എം സി റോഡരികിലെ കലാലയ കാരണവർക്ക് ശതാബ്ദിയുടെ യൗവനം

എം സി റോഡരികിലെ കലാലയ കാരണവർക്ക് ശതാബ്ദിയുടെ യൗവനം

എസ് ബി കോളേജ് എന്ന് കേട്ടാൽ ഹൃദയം ത്രസിക്കുന്നവർ ഏറെയാണ്. ഒരു എസ് ബി കോളേജ് 'പ്രോഡക്റ്റ് ' എന്ന് അഭിമാനത്തോടെ പറയുന്നവരെയും നമുക്ക് അറിയാം. ലോകത്തിന്റെ ഏതുഭാഗത്തും ഉണ്ടാവും എസ് ബി കോളേജ് ,തീർത്ത മിടുക്കർ. കലാലയങ്ങളുടെ ഈ കാരണവർക്ക് നൂറ് തികയാൻ ഇനി ഒരു വർഷം ബാക്കി. എം സി റോഡരികിൽ, ചങ്ങനാശേരിയിൽ തല ഉയർത്തി പ്രൗഢഗംഭീര്യത്തോട് കൂടി നിലയുറപ്പിച്ചിരിക്കുന്ന ഈ കലാലയ മുത്തച്ഛന് പറയാൻ കഥകൾ ഏറെയുണ്ടാവും; ആരും പറഞ്ഞിട്ടില്ലാത്തതും അറിഞ്ഞിട്ടില്ലാത്തതുമായ എണ്ണമറ്റ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതിന്റെ കഥകൾ.

അഭിമാനിക്കാൻ ഏറെയുണ്ട് ഈ കാരണവർക്ക്; താൻ രൂപം കൊടുത്ത മഹത്‌വ്യക്തിത്വങ്ങൾ കുറച്ചൊന്നുമല്ല. ഈ കലാലയത്തിൽ നിന്ന് ഉമ്മൻ ചാണ്ടി ഉൾപ്പെടെ രണ്ടു മുഖ്യമന്ത്രിമാർ, 15 മന്ത്രിമാർ, നാല് കേന്ദ്രമന്ത്രിമാർ, മൂന്ന് ഗവർണർമാർ, കർദിനാൾ മാർ ആലഞ്ചേരി ഉൾപ്പെടെ രണ്ടു മേജർ ആർച്ച് ബിഷപ്പുമാർ, അഞ്ച് ആർച്ച് ബിഷപ്പുമാർ, ഏഴ് ബിഷപ്പുമാർ, അനേകം മെത്രാന്മാർ, ടോമിൻ ജെ തച്ചങ്കരി ഉൾപ്പെടെയുള്ള IPSകാർ , രാജു നാരായണ സ്വാമി ഉൾപ്പെടെയുള്ള IASകാർ ,സുപ്രീംകോടതി ജഡ്ജി(ജസ്റ്റിസ് സിറിയക് ജോസഫ്) ഉൾപ്പെടെ മൂന്ന് ജഡ്ജിമാർ, ആറു വൈസ് ചാൻസലർമാർ, രണ്ട് എംപിമാർ, മൂന്ന് പത്മഅവാർഡ് ജേതാക്കൾ, എംഎൽഎമാർ, പ്രേം നസീർ മുതൽ കുഞ്ചാക്കോ ബോബൻ വരെ നിരവധി സാമൂഹിക സാംസ്കാരിക നായകന്മാർ ഒക്കെ തന്നെ ജന്മമെടുത്തത് ഈ കലാലയത്തിൽ നിന്നാണ്. എന്തിന്, സിന്യൂസ് ചീഫ് എഡിറ്റർ ശ്രീ ജോ കാവാലം, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ രാജേഷ് കൂത്രപ്പള്ളി, ശ്രീ സജി വര്ഗീസ് കാവാലം എന്നിവരും ഈ കലാലയത്തിലെ തന്നെ പൂർവ വിദ്യാർത്ഥികളാണ്.

