമായ വത്തിക്കാൻ തിരുമുറ്റത്തുനിന്ന് പുറപ്പെടുവിക്കുന്ന ചാക്രിക ലേഖനത്തിൽ ഇടം പിടിക്കുമ്പോൾ ഫ്രാൻസിസ് മാർപാപ്പാ ലോകത്തോട് കാണിക്കുന്ന തുറവി വരികൾക്കിടയിലൂടെ വായിക്കേണ്ടതാണ്. യഥാർത്ഥത്തിൽ എല്ലാവരും സഹോദരരാന്നെന്ന് അവരുടെ നന്മകൾ ഏറ്റു പറഞ്ഞുകൊണ്ട് മാർപാപ്പ ഈ കാലഘട്ടത്തോടെ പ്രഘോഷിക്കുന്നു. ഇത്രമേൽ സമ്പന്നമായ ചാക്രിക ലേഖനത്തിന്റെ അധ്യായങ്ങളിലൂടെ നമുക്കൊന്ന് യാത്ര ആരംഭിക്കാം.
ഇടുങ്ങിയ ലോകവും ഇരുണ്ട കാർമേഘങ്ങളും തീർക്കുന്ന ഇന്നത്തെ ലോകക്രമം സാർവത്രിക സാഹോദര്യത്തിന് ഏറ്റവും വലിയ വിലങ്ങുതടിയായി മാർപാപ്പ വിലയിരുത്തുന്നു. അനീതിയും അസത്യവും ശത്രുതയും അതിലുപരി സ്വാർത്ഥതയും മനുഷ്യനെ ഭരിക്കുന്ന ഈ നാളുകളിൽ സാർവത്രിക സാഹോദര്യം വീണ്ടെടുക്കപ്പെട്ട പുണ്യമായി മാർപാപ്പ പ്രഥമ അധ്യായത്തിൽ കുറിക്കുന്നു.
രണ്ടാമത്തെ അദ്ധ്യായം നല്ല സമരിയാക്കാരനായി മാറണം, നല്ല അയൽക്കാരനായി മാറണമെന്ന് ലോകത്തെ ഓർമ്മിപ്പിക്കുകയാണ്. ഉയർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന ലോകക്രമത്തിൽ വീണവരെ കാണുകയും സന്ദർശിക്കുകയും ശുശ്രൂഷിക്കുകയും അവരെ ഉയർത്താനായി ഒരു കൈ സഹായം നൽകുകയും ചെയ്യുന്നവരാകണം ഓരോരുത്തരുമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
അപരന്റെ കണ്ണിലെ കൃഷ്ണമണിക്കുള്ളിൽ ഞാൻ എന്നെ കണ്ടെത്തുന്നിടത്താണ് മറ്റുള്ളവരെ കൂടി പരിഗണിക്കുന്ന ഒരു തുറവിയുള്ള ലോകം സംജാതമാകുന്നതെന്ന് മാർപാപ്പ തന്റെ മൂന്നാമത്തെ അദ്ധ്യായത്തിലൂടെ ഓർമ്മപ്പെടുത്തുന്നു. അന്താരാഷ്ട്ര വിദേശ ബന്ധങ്ങൾക്ക് പുതിയൊരു ധാർമികത മാർപാപ്പ പഠിപ്പിക്കുന്നു. സമ്പന്ന രാജ്യങ്ങളിൽ നിന്ന് വിദേശ കടമെടുത്തിരിക്കുന്ന ദരിദ്രരാജ്യങ്ങൾ അതിന്റെ തിരിച്ചറിവിലൂടെ കൂടുതൽ ദരിദ്രരായി മാറുന്നു വെങ്കിൽ അക്കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട നാളുകളായി എന്ന് ലോകത്തിനു മുൻപിൽ മാർപാപ്പ സധൈര്യം ഓർമ്മപ്പെടുത്തുന്നു. അയൽക്കാരന്റെകൂടി സുരക്ഷിതത്വവും സുസ്ഥിതിയും കൈവരിക്കുന്നതാണ് എന്റെയും വളർച്ച എന്ന് എന്ന യാഥാർത്ഥ്യം ഓരോരുത്തരും തിരിച്ചറിയണമെന്ന് പാപ്പാ ഓർമിപ്പിക്കുന്നു.
നാലാമത്തെ അധ്യായത്തിലെ കൂടെ മാർപാപ്പാ കുടിയേറ്റത്തെ കുറിച്ച് വിശദമായി പഠിപ്പിക്കുന്നു. കുടിയേറ്റങ്ങൾ പാടില്ല എന്ന് തന്നെ പഠിപ്പിക്കുന്ന മാർപാപ്പ എന്തുകൊണ്ട് കുടിയേറ്റം സംഭവിക്കുന്നുവെന്ന് വിലയിരുത്തുന്നു. സുരക്ഷിത താവളങ്ങൾ നഷ്ടമാകുന്നവരെ അവരുടെ അരക്ഷിതാവസ്ഥയിൽ സ്വാഗത ത്തിലൂടെയും സംരക്ഷണത്തിലൂടെ യും പ്രോത്സാഹനത്തിലൂടെയും ഇഴുകി ചേരാൻ ആവശ്യമായ സാഹചര്യമൊരുക്കുന്നത്തിലൂടെയും തുറക്കപ്പെട്ട ഒരു ഹൃദയം രൂപീകരിക്കണമെന്ന് മാർപാപ്പ ഓർമ്മിപ്പിക്കുന്നു.
ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ചുവരെഴുത്താണ് അഞ്ചാം അധ്യായത്തിൽ കൂടെ മാർപാപ്പ നടത്തുന്നത്. ഉപവി പ്രവർത്തനത്തിനുള്ള യഥാർത്ഥ വേദിയാകണം രാഷ്ട്രീയമെന്ന് മാർപാപ്പ ഓർമ്മിപ്പിക്കുന്നു. എന്റെ രാഷ്ട്രീയ പ്രവർത്തനം എന്റെ ആരാധനയ്ക്ക് തുല്യമാണെന്ന് ജീവിതംകൊണ്ട് കാണിച്ച ഗാന്ധിജിയെ മാർപാപ്പ ഇവിടെ അനുസ്മരിച്ചിട്ടുണ്ടാകും. ഭക്ഷണമില്ലാതെ നമ്മുടെ സഹോദരർ വിഷമിക്കുന്നുണ്ടെങ്കിൽ അതൊരു കുറ്റമാണെന്ന് മാർപാപ്പ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഐക്യരാഷ്ട്രസഭ ഇത്തരം ഒഴിവാക്കപ്പെടാൻ ആവാത്ത അവകാശങ്ങളെ സംരക്ഷിക്കുവാൻ കാവലാളാകണമെന്ന് ആവശ്യപ്പെടുന്നു.
സൗഹൃദ സംഭാഷണത്തിന്റെ പുതിയ മാനങ്ങൾ തേടണമെന്ന് ആറാം അധ്യായത്തിൽ പ്രതിപാദിക്കുന്നു. ദയയെന്ന അത്ഭുതം ലോകത്തിന് കാണിച്ചുകൊടുക്കുന്നവരാകണം. ആത്മാർത്ഥമായി സംഭാഷണവും ഹൃദയഹാരിയായ കണ്ടുമുട്ടലുകളും ജീവിതത്തിൽ എല്ലാ നിമിഷവും സംഭവിക്കേണ്ടതാണെന്ന് മാർപാപ്പ അനുസ്മരിക്കുന്നു.
മാപ്പു കൊടുക്കലുകളെ കുറിച്ചാണ് സമാധാനത്തിന്റെ പാതകൾ കെട്ടിപ്പടുക്കുക എന്ന ഏഴാമത്തെ അദ്ധ്യായത്തിലൂടെ ശ്രദ്ധയിൽപ്പെടുന്ത്തുന്നത്. മാപ്പു കൊടുക്കുക എന്ന് പറയുന്നത് മറന്നു കളയുക എന്നതല്ല അതിലപ്പുറം ഇന്നലകളുടെ യുദ്ധ ദുരന്തഭൂമിയിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും അവ ആവർത്തിക്കില്ലഎന്ന തീരുമാനമെടുക്കുകയും ചെയ്യുക എന്നതാണ്. കത്തോലിക്കാ സഭയുടെ നീതിപൂർവകമായ യുദ്ധം (Just War) എന്ന ധാർമിക വ്യാഖ്യാനത്തെ പോലും മാർപാപ്പ ഒരിക്കൽ കൂടി വിചിന്തനവിഷയമാക്കാൻ ആവശ്യപ്പെടുന്നു. യുദ്ധ സന്നാഹം ഒരുക്കുന്നതിന് ആവശ്യമായ പണം ദാരിദ്ര്യം അകറ്റാൻ ഉള്ള കരുതൽധനമാക്കി മാറ്റണമെന്ന് ലോക രാജ്യങ്ങളോട് മാർപാപ്പ ആവശ്യപ്പെടുന്നു. മരണശിക്ഷയെ നിരാകരിക്കുന്ന വത്തിക്കാന്റെ നിലപാടിനെ ഒരിക്കൽ കൂടി ഇവിടെയും പാപ്പ അനുസ്മരിക്കുവാൻ മറക്കുന്നില്ല.
മതങ്ങൾ വിശ്വ സാഹോദര്യം തന്റെ ശുശ്രൂഷകർ എന്ന എട്ടാം അധ്യായത്തിൽ മാനവ കുടുംബത്തിൽ മതങ്ങൾ പരസ്പരം കൈകോർത്ത് പ്രവർത്തിക്കേണ്ട ആവശ്യകതയാണ് മാർപാപ്പ ചർച്ചചെയ്യുന്നത്. മതം മനുഷ്യനിൽ ഉളവാക്കുന്ന വ്രണങ്ങൾ അത്ര എളുപ്പത്തിൽ മുറിവുണക്കുകയില്ല എന്ന വസ്തുതയാണ് മാർപാപ്പാ ഓർമ്മിപ്പിക്കുന്നത്.
സഹോദരമനോഭാവത്തിലേക്ക് വളരാൻ ഫ്രാൻസിസ് മാർപാപ്പ ചാക്രിക ലേഖനത്തിൽ അവസാനമായി എല്ലാവരോടും ആവശ്യപ്പെടുകയാണ്. ഈ കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ മനസ്സിലാക്കി സംവദിക്കുന്ന മാർപാപ്പയെ നമ്മുടെ സാഹോദര്യത്തിന്റെ ഐക്യത്തിന്റെ സ്നേഹത്തിന്റെ ചരടിൽ കോർക്കാം.
അഖിൽ മാത്യു എം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26