ടെഹ്‌റാന്‍: ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള നിഗൂഢത തുടരുകയാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ). ഇറാനിലെ ഇസ്ഫഹാനില്‍ തകര്‍ക്കപ്പെട്ട ഭൂഗര്‍ഭ ആണവ കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഐഎഇഎ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ മരിയാനോ ഗ്രോസി പറഞ്ഞു.
കഴിഞ്ഞ ജൂണില്‍ ഇസ്രയേലും അമേരിക്കയും ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ ഈ കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് കരുതപ്പെട്ടിരുന്നത്. 2025 ജൂണില്‍ ഈ കേന്ദ്രം സന്ദര്‍ശിക്കാന്‍ ഐഎഇഎ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇറാനുമായുള്ള സംഘര്‍ഷം തുടര്‍ന്ന സാഹചര്യത്തില്‍ സന്ദര്‍ശനം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.
ഇറാന്റെ പക്കലുള്ള 60 ശതമാനം സംമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ പകുതിയോളം ഇസ്ഫഹാനിലെ ഈ ടണല്‍ കോംപ്ലക്‌സിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്നാണ് അമേരിക്കയുടെ നിഗമനം. മുന്‍പുണ്ടായ ആക്രമണങ്ങളില്‍ ഇവിടെ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചന.
ഈ ടണല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഏകദേശം 200 കിലോ ഗ്രാമിലധികം വരുന്ന യുറേനിയം ശേഖരം ആയുധ നിര്‍മാണത്തിന് ഉപയോഗപ്പെടുത്താനാകുമെന്ന് റാഫേല്‍ ഗ്രോസി മുന്നറിയിപ്പ് നല്‍കി.
നിലവില്‍ ഏകദേശം 440.9 കിലോഗ്രാം 60 ശതമാനം ശുദ്ധീകരിച്ച യുറേനിയം ഇറാന്റെ കൈവശമുണ്ട്. ഇത് കൂടുതല്‍ ശുദ്ധീകരിക്കാനുള്ള സാഹചര്യം ഉണ്ടായാല്‍ പത്തോളം ആണവായുധങ്ങള്‍ നിര്‍മിക്കാനാവശ്യമായ സ്ഫോടക വസ്തുക്കള്‍ ലഭിക്കുമെന്ന് ഐഎഇഎ കണക്കുകൂട്ടുന്നു.
ആണവായുധം നിര്‍മിക്കാന്‍ ഇറാന്‍ ലക്ഷ്യമിടുന്നു എന്ന് ആരോപിച്ചാണ് അമേരിക്കയും ഇസ്രയേലും നിലവില്‍ ആക്രമണങ്ങള്‍ തുടരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് അത്തരം ഉദ്ദേശങ്ങളില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം അമേരിക്ക-ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ശേഷം തങ്ങളുടെ കൈവശമുള്ള യുറേനിയം ശേഖരത്തെക്കുറിച്ചോ പദ്ധതികളെക്കുറിച്ചോ യാതൊരു വിവരവും ഇറാന്‍ പുറത്തു വിട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.