ന്യൂയോര്‍ക്ക് സിറ്റി പോലീസിന്റെ സുപ്രധാന ചുമതലയില്‍ മലയാളി; ക്യാപ്റ്റന്‍ ലിജു തോട്ടം ഡപ്യൂട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍

ന്യൂയോര്‍ക്ക് സിറ്റി പോലീസിന്റെ സുപ്രധാന ചുമതലയില്‍ മലയാളി; ക്യാപ്റ്റന്‍ ലിജു തോട്ടം ഡപ്യൂട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ പോലീസ് സംവിധാനമായ ന്യൂയോര്‍ക്ക് സിറ്റി പോലീസിന്റെ സുപ്രധാന ചുമതല ഏറ്റെടുത്ത് മലയാളിയായ ക്യാപ്റ്റന്‍ ലിജു തോട്ടം. ഡപ്യൂട്ടി പോലീസ് ഇന്‍സ്‌പെക്ടറായാണ് കോട്ടയം സ്വദേശി ലിജു നിയമിതനായത്. ഈ നിയമനം മലയാളികള്‍ക്ക് മാത്രമല്ല ഇന്ത്യാക്കാര്‍ക്കെല്ലാം അഭിമാന നിമിഷമാണ്. ഡപ്യൂട്ടി പോലീസ് ഇന്‍സ്‌പെക്ടറായി ചുമതലയേല്‍ക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ് ലിജു തോട്ടം.

പോലീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ലിജുവിനു പുറമേ രണ്ടു മലയാളികള്‍ കൂടി ചുമതലയേറ്റു. ഓഫീസര്‍ സോണി വര്‍ഗീസ് ഡിറ്റക്ടീവായും സാര്‍ജന്റ് നിതിന്‍ എബ്രഹാം ലെഫ്റ്റനന്റായും ആണ് സ്ഥാനമേറ്റത്.

ഫൊറന്‍സിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ലിജുവിന്റെ സ്തുത്യര്‍ഹമായ സേവനം കണക്കിലെടുത്താണ് പുതിയ നിയമനം.

ന്യുയോര്‍ക്ക് സിറ്റിയില്‍ ആദ്യ ഇന്ത്യന്‍ പോലീസ് ഓഫിസര്‍, സാര്‍ജന്റ്, ലെഫ്റ്റനന്റ്, ക്യാപ്റ്റന്‍ എന്നീ സ്ഥാനങ്ങളിലെത്തിയത് സ്റ്റാന്‍ലി ജോര്‍ജ് ആണ്. പിന്നാലെ ലിജു തോട്ടവും ക്യാപ്റ്റനായി. ഇപ്പോള്‍ ഡെപ്യുട്ടി ഇന്‍സ്‌പെക്ടറും.

പോലീസാവുകയെന്നതായിരുന്നു ക്യാപ്റ്റന്‍ ലിജുവിന്റെ ചെറുപ്പം മുതലുള്ള മോഹം. പതിമൂന്നാം വയസിലാണ് അമേരിക്കയില്‍ എത്തിയത്. എയറോനോട്ടിക്കല്‍ എന്‍ജിനിയറിംങ്ങില്‍ ബിരുദമെടുത്ത ശേഷം കുറച്ചുകാലം ഡെല്‍റ്റ, പാനാം തുടങ്ങിയ വിമാനക്കമ്പനികളില്‍ ജോലി ചെയ്തു. 1996 ല്‍ ആണ് പോലീസില്‍ എത്തിയത്. തുടക്കം ന്യൂയോര്‍ക്ക് സിറ്റി പോലീസില്‍ ഓഫീസറായി. നാലു വര്‍ഷത്തിനു ശേഷം ഡിറ്റക്ടീവായി. 2002 ല്‍ സാര്‍ജന്റ് പദവിയിലെത്തി. 2006-ല്‍ ലെഫ്റ്റനന്റായി. 2013-ല്‍ ക്യാപ്റ്റനായി പ്രൊമോഷന്‍ ലഭിച്ചു. തുടര്‍ന്നുള്ള പ്രവര്‍ത്തനമാണ് അദ്ദേഹത്തെ ന്യൂയോര്‍ക് സിറ്റി പോലീസിലെ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ പദവിയിലേക്കുയര്‍ത്തിയത്.

ഇത്തരം പദവികളൊന്നും സ്വപ്നം കണ്ടിരുന്നില്ലെന്നു ക്യാപ്റ്റന്‍ ലിജു തോട്ടം പറയുന്നു. തന്നെ പോലുള്ള കുടിയേറ്റക്കാരെ പോലീസിലെ സുപ്രധാന ചുമതലകള്‍ ഏല്‍പിക്കുമെന്നു കരുതിയിരുന്നില്ല.

ന്യൂയോര്‍ക്ക് നഗരത്തില്‍ ക്യാപ്റ്റന് മുകളിലുളള റാങ്കുകളില്‍ 89 ശതമാനവും വെളുത്ത വംശജരാണ്. കുടിയേറ്റക്കാര്‍ പോലീസ് സംവിധാനത്തിലെ ഉയര്‍ന്ന പദവികളില്‍ എത്തുന്നത് അപൂര്‍വമാണ്.



സ്റ്റോണിബ്രൂക് ആശുപത്രിയില്‍ നഴ്‌സ് പ്രാക്ടീഷണറായ ഡോ. സ്മിതയാണ് ലിജുവിന്റെ ഭാര്യ. അലീന, ആന്‍ജലീന, ലിയാന എന്നിവര്‍ മക്കളാണ്. പരേതരായ ഫിലിപ് തോട്ടവും മേരിയുമാണ് മാതാപിതാക്കള്‍.

തന്റെ മനസിലെ പോലീസിനെക്കുറിച്ചും ക്യാപ്റ്റന്‍ ലിജുവിന് വ്യക്തമായ ചിത്രമുണ്ട്. കൊമ്പന്‍ മീശയൊന്നും വേണ്ട. എപ്പോഴും കാര്‍ക്കശ്യം കൊണ്ടു നടക്കേണ്ട. അതൊക്കെ ആവശ്യമുളളപ്പോള്‍ മാത്രം എടുത്താല്‍ മതിയെന്ന് നിറഞ്ഞ ചിരിയോടെ ലിജു പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.