കൊച്ചി: ഇന്ന് മുതല്‍ രാജ്യത്തെവിടെയും ലഭിക്കുക ഹാള്‍മാര്‍ക്ക് എന്ന ഗുണമേന്മാ മുദ്ര ആലേഖനം ചെയ്ത സ്വര്‍ണം മാത്രം. ഹാള്‍മാര്‍ക്കിംഗ് നിയമം കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതോടെയാണിത്. 14,18, 22 കാരറ്റ് പരിശുദ്ധിയുള്ള സ്വര്‍ണാഭരണം മാത്രമേ ജൂവല്ലറികള്‍ക്ക് ഇന്നു മുതല്‍ വില്‍ക്കാനാകൂ.
അതേസമയം ഉപയോക്താക്കള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് വ്യവസ്ഥ ബാധകമല്ല. ഉപയോക്താക്കളുടെ കൈവശമുള്ള ഏതു കാരറ്റിലുള്ള സ്വര്‍ണാഭരണവും തുടര്‍ന്നും മാറ്റിയെടുക്കാം. പഴയ സ്വര്‍ണം വിറ്റു പണമാക്കാനും കഴിയും. ഹാള്‍മാര്‍ക്ക് ചെയ്യാത്തതോ, നിശ്ചിത കാരറ്റിലല്ലാത്തതോ ആയ സ്വര്‍ണം കൈവശം വയ്ക്കുന്നതിനും തടസമില്ല. എന്നാല്‍ ജൂവല്ലറികള്‍ ഉപയോക്താക്കള്‍ക്കു വില്‍ക്കുന്ന സ്വര്‍ണം ഹാള്‍മാര്‍ക്ക് ചെയ്തതായിരിക്കണം എന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.
ഉപയോക്താക്കളുടെ സ്വര്‍ണത്തിന് ജൂവല്ലറികള്‍ വിപണി വില നല്‍കുകയും വേണം. ഹാള്‍മാര്‍ക് ചെയ്യാത്ത സ്വര്‍ണം സ്വീകരിക്കില്ലെന്ന് ഏതെങ്കിലും സ്വര്‍ണ വ്യാപാരികള്‍ പറഞ്ഞാല്‍ ഉപയോക്താക്കള്‍ക്കു നിയമപരമായി നീങ്ങാവുന്നതാണ്. സ്വര്‍ണാഭരണങ്ങള്‍ മാത്രമല്ല, നാണയങ്ങളോ മറ്റ് ഉരുപ്പടികളോ വില്‍ക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഹാള്‍മാര്‍ക്കിംഗ് ആവശ്യമില്ല. എന്നാല്‍ രണ്ടു ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഹാള്‍മാര്‍ക്കിംഗ് ബാധകമല്ല.
2020 ജനുവരിയിലാണു നിയമം പാസാക്കിയത്. ജൂവല്ലറികളുടെ പക്കലുള്ള സ്വര്‍ണം വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തെ സമയം നല്‍കിയിരുന്നു. 2021 ജനുവരിയില്‍ പൂര്‍ണമായും ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കാനാണ് കേന്ദ്രം തീരുമാനിച്ചതെങ്കിലും കോവിഡ് മൂലം ആറുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു. 2000 മുതല്‍ ഹാള്‍മാര്‍ക്കിംഗ് രാജ്യത്തു നിലവിലുണ്ട്. നിയമം നടപ്പാക്കാനുള്ള സമയപരിധി 2022 ജൂണ്‍ വരെ നീട്ടണമെന്നാണ് സ്വര്‍ണവ്യാപാര രംഗത്തെ സംഘടനകളുടെ ആവശ്യം.
സ്വര്‍ണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താനായി ആഭരണത്തില്‍ ആലേഖനം ചെയ്യുന്ന മുദ്രയാണ് ഹാള്‍മാര്‍ക്കിംഗ്. വാങ്ങുന്ന സ്വര്‍ണത്തില്‍ മായം കലരുന്നതില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ലക്ഷ്യം. സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കണമെങ്കില്‍ ജൂവല്ലറികള്‍ ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം. ഇനിമുതല്‍ ഹാള്‍മാര്‍ക്കിംഗ് ലൈസന്‍സും നിര്‍ബന്ധമാണ്.
സാമ്പത്തിക ആവശ്യങ്ങള്‍ക്കായി സ്വര്‍ണം പണയം വയ്ക്കുമ്പോഴും സ്വര്‍ണപണയത്തിനും നിയമം ബാധകമല്ല. സ്വര്‍ണത്തിന്റെ വിപണിമൂല്യത്തിന് ആനുപാതികമായ പണം ഉപയോക്താവിനു ലഭിക്കും. ഹാള്‍മാര്‍ക്ക് ഇല്ലാത്തതിന്റെ പേരില്‍ സേവനം നിഷേധിച്ചാല്‍ ഉപയോക്താവിനു നിയമപരമായി മുന്നോട്ടുപോകാം.
ഉപയോക്താക്കളുടെ കൈകളില്‍നിന്നു വ്യാപാരികള്‍ വിലയ്ക്കു വാങ്ങുന്ന പഴയ സ്വര്‍ണം, ഉരുക്കി, നിശ്ചിത കാരറ്റിലാക്കി ഹാള്‍മാര്‍ക് ചെയ്തു വീണ്ടും വിപണികളിലെത്തിക്കും. മാറ്റ് അനുസരിച്ചുള്ള അന്നത്തെ വിപണി വില സ്വര്‍ണം വില്‍ക്കുന്ന ഉപയോക്താക്കള്‍ക്കു ലഭിക്കും. പഴയ ആഭരണത്തിന്റെ കാരറ്റ് പരിശോധിച്ചായിരിക്കും ജൂവല്ലറികള്‍ വില നിശ്ചിയിക്കുക. ഇതിനായി കാരറ്റ് അനലൈസര്‍ സംവിധാനം ഭൂരിഭാഗം ജൂവല്ലറികള്‍ക്കുമുണ്ട്. ഉപയോക്താവിനും ഇവ നേരില്‍കണ്ടു ബോദ്ധ്യപ്പെടാം.
