വത്തിക്കാന്‍ സിറ്റി: സ്വയം സുഖപ്പെടുത്താന്‍ കഴിയാത്ത ദുര്‍ബലതകളില്‍നിന്ന് ദിവ്യകാരുണ്യം നമുക്ക് സൗഖ്യമേകുന്നുവെന്നു ഫ്രാന്‍സിസ് പാപ്പ. ദിവ്യകാരുണ്യം വിശുദ്ധര്‍ക്കുള്ള സമ്മാനമല്ലെന്നും അത് പാപികളുടെ അപ്പമെന്നും പാപ്പ ഓര്‍മിപ്പിച്ചു.
ഞായറാഴ്ച മധ്യാഹ്നത്തില്‍ ത്രികാലപ്രാര്‍ഥനയ്ക്കു മുന്‍പായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വന്നുചേര്‍ന്ന വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു. ക്രിസ്തുവിന്റെ തിരു മാംസരക്തങ്ങളുടെ തിരുന്നാള്‍ ദിനത്തില്‍ ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥത്തിലെ മര്‍ക്കോസിന്റെ സുവിശേഷം 14: 12-16, 22-26 എന്നീ വാക്യങ്ങളാണ് പാപ്പാ വിശദീകരിച്ചത്. സുവിശേഷ ഭാഗത്തിലെ അന്ത്യ അത്താഴത്തിന്റെ വിവരണമായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ കാതല്‍.
കര്‍ത്താവിന്റെ വാക്കും പ്രവര്‍ത്തികളും നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. അവിടുന്ന് അപ്പം കൈയില്‍ എടുത്ത്, വാഴ്ത്തി, മുറിച്ച്, ഇപ്രകാരം അരുളിചെയ്ത് ശിഷ്യന്മാര്‍ക്കു നല്‍കുന്നു-'ഇത് സ്വീകരിക്കുവിന്‍, ഇത് എന്റെ ശരീരമാകുന്നു'. ഏറ്റവും ലാളിത്യമേറിയ ഈ പ്രവര്‍ത്തിയിലൂടെ ദാനം ചെയ്യുന്നതിന്റെയും പങ്കുവയ്ക്കുന്നതിന്റെയും ഏറ്റവും മഹത്തായ കൂദാശ യേശു നമുക്ക് പ്രദാനം ചെയ്യുന്നു.
സ്വന്തം ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍, യേശു ജനക്കൂട്ടത്തിന് അപ്പം സമൃദ്ധമായി വിതരണം ചെയ്യുന്നില്ല, മറിച്ച് ശിഷ്യന്മാരോടൊപ്പമുള്ള പെസഹാ അത്താഴ വേളയില്‍ തന്നെത്തന്നെ മുറിച്ചു നല്‍കുകയാണ് ചെയ്യുന്നത്. ഇപ്രകാരം ജീവിതത്തിന്റെ ലക്ഷ്യം സ്വയം നല്‍കലാണെന്നു യേശു നമുക്കു കാണിച്ചുതരുന്നു. ഏറ്റവും മഹത്തായ കാര്യം ശുശ്രൂഷയേകലാണ് എന്ന സന്ദേശം അവിടുന്നു നല്‍കുന്നു.
ദൈവത്തിന്റെ മഹത്വം ദുര്‍ബലമായ ഒരു അപ്പക്കഷണത്തില്‍ എങ്ങനെ ദര്‍ശിക്കുമെന്നു പാപ്പ വിശദീകരിക്കുന്നു. കവിഞ്ഞൊഴുകുന്ന സ്‌നേഹത്തിലും പങ്കുവയ്ക്കലിലും ദുര്‍ബലമാക്കപ്പെടുന്ന അവസ്ഥ യേശു കാണിച്ചുതരുന്നു.
താന്‍ ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്ന വാക്കാണ് ദുര്‍ബലതയെന്നു പാപ്പാ പറഞ്ഞു. മുറിക്കപ്പെടുന്നതും ശകലങ്ങളായിത്തീരുന്നതുമായ അപ്പം പോലെ യേശു ദുര്‍ബലനായിത്തീരുന്നു. എന്നാല്‍ ആ ബലഹീനതയിലാണ് അവിടുത്തെ ശക്തി കുടികൊള്ളുന്നത്.
