ഓണം പിറന്നാലും സർവ്വകലാശാല വന്നാലും ക്രൈസ്തവന് എന്നും അവഗണന തന്നെ

ഓണം പിറന്നാലും സർവ്വകലാശാല വന്നാലും  ക്രൈസ്തവന് എന്നും അവഗണന തന്നെ

കേരളത്തിലെ സമീപകാലത്തെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ, ബൗദ്ധിക, കാർഷിക മേഖലകളെ പരിശോധിക്കുമ്പോൾ മുൻനിരയിൽ നിന്ന് ക്രൈസ്തവർ അവഗണിക്കപ്പെടുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. ഈ ദിവസങ്ങളിൽ പത്ര മാധ്യമങ്ങളിൽ വന്ന വാർത്ത ഇതിന്റെ ഉത്തമ ഉദാഹരണമാണ്. സർക്കാരിന്റെ 100 ദിന കർമ്മപദ്ധതികളിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയോടൊപ്പം ഒരു ഇസ്ലാമിക് സ്റ്റഡി സെന്ററും പരിഗണനയിലുണ്ട് എന്ന വാർത്ത ക്രൈസ്തവരെ അവഗണിക്കുകയും ചില സമുദായങ്ങളെ പ്രീണിപ്പിക്കുകയും ചെയ്യുന്നതിന്റെ വ്യക്തമായ തെളിവാണ്.  

കേരളത്തിൽ വിദ്യാഭ്യാസത്തിന് വേരോട്ടമുണ്ടായത് ക്രിസ്ത്യൻ മിഷനറിമാരുടെ കഠിനാധ്വാനം കൊണ്ടാണെന്നത് നിസ്തർക്കമായ ചരിത്രവസ്തുതയാണ്. എന്നാൽ അവരുടെ പേരിലോ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഉന്നതശ്രേണിയിൽ എത്തിച്ച നവോത്ഥാന നായകൻ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പേരിലോ ഒരു സർവകലാശാലയോ ഒരു സ്റ്റഡി സെന്ററോ പോലുമോ തുടങ്ങാൻ നാളിതുവരെ ഒരു ഭരണാധികാരികൾക്കും ഇവിടെ കഴിഞ്ഞിട്ടില്ല എന്നത് ഇവിടുത്തെ ക്രൈസ്തവരോട് ചെയ്യുന്ന അവഗണനയുടെ അടയാളമാണ്. എന്നാൽ ഇസ്ലാമിക് സർവ്വകലാശാല ഇത്രയേറെ പരിഗണിക്കാൻ തക്കവിധം എന്ത് കാര്യം ആണ് അവർ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ചെയ്തിട്ടുള്ളത്?.

ഇന്ന് ഏത് ഉദ്യോഗ തലങ്ങളിൽ എടുത്തു നോക്കിയാലും ക്രൈസ്തവ അസാന്നിധ്യം വളരെ പ്രകടമാണ്. കാലങ്ങളായുള്ള ഗൂഢപരിശ്രമങ്ങളുടെ ഫലമാണ് ഇതെന്ന് വ്യക്തമായി പറയാൻ സാധിക്കും. ഒരുവശത്ത് ചില സമുദായ ശക്തികൾ എല്ലാ വിഭാഗങ്ങളുടെയും തലപ്പത്ത് കയറിപ്പറ്റുമ്പോഴും ക്രൈസ്തവരെ മനപൂർവം അവഗണിക്കുന്ന ചില നിലപാടുകളാണ് നാം കാണുന്നത്. ഇത് ബൗദ്ധിക മേഖലകളിൽ ക്രൈസ്തവർ പിന്നോക്കമായതുകൊണ്ടല്ല. മറിച്ച് വോട്ടുബാങ്കുകളെ പ്രീതിപ്പെടുത്തിയുള്ള രാഷ്ട്രീയനേതൃത്വം ക്രൈസ്തവരെ അവഗണിക്കുകയാണ്.  