ചങ്ങനാശേരിയിൽ ഒരു കോളേജ് ആരംഭിക്കാൻ പോകുന്നു എന്ന വാർത്ത മധ്യതിരുവിതാംകൂർകാർക്ക് ഒരു ആശ്വാസമായിരുന്നു. എങ്കിലും ആശങ്കകൾ, ആശകളെക്കൾ മുന്നിട്ട് നിന്നു. കാരണം കേരളത്തിലെ അറിയപ്പെട്ടിരുന്ന കോളേജുകൾ എല്ലാം തന്നെ നടത്തിയിരുന്നത് യുറോപ്യന്മാരായിരുന്നു. എന്തിനേറെ എറണാകുളം, തിരുവനതപുരം എന്നീ ഗവൺമെന്റ്‌ കോളേജുകളുടെ അധിപന്മാരും പാശ്ചാത്യരായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു കോളേജ് എന്ന സാഹസ ആശയവുമായി ചങ്ങനാശേരി രൂപത മുൻപോട്ട് വരുന്നത്. കോളേജ് നടത്തിപ്പിനാവശ്യമായ സാമ്പത്തികം, അത് നടത്തിക്കൊണ്ടുപോകുവാൻ പ്രാപ്തനായ ഒരു പ്രിസിപ്പൾ ,ഇവയൊക്കെ ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചു.
ശ്രീ എസ്‌ സത്യമൂർത്തി എഴുതിയ 'റവ ഫാ മാത്യു പുരക്കലും സെന്റ് ബർക്കുമാൻസ് കോളേജും” എന്ന പുസ്തകത്തിൻറെ ആമുഖത്തിൽ, പുളിങ്കുന്നു പഴയമഠത്തിൽ ശ്രി കെ എൻ ഗോവിന്ദൻ നായർ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. ഫാ മാത്യു പുരക്കൽ ചങ്ങനാശ്ശേരി രൂപതയിലെ ആദ്യത്തെ എം എ കാരനാണെങ്കിൽ അത് തക്ക പരീക്ഷ യോഗ്യത തന്നെ. എന്നാൽ പ്രിസിപ്പാലിന് വേണ്ട പ്രാപ്തിയും തന്റേടവും അദ്ദേഹത്തിന് ഉണ്ടോ ? പോരെങ്കിൽ യൂറോപ്യന്മാർ അവരുടെ കോളേജുകൾക്കും ആവശ്യം വേണ്ട ആസ്തികൾ ശീമെയിൽ നിന്നും മറ്റും ചെയ്തിരുന്നതുപോലെ ഈ പുതിയ കോളേജിന് വേണ്ടിയിരുന്ന അതിഗണ്യമായ സംഖ്യയും മറ്റു വസ്തുവകകളും എവിടെനിന്ന് വരും. എങ്ങിനെ സമ്പാദിക്കും ? ഇതായിരുന്നു ചിന്ത. എങ്കിലും ഒരാശദീപത്തിന്റെ പുതു പ്രകാശം എന്നെ കൂടുതൽ ഉന്മേഷവാനാക്കി. ധീരസാഹസത്തിന് ഒരുമ്പെടുന്ന യുവ വൈദികൻ ഒരു തികഞ്ഞ കുട്ടനാട്ട് കാരനാണല്ലോ എന്നുള്ള പരമാർത്ഥ ചിന്തയായിരുന്നു ഈ പ്രകാശ ധോരണിക്ക് വഴി തെളിച്ചത്. ദീപശകലങ്ങൾ പോലെ അങ്ങുമിങ്ങും പൊങ്ങിക്കാണുന്ന കേരവൃക്ഷ സമൃദ്ധമായ വിളഭൂമികൾ ഒന്നും തന്നെ പണം കൊടുത്തു രൊക്കവിലക്ക്‌ വാങ്ങിയിട്ടുള്ളതല്ല. അവ ഓരോന്നും മനോനിർമ്മിതങ്ങളായ
മധുര സ്വപ്നങ്ങൾക്ക് ദൃശ്യരൂപം കൊടുക്കുന്നതിന് വേണ്ടി കൂസലില്ലാതെ നിരന്തരം നടത്തിപ്പോന്നിരുന്ന ധീരയത്നങ്ങളുടെയും കടുത്ത യാതനകളുടെയും മകുടോദാഹരണങ്ങളാകുന്നു. കുട്ടനാടിന്റെ മക്കളിൽപ്പെട്ട ഒരു വീരസന്താനമാണ് ഈ കോളേജ് കെട്ടിപ്പടുക്കുന്നതിന് അരയും തലയും മുറുക്കി മുൻപോട്ടിറങ്ങിയിരിക്കുന്ന ഫാ മാത്യു പുരക്കൽ. അചഞ്ചലവും സുസ്ഥിരവുമായ മാനവയത്നത്തിന്റെ മാറ്റ് ആര് കണ്ടു"
.

