വാക്‌സിന്‍ ഉല്‍പാദന യൂണിറ്റ്, സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി എന്നിവയ്ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി

വാക്‌സിന്‍ ഉല്‍പാദന യൂണിറ്റ്, സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി എന്നിവയ്ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി

തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കും. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഡോ.എസ്. ചിത്ര ഐ.എ.എസിനെ വാക്‌സിന്‍ ഉല്‍പാദന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.പി. സുധീര്‍ ചെയര്‍മാനും സ്റ്റേറ്റ് ലെവല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി കോവിഡ് മാനേജ്‌മെന്റിലെ ഡോ. ബി. ഇക്ബാല്‍, ഹൈദരാബാദ് ഡോ. റെഡ്ഡീസ് ലബോറട്ടറിസിലെ വാക്‌സിന്‍ വിദഗ്ദ്ധന്‍ ഡോ. വിജയകുമാര്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡെ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഡോ.രാജമാണിക്യം എന്നിവര്‍ മെമ്പര്‍മാരുമായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും.

പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും പെട്ടെന്നു തന്നെ വാക്‌സിന്‍ ഉല്‍പാദനം സാധ്യമാക്കുന്നതിനും വര്‍ക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തി. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് കീഴില്‍ ഉള്‍പ്പെടുത്തി വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ മന്ത്രിസഭ അംഗീകരിച്ചു.

ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി 5.25 കോടി രൂപ ചെലവില്‍ നടപ്പാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി. കുട്ടനാട്ടിലെ വൈദ്യുത പ്രസരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ ചെലവ് 42.60 കോടിരൂപയില്‍ നിന്ന് 53.55 കോടിരൂപയായി പുതുക്കുന്നതിനും അംഗീകാരം നല്‍കി.

ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന കമ്പനിയെ 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാക്കി മാറ്റാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 27 താല്‍ക്കാലിക ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മിജിസ്‌ട്രേറ്റ് കോടതികളെ സ്ഥിരം കോടതികളാക്കാന്‍ തീരുമാനിച്ചു. ഓരോ കോടതിയ്ക്കും 10 തസ്തികകള്‍ അനുവദിക്കും.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭ അനുവാദം നല്‍കി. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാനും തീരുമാനിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.