 ക്രൈസ്തവരെപ്പോലെ കേരള സമൂഹത്തിൽ ഇത്രയേറെ വിദ്യാഭ്യാസ സാംസ്കാരിക പൈതൃകം ഉള്ള മറ്റൊരു സമൂഹം വേറെ ഇല്ല എന്നത് ചരിത്ര സത്യമാണ്. കാരണം അവർ സ്ഥാപിച്ച സ്കൂളുകളും കോളേജുകളും ഉന്നതനിലവാരമുള്ളതാണെന്ന് എല്ലാവർക്കുമറിയാം. ക്രൈസ്തവ സ്ഥാപനങ്ങളിൽ ഉള്ള തിരക്ക് അവരുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബലപ്പെടുത്തുന്നതാണ്. ക്രൈസ്തവ ജനതയെ എത്ര അവഗണിച്ചാലും അവർ വോട്ടുനൽകി വിജയിപ്പിക്കും എന്ന തെറ്റായ ചിന്തയാണ് ഇത്തരം പാർശ്വാവത്കരണത്തിന് കാരണമാകുന്നത്. ക്രൈസ്തവന് ഒരു സർക്കാർ ജോലി പലപ്പോഴും ഒരു സ്വപ്നംമാത്രമായി മാറുന്നതുകൊണ്ട് അവർ പുതിയ മേഖലകൾ അന്വേഷിച്ചു മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി പാർക്കേണ്ടി വരുന്നു എന്നതാണ് വസ്തുത.

കലാ സാംസ്കാരിക മേഖലകളിലും അവഗണനയുടെയും അവഹേളനത്തിന്റെയും സംഘടിത ശ്രമങ്ങൾ നിലനിൽക്കുന്നു എന്നുള്ളതിന് പരസ്യമായ തെളിവാണ് ഈ കാലഘട്ടങ്ങളിൽ ഇറങ്ങിയ ചില സിനിമകൾ. സമീപകാലത്തിറങ്ങിയ ചില സിനിമകളിൽ ക്രൈസ്തവരെ മനപ്പൂർവ്വം അവഹേളിക്കുന്ന ചില തീവ്രവാദ സ്വഭാവങ്ങൾ പ്രകടമാണ്. ക്രൈസ്തവർ പരിശുദ്ധിയോടെ കണ്ടിരുന്ന കുർബാനയും മറ്റു കൂദാശകളും ഇന്ന് അവഹേളനത്തിനും ഹാസ്യത്തിനുമായി ഉപയോഗിക്കുന്നത് ക്രൈസ്തവ വിശ്വാസികളെ വേദനിപ്പിക്കുന്നുണ്ട്. ക്രൈസ്തവ സമുദായങ്ങളെ അവഹേളിക്കുന്ന ഇത്തരം സിനിമകൾക്ക് പണം മുടക്കാൻ യാതൊരു മടിയും കാണിക്കാത്ത ചില സംഘടിത ശക്തികളെ നാം ഈ ദിവസങ്ങളിൽ തിരിച്ചറിഞ്ഞു. ഏത് ഗവൺമെന്റിന്റെയും ഉദ്യോഗ അകത്തളങ്ങളിൽ കയറാൻ മാത്രം ശക്തിയുള്ളവരാണ് ഇത്തരക്കാരെണ് കേരള ജനത മനസിലാക്കി. എന്നാൽ ഈ പറഞ്ഞ അവഗണനകളും അവഹേളനങ്ങളും ചില സമുദായങ്ങളെ ഉദ്ദേശിച്ചാണ് ചെയ്തിരുന്നതെങ്കിൽ ഇവിടെ അക്രമം നടക്കുമെന്ന് ആർക്കാണ്‌ അറിയാത്തത്.

ഇടതു-വലത് രാഷ്ട്രീയങ്ങളുടെ ഒരു സമുദായത്തെ മാത്രം പ്രീണിപ്പിക്കാനുള്ള ശ്രമം ഇവിടെ കാലങ്ങളായി നിൽക്കുന്ന സാംസ്കാരിക പൈതൃകങ്ങളെയാണ് തകർക്കുന്നത് എന്ന് ഓർമ്മപ്പെടുത്തട്ടെ. അവഗണിക്കപ്പെടുന്ന ക്രൈസ്തവർ ഒരു വിമോചനസമരവുമായി വന്നാൽ ഒരു സർക്കാരിനും പിടിച്ചുനിൽക്കാനാവില്ല എന്ന് ഓർമ്മിച്ചാൽ നല്ലത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.