ഇന്ത്യയ്ക്ക് സഹായവുമായി പറന്നെത്തി; മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി ക്യാപ്റ്റന്‍ വിബിന്‍ വിന്‍സെന്റ്

ഇന്ത്യയ്ക്ക് സഹായവുമായി പറന്നെത്തി; മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി ക്യാപ്റ്റന്‍ വിബിന്‍ വിന്‍സെന്റ്

ഫ്ളോറിഡ: ക്യാപ്റ്റന്‍ വിബിന്‍ വിന്‍സെന്റ് ഈ പേര് ആര്‍ക്കും അത്ര പരിചയം ഉണ്ടാകില്ല. കാര്‍ട്ടൂണുകളിലും സിനിമകളിലും പലപ്പോഴും നമ്മള്‍ ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്. സ്വന്തമായി ഹെലികോപ്ടറില്‍ പറന്ന് സാഹസം കാണിക്കുന്ന, നായകന്റെ ഓരോ ചലനങ്ങളും സീന്‍ ബൈ സീനായി നമ്മുടെയൊക്കെ മനസില്‍ അങ്ങനെ തെളിഞ്ഞ് നില്‍ക്കും. അത്തരത്തില്‍ ജീവിതത്തില്‍ ഹീറോയെന്ന് തെളിയിച്ച വ്യക്തിയാണ് ക്യാപ്റ്റന്‍ വിബിന്‍ വിന്‍സെന്റ്.

കോവിഡ് മഹാമാരിയില്‍പ്പെട്ട് ലോകരാജ്യങ്ങള്‍ പോലും എന്ത് ചെയ്യുമെന്ന ചിന്തയില്‍ വലിയ വലിയ ചര്‍ച്ചകളും വാക്‌സിന്‍ പ്രവര്‍ത്തനങ്ങളും സജീവമാക്കിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയൊരു സന്ദര്‍ഭത്തിലാണ് സ്വന്തം നാടിനുവേണ്ടി ത്യാഗപൂര്‍വ്വം വലിയൊരു ഉത്തരവാദിത്തം ക്യാപ്റ്റന്‍ വിപിന്‍ ഏറ്റെടുത്തത്. വിംഗ്‌സ് ഫോര്‍ ഇന്ത്യ എന്ന ദൗത്യവുമായി അമേരിക്കയിലെ നാല്‍പ്പത്തെട്ട് സംസ്ഥാനങ്ങളിലൂടെയും പറന്ന് ഇന്ത്യയ്ക്കായി സഹായം ഉറപ്പിച്ചു ക്യാപ്റ്റന്‍ വിബിന്‍ വിന്‍സെന്റും സംഘവും. മെയ് 15 മതല്‍ ജൂണ്‍ 5 വരെ ആയിരുന്നു രണ്ട് വിമാനങ്ങളിലായി ദൗത്യ സംഘത്തിന്റെ യാത്ര.

ഫ്ളോറിഡയില്‍ നിന്നും പുറപ്പെട്ട വിമാനം 48 സംസ്ഥാനങ്ങളില്‍ നിന്നും സഹായം സ്വീകരിച്ചു.  ക്യാപ്റ്റന്‍ വിബിന്‍ വിന്‍സെന്റ്  ഇങ്ക രാജലിംഗം
എന്നിവര്‍ ദൗത്യത്തിന് നേതൃത്വം നല്‍കി. ഓരോ സംസ്ഥാനങ്ങളിലും ഇറങ്ങിയ ദൗത്യസംഘത്തിന് വിവിധ ഇന്ത്യന്‍ സംഘടനകള്‍ സ്വീകരണം നല്‍കി. അവിടെവെച്ച് വിവിധ സംഘടനകള്‍ സമാഹരിച്ച തുക വിംഗ്‌സ് ഫോര്‍ ഇന്ത്യ ദൗത്യസംഘത്തിന് കൈമാറി. പരമാവധി ധനസഹായം ഇന്ത്യയിലേയ്ക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ സഹായവുമായി ഫോമയെപ്പോലുള്ള സംഘടനകളും രംഗത്തെത്തി.

അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തിലാദ്യമായാണ് ഒരു മലയാളി ക്യാപ്റ്റന്‍ തന്റെ കൊച്ചു വിമാനത്തില്‍ യാത്ര തിരിച്ചത്. കോവിഡ് മഹാമാരിയില്‍ ബുദ്ധിമുട്ടുന്ന തന്റെ നാടിനു വേണ്ടി സഹായ ഹസ്തങ്ങള്‍ സ്വീകരിക്കുവാന്‍, 48 സ്റ്റേറ്റ് കളില്‍ പ്രതികൂലമായ കാലാവസ്ഥയെ പോലും തൃണവല്‍ക്കരിച്ചാണ് അവര്‍ പറന്നിറങ്ങിയത്. അങ്ങനെ പറന്നിറങ്ങിയത് ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിലേയ്ക്കു കൂടിയായിരുന്നു.


അമേരിക്കയിലെ സുഖ സൗകര്യങ്ങള്‍ക്കിടയില്‍ സ്വന്തം നാടിന്റെ വേദന നെഞ്ചിലേറ്റിയ മലയാളി. ജന്മനാടിനോടുള്ള കരുതലും സ്‌നേഹവും കൊണ്ട് മലയാളികള്‍ക്കിടയില്‍ വ്യത്യസ്തനായ മനുഷ്യന്‍. ഒരു വലിയ ദൗത്യമാണ് അദ്ദേഹം നിറവേറ്റിയിരിക്കുന്നത്. അമേരിക്കയിലെ ഇന്ത്യക്കാരുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും സാഹസികവും മനുഷ്യത്വപരവുമായ ദൗത്യം ഒരാള്‍ സ്വയം ഏറ്റെടുക്കുന്നത്. അമേരിക്കയിലെ 48 സംസ്ഥാനങ്ങളിലേക്ക് ഒരു ചെറിയ സിംഗിള്‍ എഞ്ചിന്‍ വിമാനത്തില്‍ യാത്ര. കോവിഡില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യയിലെ ആളുകളെ സഹായിക്കാനായിരുന്നു സാഹസം നിറഞ്ഞ ആ യാത്ര.

സ്വന്തം ജീവന്‍തന്നെ അപകടത്തിലാണെന്ന് അറിഞ്ഞുകൊണ്ടാണ് ക്യാപ്റ്റന്‍ വിബിന്‍ വിന്‍സെന്റ് ഈ കൃത്യത്തിന് തയാറായത്. കാരണം അമേരിക്കക്ക് മുകളിലൂടെ ഇത്ര നീണ്ട ദിവസങ്ങളുടെ പറക്കലുകള്‍ക്ക് അദ്ദേഹം ഉപയോഗിച്ചത് സിംഗിള്‍ എഞ്ചിനുള്ള ഒരു ചെറിയ എയര്‍ക്രാഫ്റ്റാണ്. ആകാശത്ത് വച്ച് ആ എഞ്ചിന്‍ തകരാരിലായാല്‍ ജീവന്‍ തന്നെ അപകടപ്പെടും. എല്ലാം അറിഞ്ഞിട്ടും തന്റെ രാജ്യത്തിനു വേണ്ടി എന്തിനും തയ്യാറായി മുന്നിട്ടിറങ്ങിയ വലിയ മനുഷ്യന്‍. മലയാളികളുടെ മനസ്സില്‍ ചേക്കേറിയ റിയല്‍ ഹീറോ !



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.