ഡാളസ് / കൊപ്പേല്‍: ടെക്‌സസിലെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ ആത്മീയ ചൈതന്യം തുളുമ്പുന്ന വേളയില്‍ 25 ബാലന്മാര്‍ പുതുതായി അള്‍ത്താര ശുശ്രൂഷയിലേക്ക് പ്രവേശിച്ചു.
2001 മാര്‍ച്ച് 13 ന് പരിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത ഔദ്യോഗികമായി സ്ഥാപിച്ചതിന്റെ കൃത്യം 25-ാം വാര്‍ഷിക ദിനത്തിലാണ് ഈ ശുശ്രൂഷാ സ്വീകരണം നടന്നത് എന്നത് ഏറെ സവിശേഷമായി. രൂപതയുടെ രജതജൂബിലി ദിനത്തില്‍ ഒരു ഇടവകയില്‍ നിന്ന് തന്നെ 25 കുട്ടികള്‍ ഒരേസമയം ശുശ്രൂഷാ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത് ചരിത്ര മുഹൂര്‍ത്തമായി.

മാര്‍ച്ച് 13 വെള്ളിയാഴ്ച ഇടവക ദേവാലയത്തില്‍ നടന്ന പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നോടിയായി നടന്ന ചടങ്ങില്‍ വൈദികര്‍ കുട്ടികളെ ആശീര്‍വദിക്കുകയും കൊത്തീനയും തിരുവസ്ത്രങ്ങളും നല്‍കി മദ്ബഹായിലേക്ക് ആനയിക്കുകയും ചെയ്തു. മദ്ബഹാ ശുശ്രൂഷകരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ ബെര്‍ക്കുമാന്‍സിന്റെ ജന്മദിനം കൂടിയായ മാര്‍ച്ച് 13 ന് തന്നെ ഈ ശുശ്രൂഷാ സ്വീകരണം നടന്നത് കുട്ടികളിലും മാതാപിതാക്കളിലും വലിയ ആവേശം പകര്‍ന്നു.
രൂപതയുടെ സ്ഥാപന ദിനത്തില്‍ തന്നെ 25 കുട്ടികള്‍ അള്‍ത്താര സേവനത്തിനായി സമര്‍പ്പിതരായത് ഇടവകയ്ക്ക് ഇരട്ടി മധുരമായി. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തിലുള്ള വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞ്, ശുഭ്രധാരികളായി 25 ബാലന്മാരും പുരോഹിതരോടൊപ്പം ബലിപീഠത്തിലേക്ക് ചുവടുവെച്ചപ്പോള്‍ വിശ്വാസസമൂഹം പ്രാര്‍ത്ഥനയോടെ ആ നിമിഷത്തിന് സാക്ഷ്യം വഹിച്ചു.

വരും തലമുറയില്‍ ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈദികരുടെ നേതൃത്വത്തില്‍ കുട്ടികളെ പ്രത്യേകമായി ഒരുക്കിയെടുത്താണ് ഈ ശുശ്രൂഷാ പദവിയിലേക്ക് എത്തിച്ചത്. ക്രിസ്തുവിന്റെ പ്രതിപുരുഷനായ വൈദികനെ ബലിപീഠത്തില്‍ സഹായിക്കുന്നതിലൂടെ ഈ കുട്ടികള്‍ യേശുക്രിസ്തുവിനോടും അവിടുത്തെ പരിശുദ്ധ സിംഹാസനത്തോടും കൂടുതല്‍ അടുക്കുവാനുള്ള ഭാഗ്യമാണ് നേടിയതെന്ന് വികാരി അനുസ്മരിച്ചു.
ജോര്‍ജ് ജോസഫ്, ലിയോണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കിയത്. സഭയുടെയും രൂപതയുടെയും വളര്‍ച്ചയില്‍ പങ്കുചേരാന്‍ സന്നദ്ധരായ ഈ കൊച്ചു ശുശ്രൂഷകരെ ഇടവക സമൂഹം അഭിനന്ദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.