വാഷിങ്ടണ്‍: ആദായ നികുതി അടയ്ക്കാത്ത അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ പേരുകള്‍ പുറത്തു വിട്ട് വാര്‍ത്താ വെബ്‌സൈറ്റായ പ്രോ പബ്ലിക്ക. ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക്, വാറന്‍ ബഫെറ്റ് തുടങ്ങി വമ്പന്മാരുടെ പേരുകളാണ് പുറത്തു വന്നത്.
2007 ലും 2011 ലും ആമസോണ്‍ സി.ഇ.ഒ. ജെഫ് ബെസോസും 2018-ല്‍ ടെസ്ല മോട്ടോഴ്സ് സി.ഇ.ഒ. ഇലോണ്‍ മസ്‌കും നികുതിയിനത്തില്‍ സര്‍ക്കാരിന് ഒന്നും നല്‍കിയിട്ടില്ല. ശതകോടീശ്വരന്മാരുടെ നികുതികളെക്കുറിച്ചുള്ള ഇന്റേണല്‍ റവന്യൂ സര്‍വീസ് ഡേറ്റ വിശകലനം ചെയ്യുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും വെബ്‌സൈറ്റ് പറയുന്നു.
അമേരിക്കയില്‍ സമ്പന്നര്‍ അടച്ച നികുതി തുകയെക്കുറിച്ചും വര്‍ധിച്ചു വരുന്ന നികുതി അസമത്വത്തെക്കുറിച്ചും വാര്‍ത്താ ചാനലായ ബി.ബി.സി. നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പ്രോ പബ്ലിക്കയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ സ്ഥിരീകിക്കാന്‍ ബി.ബി.സിക്ക് ആയിട്ടില്ല.
അമേരിക്കയിലെ 25 സമ്പന്നര്‍ രാജ്യത്തെ മുഖ്യധാരാ ഉദ്യോഗസ്ഥരെക്കാളും കുറഞ്ഞ നികുതിയാണ് നല്‍കുന്നത്. ഇത് അവരുടെ മൊത്ത വരുമാനത്തിന്റെ 15.8 ശതമാനം മാത്രമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വ്യവസ്ഥയിലെ പഴുതുകള്‍ ഉപയോഗിച്ചാണ് പലരും നികുതിവെട്ടിപ്പ് നടത്തുന്നത്.
25 ശതകോടീശ്വരന്മാരുടെ സമ്പത്ത് 2014 മുതല്‍ 2018 വരെ 40,100 കോടി ഡോളര്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ഇവര്‍ ആ വര്‍ഷങ്ങളില്‍ 1360 കോടി ഡോളര്‍ മാത്രമാണ് ആദായനികുതി നല്‍കിയത്. അമേരിക്കയിലെ സമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുന്നതിനെ പിന്തുണച്ച ശതകോടീശ്വരന്‍ ജോര്‍ജ് സോറോസും കുറഞ്ഞ നികുതി അടച്ചതായി ആരോപിക്കപ്പെടുന്നു.
രഹസ്യ സ്വഭാവമുള്ള സര്‍ക്കാര്‍ വിവരങ്ങള്‍ അനധികൃതമായി വെളിപ്പെടുത്തുന്നത് നിയമ വിരുദ്ധമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി ഇതേപ്പറ്റി പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന് രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ സഹായം തേടിയതായും അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.