ദിവ്യകാരുണ്യത്തിന്റെ ശക്തി ദുര്‍ബലതയാണ്. നാം ഭയപ്പെടാതിരിക്കാനും സ്വീകരിക്കപ്പെടാനും വേണ്ടി സ്‌നേഹത്തിന്റെ ശക്തി ചെറുതായിത്തീരുന്നു. ജീവന് പോഷണമാകാനും ജീവനേകാനും മുറിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന സ്‌നേഹത്തിന്റെ ശക്തിയാണത്. നമ്മെ എല്ലാവരെയും ഐക്യത്തില്‍ ഒന്നാക്കിത്തീര്‍ക്കുന്നതിനായി വിഭജിക്കുന്ന സ്‌നേഹത്തിന്റെ ശക്തി.
ദിവ്യകാരുണ്യത്തിന്റെ ദുര്‍ബലതയില്‍ തെളിഞ്ഞുവരുന്ന മറ്റൊരു ശക്തിയെക്കുറിച്ചും പാപ്പ പറഞ്ഞു. തെറ്റുകള്‍ ചെയ്യുന്നവരെ സ്‌നേഹിക്കാനുള്ള ശക്തി. താന്‍ ഒറ്റിക്കൊടുക്കപ്പെടുന്ന രാത്രിയിലാണ് യേശു നമുക്ക് ജീവന്റെ അപ്പം നല്‍കുന്നത്. സ്വന്തം ഹൃദയത്തില്‍ ആഴമേറിയ ഒരു ഗര്‍ത്തത്തിന്റെ അനുഭവം ഉണ്ടാകുന്നതിനിടയിലാണ് അവിടുന്ന് നമുക്ക് ഏറ്റവും മഹത്തായ സമ്മാനം നല്‍കുന്നത്. തന്നോടൊപ്പം ഭക്ഷണം കഴിക്കുന്ന, ഒരേ തളികയില്‍ അപ്പക്കഷണം മുക്കുന്ന ശിഷ്യന്‍, അവിടുത്തെ ഒറ്റിക്കൊടുക്കുന്നു.
സ്‌നേഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വിശ്വാസവഞ്ചന ഏറ്റവും വലിയ വേദനയാണ്. യേശു എന്താണ് ചെയ്യുന്നത്? തിന്മയോട് വലിയ നന്മകൊണ്ട് പ്രതികരിക്കുന്നു. യൂദാസിന്റെ തിരസ്‌കരണത്തോട് അവിടുന്ന് കാരുണ്യത്തിന്റെ അനുകൂലഭാവത്തോടെ ഉത്തരം നല്‍കുന്നു. അവിടുന്ന് പാപിയെ ശിക്ഷിക്കുകയല്ല, മറിച്ച്, അവനുവേണ്ടി ജീവന്‍ നല്‍കുന്നു.
നാം ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍, യേശു നമ്മോടും അതുതന്നെ ചെയ്യുന്നു. അവിടുന്ന് നമ്മെ അറിയുന്നു. നാം പാപികളാണെന്ന് അവിടുത്തേക്കറിയാം, നമുക്ക് ഒരുപാട് തെറ്റുകള്‍ സംഭവിക്കുന്നുണ്ടെന്ന് കര്‍ത്താവ് മനസിലാക്കുന്നു. എന്നാല്‍, തന്റെ ജീവിതത്തെ നമ്മുടെ ജീവിതത്തോട് ഐക്യപ്പെടുത്തുന്ന ദൗത്യത്തില്‍നിന്ന് യേശു പിന്മാറുന്നില്ല. നമുക്കത് ആവശ്യമാണെന്ന് അവിടത്തേക്കറിയാം, കാരണം ദിവ്യകാരുണ്യം വിശുദ്ധര്‍ക്കുള്ള സമ്മാനമല്ല, അത് പാപികള്‍ക്കുള്ള അപ്പമാണ്. അതുകൊണ്ടാണ് അവിടുന്ന് നമ്മെ ഉദ്ബോധിപ്പിക്കുന്നത്-'ഭയപ്പെടേണ്ട! എടുത്തു ഭക്ഷിക്കുക'.