14, 18, 22 കാരറ്റിലുള്ള ആഭരണങ്ങള്‍ മാത്രമേ ഇനി മുതല്‍ ജൂവല്ലറികള്‍ക്കു വില്‍ക്കാനാകൂ. ഇതില്‍ ഏതു കാരറ്റില്‍ ആഭരണങ്ങള്‍ നിര്‍മിച്ചാലും ഹാള്‍മാര്‍ക് ചെയ്യണം. 21 കാരറ്റ് സ്വര്‍ണം പുതിയ വിജ്ഞാപനപ്രകാരം ജൂവല്ലറികളില്‍ വില്‍ക്കാനാകില്ല. അതേസമയം 21 കാരറ്റ് ആഭരണങ്ങള്‍ ഉപയോക്താക്കളില്‍നിന്ന് ജൂവല്ലറികള്‍ക്കു വാങ്ങാം. പല വിദേശരാജ്യങ്ങളില്‍ നിന്നും കൊണ്ടുവരുന്ന സ്വര്‍ണം 21 കാരറ്റിലുള്ളവയാണ്.
ഹാള്‍മാര്‍ക്കിംഗ് അനുവദിക്കുന്ന സ്ഥാപനത്തിന്റെ മുദ്ര, ജ്വല്ലറിയുടെ തിരിച്ചറിയല്‍ മുദ്ര, ബി.ഐ.എസ് മുദ്ര,നിലവാരം കാരറ്റില്‍ രേഖപ്പെടുത്തിയത് എന്നിവ സ്വര്‍ണാഭരണങ്ങളിലുണ്ടാകും. നിലവില്‍ സംസ്ഥാനത്തു വില്‍ക്കുന്ന രണ്ട് ഗ്രാമിനു മുകളിലുള്ള ആഭരണങ്ങളില്‍ ഏതാണ്ട് 100 ശതമാനവും ഗുണമേന്മാ മുദ്ര പതിച്ചവയാണ്.
വിവിധ ഹാള്‍മാര്‍ക്കിംഗ് സെന്ററുകളില്‍നിന്നു മുദ്ര പതിപ്പിച്ച ശേഷമാണ് ലൈസന്‍സില്ലാത്ത ജൂവല്ലറികളും ആഭരണങ്ങള്‍ വില്‍ക്കുന്നത്. എന്നാല്‍ ഇന്നുമുതല്‍ സ്വന്തമായി ലൈസന്‍സ് ഇല്ലാതെ ഹാള്‍മാര്‍ക്കുള്ള സ്വര്‍ണം വില്‍ക്കുന്നതും കുറ്റകരമാണ്. സ്വര്‍ണ വില്‍പനയുള്ള നിര്‍മാണ യൂണിറ്റിനും ലൈസന്‍സ് നിര്‍ബന്ധമാണ്.
ലൈസന്‍സ് എടുക്കാനുള്ള സേവനം പൂര്‍ണമായും ഓണ്‍ലൈനാണ്. www.manakonline.in എന്ന പോര്‍ട്ടലിലൂടെ ഫീസ് അടച്ച് ആവശ്യമായ ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്ത് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തില്‍ ആകെ 12000 ഓളം ജൂവല്ലറികളുണ്ടെങ്കിലും
ഹാള്‍മാര്‍ക്കിംഗ് ലൈസന്‍സുള്ളവ 3700 ഓളം മാത്രമാണ്. രാജ്യത്തൊട്ടാകെ ഹാള്‍മാര്‍ക്കിംഗ് ലൈസന്‍സുള്ള 34,647 ജൂവല്ലറികളാണുള്ളത്. രാജ്യത്ത് ആകെ 980 ഹാള്‍മാര്‍ക്കിംഗ് സെന്ററുകളുണ്ട്. കേരളത്തില്‍ 73 ഹാള്‍മാര്‍ക്കിംഗ് സെന്ററുകളുണ്ട്. ഇടുക്കി ജില്ലയില്‍ ഹാള്‍മാര്‍ക്കിംഗ് സെന്ററില്ല.
അരുണാചല്‍പ്രദേശ്, ലഡാക്ക്, മണിപ്പുര്‍, നാഗാലാന്‍ഡ്, മിസോറാം, സിക്കിം, ആന്‍ഡമാന്‍ നിക്കോബാര്‍, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഹാള്‍മാര്‍ക്കിംഗ് സെന്ററുകളില്ല.
സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാകുമ്പോള്‍ ഏതാണ്ട് ഒന്നര ലക്ഷം കോടിയുടെ നഷ്ടമാണ് സ്വര്‍ണ വ്യാപാര മേഖലയ്ക്കുണ്ടാവുക. പുതിയ തീരുമാനപ്രകാരം 14, 18, 22 കാരറ്റുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമേ ഇനി വില്‍ക്കാന്‍ പാടുള്ളു. വ്യാപാരികളുടെ കൈവശമുള്ള 20, 21, 23,24 കാരറ്റുകളിലുള്ള സ്വര്‍ണം ഏകദേശം 3000 ടണ്ണാണ്. ഇവ 14, 18, 22 കാരറ്റുകളിലേക്ക് മാറ്റിയാല്‍ നഷ്ട്ടപ്പെടുന്ന സ്വര്‍ണത്തിന്റെ വിപണി വില ഏകദേശം ഒന്നര ലക്ഷം കോടി രൂപയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.