പത്തനംതിട്ട: സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ ആരോഗ്യ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ഇഷ്ടക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതായി ആക്ഷേപം. അമ്പത് ശതമാനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ബാക്കി സ്‌പോട്ട് രജിസ്‌ട്രേഷനുമാക്കിയതിന്റെ മറവിലാണിത്. രണ്ടാം ഡോസ് യഥാസമയം ഉറപ്പാക്കാന്‍ വേണ്ടിയാണ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടപ്പാക്കിയത്. അതൊന്നും പാലിക്കാതെ, തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണ കക്ഷിക്കാര്‍ തങ്ങളുടെ ആളുകളെ മാത്രം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ അവരുടെ ബന്ധുക്കള്‍ക്ക് വാക്‌സിനേഷന്‍ നടത്തുന്നു. ഇത് പല സ്ഥലങ്ങളിലും തര്‍ക്കത്തിനിടയാക്കി. ഇതിനിടെ ഓണ്‍ലൈന്‍ സ്‌ളാേട്ടുകള്‍ പ്രതീക്ഷിച്ചിരിക്കുന്ന പലര്‍ക്കും വാക്‌സിന്‍ കിട്ടാതായി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനൊപ്പം തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ജനപ്രതിനിധികളും പാര്‍ട്ടിക്കാരും സ്വന്തം ആളുകളെ ആരോഗ്യ കേന്ദ്രങ്ങളിലെത്തിച്ച് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി വാക്‌സിന്‍ നല്‍കുന്നു. ആശാ വര്‍ക്കര്‍മാര്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തണമെന്ന നിര്‍ദേശവും അട്ടിമറിച്ചു. രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുന്നതും ഇതേ രീതിയിലാണ്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടെന്നറിഞ്ഞ് രണ്ടാം ഡോസിനായി എത്തുന്ന സാധാരണക്കാര്‍ നിരാശരായി മടങ്ങുകയാണ്.
വാക്‌സിനേഷന്‍ തര്‍ക്കം ഇപ്പോള്‍ അടൂര്‍ കടമ്പനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ പഞ്ചായത്ത് ഭരണ സമിതി സസ്‌പെന്‍ഡ് ചെയ്തതില്‍ വരെയെത്തി. തിരുവല്ല നഗരസഭയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പ്രമേയം പാസാക്കി. അതേസമയം,ആരോഗ്യ പ്രവര്‍ത്തകരെ വേട്ടയാടുന്നതിനെതിരെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടനകള്‍ പ്രതിഷേധത്തിലാണ്.
രജിസ്‌ട്രേഷന്‍ സ്ലോട്ട് കിട്ടുന്നില്ല ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ ദിവസവും കോവിന്‍ പോര്‍ട്ടലില്‍ സ്‌ളോട്ട് പ്രതീക്ഷിച്ചിരിക്കുകയാണ്. തിരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ഇല്ലെന്ന അറിയിപ്പാണ് ലഭിക്കുന്നത്. വൈകുന്നേരം ആറിനും ഏഴിനുമിടയില്‍ പോര്‍ട്ടലില്‍ കയറിയാല്‍ സ്‌ളോട്ടു ലഭിച്ചേക്കുമെന്നാണ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ ലഭിച്ച ചിലര്‍ പറയുന്നത്.സാധാരണക്കാര്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കാന്‍ മൊബൈല്‍ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.