കേരളത്തെ ഏറെ ഇഷ്ടപ്പെട്ട കായിക താരമായിരുന്നു മില്‍ഖാ സിംഗ്. 'ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് കേരളത്തില്‍ ജനിച്ചാല്‍ മതി. അത്രയ്ക്ക് ഭംഗിയുള്ള നാടാണിത്. നിങ്ങള്‍ മലയാളികള്‍ സ്‌നേഹമുള്ളവരാണ്'. ഒരു സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ മില്‍ഖാ സംഗ് സംഘാടകരോട് പറഞ്ഞ വാക്കുകളാണിത്.
വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ളതാണെന്ന് വിശ്വസിക്കുന്ന മനുഷ്യനായിരുന്നു മില്‍ഖാ. പഞ്ചാബില്‍ ദേശീയ ഗെയിംസ് നടന്നപ്പോള്‍ ദീപം കൊളുത്താന്‍ വിശിഷ്ടാതിഥിയായി അദ്ദേഹത്തെയാണ് ക്ഷണിച്ചത്. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെ ഗെയിംസ് ദീപം കൊളുത്താന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് തീനാളങ്ങള്‍ പാറി.
ഉദ്ഘടന ചടങ്ങിന്റെ പൊലിമക്കിടയില്‍ ആരുമത് വലിയ കാര്യമാക്കിയില്ല. എന്നാല്‍ മില്‍ഖയുടെ പ്രതികരണം മറിച്ചായിരുന്നു. ദീപം കൊളുത്തുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ 'തീ പാറി എന്റെ താടി കത്തിയേനേ. ആദരിക്കാനല്ല. അപമാനിക്കാനാണിവര്‍ എന്നെ ഇവിടെ കൊണ്ടു വന്നത്.' എന്നായിരുന്നു രോഷത്തോടെയുള്ള അദേഹത്തിന്റെ പ്രതികരണം.
മില്‍ഖാ സിംഗിന് 'പറക്കും സിഖ് ' എന്ന പേരു നല്‍കിയത് പാകിസ്താന്‍കാരാണ്. 1960ല്‍ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ മില്‍ഖയ്ക്ക് ക്ഷണം വന്നു. കുട്ടിക്കാലത്തെ ദുരന്ത സ്മരണകള്‍ കാരണം അവിടേക്ക് പോവാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നു.
പിന്നീട് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രേരണയിലാണ് അങ്ങോട്ട് പോയത്. അവിടെ പാകിസ്താനിലെ ഏറ്റവും മികച്ച ഓട്ടക്കാരനും ടോക്കിയോ ഏഷ്യാഡിലെ 100 മീറ്റര്‍ ജേതാവുമായ അബ്ദുള്‍ അലീഖുമായി മത്സരിച്ചു ജയിച്ചു. പാക് പ്രസിഡന്റ് അയൂബ്ഖാന്‍ മത്സരം കാണാന്‍ വന്നിരുന്നു. അദ്ദേഹമാണ് ആദ്യമായി 'പറക്കും സിഖ'് എന്ന് മില്‍ഖയെ വിളിച്ചത്.
1928 ല്‍ പടിഞ്ഞാറന്‍ പാകിസ്താനിലെ മുസാഫര്‍ഗഢിലാണ് മില്‍ഖാ സിംഗിന്റെ ജനനം. 15 സഹോദരങ്ങളുണ്ടായിരുന്നു. ഇന്ത്യാ വിഭജനത്തിന് മുമ്പേ അതില്‍ എട്ടുപേര്‍ മരിച്ചു. പട്ടിണിയും പരിവട്ടവും പതിവായിരുന്നു. വീട്ടില്‍നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലായിരുന്നു പഠനം. ചുട്ടുപൊള്ളുന്ന മണ്ണിലൂടെ ചെരിപ്പിടാതെ സ്‌കൂളിലേക്കുള്ള യാത്ര. കാല് പൊള്ളാതിരിക്കാന്‍ ഓടും. അങ്ങനെയാണ് താനൊരു ഓട്ടക്കാരനായതെന്ന് മില്‍ഖ പറഞ്ഞിട്ടുണ്ട്.
'എന്റെ പതിനെട്ടാം വയസിലായിരുന്നു ഇന്ത്യാ-പാക് വിഭജനം. ലഹളക്കാരെത്തി. നിര്‍ദയരായിരുന്നു അവര്‍. എന്റെ അച്ഛനമ്മമാരും മൂന്നു സഹോദരങ്ങളും വാളിനിരയായി. അതില്‍ മൂന്നുപേര്‍ മരിച്ചത് എന്റെ കണ്‍മുന്നിലാണ്. കലാപഭൂമിയില്‍ നിന്ന് ജീവനുംകൊണ്ട് ഓടുകയായിരുന്നു. എങ്ങനെയൊക്കെയോ ഇന്ത്യയിലെത്തി.
അനാഥനും തൊഴില്‍ രഹിതനുമായി കുറേ അലഞ്ഞു. പിന്നെ ജോലിക്കായുള്ള നെട്ടോട്ടം. ഒടുവില്‍ പട്ടാളത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തല്‍ ജോലി കിട്ടി. ആര്‍മിയില്‍വെച്ചാണ് ഞാന്‍ അത്‌ലറ്റായത്. ഇന്ത്യന്‍ ആര്‍മിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു'- ഇതിഹാസ താരത്തിന്റെ വാക്കുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.