ഇതിന്റെ നിർമ്മാണത്തിന്റെ ചരിത്രത്തിലേക്കോ വർത്തമാന കാല സംഭവങ്ങളിലേക്കോ പോകുന്നില്ല. കാരണം കോളജിന്റെ പണിയിൽ പ്രിസിപ്പൽ അനുഭവിച്ച ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കോളേജിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ബെർക്കുമാൻസ് കോളേജിന്റെ നൂറ്റാണ്ടിലൂടെയുള്ള മത നിരപേക്ഷതയുടെയും രാഷ്ട്രീയ നിഷ്പക്ഷതയുടെയും യഥാർത്ഥ ചിത്രം കണ്ടിരിക്കേണ്ടതാണ്. ഈ നിരപേക്ഷ നിലപാടുകളുടെ യഥാർത്ഥ ചിത്രം ലഭിക്കാൻ വീണ്ടും ശ്രീ സത്യമൂർത്തിയിലേക്ക് പോകുന്നു . അദ്ദേഹം ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് വായിക്കുക. "അവിടെ വർഗീയ ചിന്ത കൂടാതെ എല്ലാവർക്കും ലഭിച്ചുകൊണ്ടിരുന്നത് സമത്വ സുന്ദരമായ പെരുമാറ്റമാണ്. അദ്ദേഹത്തിന്റെ( പ്രിസിപ്പൽ ആയിരുന്ന ഫാ മാത്യു )പൈതൃക ഹൃദയം ജാതിമതഭേദ ചിന്തകൾക്കതീതമായിരുന്നു. എങ്കിലും അതിന്റെ കരുണാർദ്രങ്ങളായ യുവകിരണങ്ങൾ കൂടുതൽ പ്രകാശിച്ചു കൊണ്ടിരുന്നത് ഹൈന്ദവ വിദ്യാർത്ഥികളുടെ നേർക്കായിരുന്നു. ഈ സൗജന്യങ്ങളുടെ സിംഹ ഭാഗവും അക്രൈസ്തവർക്കാണ് ലഭിച്ചുകൊണ്ടിരുന്നത് എന്ന് എനിക്ക് ഉറപ്പായി പറയാൻ കഴിയും, അതിനെപ്പറ്റി വിശദമായ നിരൂപണങ്ങളുമുണ്ടായിട്ടുണ്ട്. സംഭവബഹുലമായ അദ്ദേഹത്തിന്റെ പതിനാലുവർഷത്തെ ഭരണകാലത്ത് അധ്യയനം ചെയ്തുകൊണ്ടിരുന്ന അനേകം ഹൈന്ദവ വിദ്യാർഥികൾ പ്രിസിപ്പൾ ഫാ പുരയ്ക്കലിനെ അവരുടെ ഹൃദയ ക്ഷേത്രങ്ങളിൽ ആദർശ പുരുഷനായി അവരോധിച്ച് ആരാധിച്ച് പോന്നിരുന്നു."