നമ്മുടെ ബലഹീനതകള്‍ പങ്കുവയ്ക്കുന്നതില്‍ അവിടുന്ന് സന്തുഷ്ടനാണെന്ന് പാപ്പാ വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു. യേശുവിന്റെ കരുണ നമ്മുടെ ദുരവസ്ഥകളെ ഭയപ്പെടുന്നില്ലെന്ന് അവിടുന്ന് നമ്മോട് പറയുന്നു.
സര്‍വോപരി, നമുക്ക് സ്വയം സുഖപ്പെടുത്താന്‍ കഴിയാത്ത ദുര്‍ബലതകളില്‍നിന്ന് അവിടുന്ന് നമ്മെ സ്‌നേഹത്താല്‍ സൗഖ്യമാക്കുന്നു. നമ്മെ ദ്രോഹിച്ചവരോടുള്ള നീരസം, മറ്റുള്ളവരില്‍നിന്ന് അകന്നു നില്‍ക്കുകയും സ്വയം ഒറ്റപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ, സ്വയം സഹതപിക്കുകയും സമാധാനം കണ്ടെത്താതെ വിലപിക്കുകയും ചെയ്യുക-ഇതൊന്നും നമുക്ക് സ്വയം സുഖപ്പെടുത്താന്‍ കഴിയില്ല. സ്വന്തം സാന്നിധ്യത്താല്‍ തന്റെ അപ്പത്താല്‍, ദിവ്യകാരുണ്യത്താല്‍ നമ്മെ സുഖപ്പെടുത്തുന്നത് അവിടുന്നാണ്.
അടച്ചുപൂട്ടലുകള്‍ക്കെതിരായ ഫലപ്രദമായ മരുന്നാണ് ദിവ്യകാരുണ്യം. തീര്‍ച്ചയായും, ജീവന്റെ അപ്പം കാഠിന്യമേറിയതിനെ സൗഖ്യമാക്കുകയും മയപ്പെടുത്തുകയും ചെയ്യുന്നു. ദിവ്യകാരുണ്യം സൗഖ്യം നല്‍കുന്നു, കാരണം അത് യേശുവുമായി ഐക്യപ്പെടുത്തുന്നു. അവിടത്തെ ജീവിതശൈലിയും സ്വയം വിഭജിക്കാനും സഹോദരങ്ങള്‍ക്ക് ദാനമായിത്തീരാനുള്ള കഴിവും സ്വായത്തമാക്കാനും തിന്‍മയോടു നന്മകൊണ്ട് പ്രതികരിക്കാനും നമ്മെ പ്രാപ്തരാക്കുന്നു. നമ്മില്‍നിന്ന് പുറത്തുകടക്കാനും ദൈവം നമ്മോടു ചെയ്യുന്നതു പോലെ, മറ്റുള്ളവരുടെ ബലഹീനതകള്‍ക്കു മുന്നില്‍ സ്‌നേഹത്തോടെ കുമ്പിടാനുമുള്ള ധൈര്യം ഇത് പ്രദാനം ചെയ്യുന്നു. ഇതാണ് ദിവ്യകാരുണ്യത്തിന്റെ യുക്തി.
മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനും അവരുടെ ബലഹീനതകളില്‍ സഹായിക്കുന്നതിനുമായി നമ്മെ സ്‌നേഹിക്കുകയും നമ്മുടെ ബലഹീനതകളെ സുഖപ്പെടുത്തുകയും ചെയ്യുന്ന യേശുവിനെ നാം സ്വീകരിക്കുന്നു. ഇത്, ജീവിതത്തിലുടനീളം സംഭവിക്കുന്നു.
ദൈവം ആരില്‍ മാംസം ധരിച്ചുവോ ആ പരിശുദ്ധ കന്യക ദിവ്യകാരുണ്യമെന്ന സമ്മാനം നന്ദിയുള്ള ഹൃദയത്തോടെ സ്വീകരിക്കാനും നമ്മുടെ ജീവിതത്തെ ഒരു ദാനമായി മാറ്റാനും നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ഥനയോടെ മാര്‍പാപ്പ സന്ദേശം അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.