ഇനി കാലാവധി അഞ്ച് വര്‍ഷം: പ്രവാസികളുടെ ലൈസന്‍സ് കാലാവധി വര്‍ധിപ്പിച്ച് കുവൈറ്റ്

ഇനി കാലാവധി അഞ്ച് വര്‍ഷം: പ്രവാസികളുടെ ലൈസന്‍സ് കാലാവധി വര്‍ധിപ്പിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തി കുവൈറ്റ് ഭരണകൂടത്തിന്റെ ഉത്തരവ്. കുവൈറ്റ് പൗരന്‍മാരുടെയും ഗള്‍ഫ് പൗരന്‍മാരുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമാക്കി ദീര്‍ഘിപ്പിച്ചത് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ്. ഏതാനും മാസം മുമ്പ് വരെ ഒരു വര്‍ഷമായിരുന്നു പ്രവാസികളുടെ ലൈസന്‍സിന് നല്‍കിയിരുന്ന കാലാവധി. ഇത് വര്‍ഷം തോറും പുതുക്കണമായിരുന്നു. അത് അടുത്തിടെ മൂന്ന് വര്‍ഷം വരെ നീട്ടി നല്‍കിയിരുന്നു. ഇപ്പോഴത് അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തിക്കൊണ്ടാണ് പുതിയ തീരുമാനം.

കുവൈറ്റ് പൗരന്‍മാരുടെയും ഗള്‍ഫ് പൗരന്‍രുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി 15 വര്‍ഷമാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ കുവൈറ്റ് പൗരരുടെ ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി 10 വര്‍ഷമായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍-സബാഹ് പുറപ്പെടുവിച്ച തീരുമാന പ്രകാരം, പ്രവാസികളുടെ ലൈസന്‍സിനുള്ള കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്തിയിരുന്നു. ഈ കാലാവധിയാണ് ഇപ്പോള്‍ അഞ്ച് വര്‍ഷമായി ഉയര്‍ത്തിയത്. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരും. പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് കര്‍ശനമായ വ്യവസ്ഥകളാണ് കുവൈറ്റില്‍ ഉള്ളത്.

പുതിയ തീരുമാനം ഏതൊക്കെ ലൈസന്‍സുകള്‍ക്ക് ബാധമാകും എന്ന് നോക്കാം:

പ്രൈവറ്റ് ലൈസന്‍സ്: ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന വാഹനങ്ങള്‍, രണ്ട് ടണ്ണില്‍ താഴെ ഭാരമുള്ള ലൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍, ടാക്‌സികള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്ക്.

ജനറല്‍ ലൈസന്‍സ്:

കാറ്റഗറി എ: ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍ ( 25 ന് മുകളില്‍ സീറ്റിങ് കപ്പാസിറ്റിയുള്ളവ)

കാറ്റഗറി ബി: ഏഴ് മുതല്‍ 25 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളുന്നതും രണ്ട് മുതല്‍ എട്ട് ടണ്‍ വരെ ഭാരം വഹിക്കുന്നതുമായ യാത്രാവാഹനങ്ങള്‍.

മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സ്:

കാറ്റഗറി എ: എല്ലാ മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടും

കാറ്റഗറി ബി: മൂന്ന് ചക്ര വാഹനങ്ങള്‍

സെക്ടര്‍- സ്‌പെസിഫിക് ലൈസനന്‍സ്: കണ്‍സ്ട്രക്ഷന്‍, വ്യവസായം, കൃഷി, ട്രാക്ടര്‍, സ്‌പെഷ്യല്‍ ആക്ടിവിറ്റി ലൈസന്‍സ്


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.