സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധം; രാജിക്കൊരുങ്ങി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍

സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധം; രാജിക്കൊരുങ്ങി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

ഇടുക്കി, പൂഞ്ഞാര്‍ സീറ്റുകളിലേക്ക് അലോഷ്യസിനെ പരിഗണിച്ചിരുന്നു. എന്നാല്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേര് ഉള്‍പ്പെട്ടിരുന്നില്ല. പൂഞ്ഞാറിലെങ്കിലും അലോഷ്യസ് സീറ്റ് പ്രതീക്ഷിച്ചിരുന്നു. അതും കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

അലോഷ്യസിനായുള്ള പ്രചാരണ തയ്യാറെടുപ്പുകള്‍ കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആരംഭിച്ചിരുന്നു. സീറ്റ് ലഭിക്കാത്തതില്‍ അലോഷ്യസ് കടുത്ത അതൃപ്തിയിലാണ്. രാജിക്കത്ത് ഉടന്‍ തന്നെ എന്‍.എസ്.യു അഖിലേന്ത്യ പ്രസിഡന്റിന് കൈമാറാനാണ് നീക്കം. യുവാക്കളെ അടക്കം പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അലോഷ്യസിന്റെ രാജി.

അതേസമയം, പൂഞ്ഞാറില്‍ അലോഷ്യസ് സേവ്യറിനെ പരിഗണിക്കുന്നെന്ന സൂചന പുറത്തു വന്നതിന് പിന്നാലെ മണ്ഡലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അലോഷ്യസിനെ 'കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി' എന്ന പോസ്റ്റര്‍ പതിച്ചാണ് പ്രതിഷേധിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണ് പ്രതിഷേധത്തിന് പിന്നില്‍.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലയളവില്‍ പാര്‍ട്ടിയുടെ മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി അനവധി സമരങ്ങള്‍ നയിക്കാന്‍ തനിക്ക് അവസരം ലഭിച്ചുവെന്നും കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി സംസ്ഥാനത്ത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തെരുവുകളില്‍ പോരാടിയെന്നും അലോഷ്യസ് സേവ്യര്‍ പ്രസ്താവനയില്‍ അറിയിച്ചു.

പൊലീസ് അതിക്രമങ്ങള്‍ നേരിട്ട്, ജയിലുകളില്‍ കിടന്നത് കെ.എസ്.യു പ്രവര്‍ത്തകരാണ്. എന്നാല്‍ ഈ സമര പോരാട്ടങ്ങളുടെ ആത്മാവും ത്യാഗവും പരിഗണിക്കാതെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാതിരുന്നതില്‍ അതീവ നിരാശയും പ്രതിഷേധവും രേഖപ്പെടുത്തുന്നുവെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.