മതനിരപേക്ഷതയും രാഷ്ട്രീയ നിഷ്പക്ഷതയും ഇന്ന് ബെർക്കുമാൻസ് കോളേജിന്റെ മുഖമുദ്രയാണ്. അവിടെ പഠിച്ചിറങ്ങിയിട്ടുള്ള വിദ്യാർഥികൾ ജാതിമത ഭേദമെന്യേ എത്തിച്ചേർന്നിട്ടുള്ള ഔന്നത്യം ഇതിന്റെ മഹത്വം വിളിച്ചോതുന്നു. രാഷ്ട്രീയ വൈരികളിൽ ചിലർ കോളേജിന്റെ ചാപ്പൽ ആക്രമിച്ചപ്പോൾപോലും മാനസിക സമനില തെറ്റാതെ സഭാ നേതൃത്വം അതിനെ എങ്ങിനെ അതിജീവിച്ചുവെന്നും ആ ആക്രമണത്തെ എങ്ങിനെ നേരിട്ട് എന്നും നമുക്ക് അറിയാം. ജാതിമത ഭേദമെന്യേ സമൂഹം അതിനെതിരെ പ്രതികരിക്കുകയും ചെയ്തു.

ഒരു കോളേജ് എന്ന ആശയം ആദ്യം കൊണ്ടുവന്നത് റൈറ്റ് റവ മോൺ ചാൾസ് ലവിഞ്ഞ്‌ ആയിരുന്നു. ഒരു ജെസ്യുട് വൈദികനായ അദ്ദേഹമാണ് 24ആമത്തെ വയസ്സിൽ മരണമടഞ്ഞ വി ബെർക്‌മെൻസിന്റെ പേര് കോളേജിന് കൊടുത്തത് . അന്ന് ചങ്ങനാശേരിയിൽ തുടങ്ങിയ സ്കൂളിന്റെ പേരായിരുന്നു അത്. അതേ പേര് ലവിഞ്ഞ്‌ പിതാവ് കോളേജിനും കൊടുക്കുകയായിരുന്നു. എങ്കിലും കോളേജ് തുടങ്ങി കാണാൻ അദ്ദേഹത്തിന് ഭാഗ്യം കിട്ടിയില്ല. ആദ്യത്തെ നാട്ട് മെത്രാനായ കുര്യാളശ്ശേരി പിതാവാണ് കോളേജിന്റെ തുടക്കത്തിന് ചുക്കാൻ പിടിച്ചത്.

"എസ് ബി യുടെ മുൻ വിദ്യാർത്ഥി എന്ന്  പറയുന്നതിൽ വലിയ അഭിമാനമുണ്ട്.  വായനയുടെ ലോകത്തേക്ക് എന്നെ ഉയർത്തിയ ലൈബ്രറിയും പ്രാർത്ഥനാ ചൈതന്യം നിറഞ് നിൽക്കുന്ന ചാപ്പലും ഓർമ്മ ചെപ്പിൽ നിറഞ്ഞ് നില്കുന്നു.ഒരുപാട് ആരോഗ്യ പ്രശനങ്ങൾ ഞാൻ അനുഭവിച്ചിരുന്നു. എട്ടാം ക്ലാസ് മുതൽ 20 വയസ്സ് വരെ.  കോളേജിൽ പഠിക്കുമ്പോൾ അതിശക്തമായ അൾസർ എന്നെ വല്ലാതെ തളർത്തിയിരുന്നു. വല്ലാത്ത വയറു വേദനയും ക്ഷീണവും തോന്നുമ്പോൾ നേരെ ഞാൻ ഓടുന്നത് ചാപ്പലിലേക്ക് ,അവിടെ മണിക്കൂറുകൾ തനിച്ചിരിക്കും, പിന്നെ അല്പം ആശ്വാസത്തിന് ലൈബ്രറിയിൽ കയറി ഇരിക്കും.  ക്ലാസ് കട്ട്  ചെയത്‌ സിനിമയ്ക്ക് പോയിട്ടില്ല, പക്ഷെ മണിക്കൂറുകളോളം ലൈബ്രറിയിൽ ഇരുന്ന് ക്ലാസുകൾ പലതും കട്ട് ആയിട്ടുണ്ട്."

                                                                                                                                                         ജോ കാവാലം,ചീഫ് എഡിറ്റർ,സിന്യൂസ്



കെ സി ജോൺ കല്ലുപുരക്ക

(നാളെ തുടരും)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.