കുവൈറ്റ് സിറ്റി: കുവൈറ്റിലെ സീറോ മലബാർ ക്രിസ്ത്യാനികൾക്കായി രൂപം കൊണ്ട അല്മായ സംഘടന - സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ്എംസിഎ ) മധ്യപൂർവ്വ ദേശത്തു നിന്നും അമേരിക്കൻ മണ്ണിലേക്കും കടന്നു ചെല്ലുന്നു.കുവൈറ്റിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ കുവൈറ്റ് എസ്എംസിഎ അംഗങ്ങളാണ് തങ്ങളുടെ സംഘടനയുടെ അമേരിക്കൻ പതിപ്പിന് രൂപം കൊടുത്ത് . എസ്എംസിഎ -കുവൈറ്റ് - നോർത്ത് അമേരിക്ക എന്ന് പേരുകൊടുത്തിരിക്കുന്ന സംഘടന ജൂൺ 26 ശനിയാഴ്ച ചിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ഉത്ഘാടനം ചെയ്യും.
മാർ ജോസ് കല്ലുവേലിൽ, മാർ ജേക്കബ് അങ്ങാടിയത്ത് , മാർ റാഫേൽ തട്ടിൽ എന്നിവർ ഉത്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. പ്രസിഡന്റ് KM ചെറിയാൻ അധ്യക്ഷത വഹിക്കും, ജനറൽ സെക്രട്ടറി ജോമോൻ ഇടയാടിൽ, ട്രഷറർ ജോസ് തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ഫാദർ.സിറിയക്ക് കോട്ടയിൽ , കുവൈറ്റ് എസ്എംസിഎ പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ, എസ്എംസിഎ സ്ഥാപകാംഗവും റിട്ടേണിസ് ഫോറം പ്രസിഡന്റുമായ ജേക്കബ് പൈനേടത്ത് എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും.
1995 -ൽ സ്ഥാപിതമായ എസ്എംസിഎ കുവൈറ്റ്, വിവിധ ഗൾഫ് നാടുകളിൽ സീറോ മലബാർ അൽമായ കൂട്ടായ്മകൾ രൂപം കൊള്ളുവാൻ പ്രചോദനമായി. ഈ സംഘടന ഇന്ന് “മഹത്തരമായ പാരമ്പര്യത്തിന്റെ കാവൽക്കാർ“ എന്ന ആപ്തവാക്യവുമായി ഭൂഖണ്ഡങ്ങൾ കടന്ന് തലമുറകളെ കീഴടക്കികൊണ്ടിരിക്കുയാണ്. താമസിയാതെ തന്നെ യു കെ യിലും ആസ്ട്രേലിയയിലും ഇതുപോലെയുള്ള എസ്എംസിഎ കുവൈറ്റ് പ്രവർത്തകരുടെ കൂട്ടായ്‌മകൾ ഉണ്ടാകുമെന്നും അവ അവിടുത്തെ സഭാ സംവിധാനങ്ങൾക്ക് കരുത്തേകുമെന്നും എസ്എംസിഎ കുവൈറ്റ് പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ പ്രത്യാശ പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.