ആറന്മുള ജലമേളയും വള്ളസദ്യയും ഇത്തവണയും ആശങ്കയില്‍

ആറന്മുള ജലമേളയും വള്ളസദ്യയും ഇത്തവണയും ആശങ്കയില്‍

പത്തനംതിട്ട: പ്രശസ്തമായ ആറന്മുള വള്ളസദ്യക്കും ഉതൃട്ടാതി ജലമേളക്കും ഇത്തവണയും ലോക് വീണേക്കും. ജലമേളയ്ക്ക് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ആശങ്ക പരത്തി ആറന്മുള ഗ്രാമ പഞ്ചായത്ത് സി വിഭാഗത്തിലേക്ക്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കൃത്യമായി നടത്താന്‍ കഴിയാത്ത ഈ ആചാര അനുഷ്ഠാനങ്ങള്‍ ഇക്കുറിയും മുടങ്ങിയാല്‍ ഒരു പ്രദേശത്തിന്റെ സാമ്പത്തിക അടിത്തറ കൂടിയാണ് ഇല്ലാതെയാകുന്നത്.

രണ്ട് മാസക്കാലം നീണ്ടുനില്‍ക്കുന്ന വഴിപാട് വള്ളസദ്യ ആണ് ഈ പ്രദേശത്തെ നിരവധിയായ കരകൗശല നിര്‍മ്മാതാക്കളുടെയും ചെറുകിട വ്യാപാരികളുടെയും നാമമാത്ര കര്‍ഷകരുടെയും ജീവിതത്തിനു സാമ്പത്തിക അടിത്തറ. 2018ല്‍ മഹാപ്രളയവും 19ല്‍ മഴയും വെള്ളപ്പൊക്കവും 20ല്‍ കോവിഡും ജല മാമാങ്കത്തിനും സദ്യക്കും വിനയായെങ്കില്‍ ഇക്കുറി ഒരിക്കല്‍ കൂടി കൊവിഡ് തന്നെ വില്ലനാകുമെന്നാണ് ഇപ്പോള്‍ കാണുന്നത്.

ജൂണ്‍ -ജൂലൈ മാസങ്ങളിലാണ് പള്ളിയോടങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി നീറ്റിലിറക്കുന്നത്.കര്‍ക്കടകം പകുതിയോടെ ആരംഭിക്കുന്ന വള്ളസദ്യ സീസണ്‍ കന്നി പകുതിയോടെ സമാപിക്കും.ഇതിനിടയിലാണ് ആറന്മുളയിലെയും സമീപ പ്രദേശങ്ങളിലെയും ജലമേളകളും വള്ളസദ്യയും തിരുവോണത്തോണി വരവും ഉള്‍പ്പടെ നടക്കേണ്ടത്. ഇതിനെല്ലാമുള്ള തയ്യാറെടുപ്പുകള്‍ ജൂണ്‍ ആദ്യവാരം മുതലേ ആരംഭിക്കേണ്ടതാണ്.മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കേണ്ട പള്ളിയോട സേവാസംഘം തെരഞ്ഞെടുപ്പും പാതി വഴിയില്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.തെരഞ്ഞെടുപ്പ് നടത്താനുള്ള അനുമതിയും ജില്ലാ ഭരണ കൂടം നല്‍കിയിട്ടില്ല.

പള്ളിയോടങ്ങള്‍ക്ക് വഴിപാടായാണ് വള്ളസദ്യകള്‍ നടത്തുന്നത്.ഇതിനായി പള്ളിയോടങ്ങള്‍ക്ക് ആറന്മുളയില്‍ എത്താന്‍ കഴിയാത്ത തരത്തില്‍ പമ്പയില്‍ ശക്തമായ വെള്ളപ്പൊക്കമാണ് 18 ലും 19 ലും ഉണ്ടായത്.ഇതോടെ. ജില്ലാ ഭരണകൂടം പള്ളിയോടങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതോടെയാണ് അന്ന് വഴിപാടുകള്‍ മാറ്റി വയ്ക്കാന്‍ പള്ളിയോട സേവാസംഘം തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷമാകട്ടെ കൊവിഡും തുടര്‍ന്ന് ലോക്ക് ഡൗണും .ആചാരപരമായ ചടങ്ങുകള്‍ക്ക് മാത്രമാണ് അന്നും അനുമതി ലഭിച്ചത്. ഇതോടെ പള്ളിയോട കരകളുടെ ആവേശം കുറയുകയായിരുന്നു. ഇക്കൊല്ലം കൂടി ഈ നില തുടര്‍ന്നാല്‍ പള്ളിയോടങ്ങളുടെ സംരക്ഷണവും അവതാളത്തിലാകും.
ഒരു വര്‍ഷം ഒരു പള്ളിയോടം അഷ്ടമി രോഹിണി ജലഘോഷയാത്ര,ഉതൃട്ടാതി ജലമേള,വള്ളസദ്യകള്‍ ഇവക്കായി എത്തണമെങ്കില്‍ കുറഞ്ഞത് 6 ലക്ഷം രൂപയെങ്കിലും ചെലവ് വരും. അറ്റകുറ്റപ്പണികള്‍,സംരക്ഷണം,ഇതിനാവശ്യമായ സാധനങ്ങളുടെ ചെലവ് എല്ലാം ഉടമകളായ പള്ളിയോട കരയോഗങ്ങള്‍ കണ്ടെത്തേണ്ടി വരും.വള്ള സദ്യകളില്‍ നിന്നും ലഭിക്കുന്ന ദക്ഷിണ,പള്ളിയോട സേവാ സംഘം ഗ്രാന്‍ഡ് തുടങ്ങിയവയാണ് പ്രധാന വരുമാന സ്രോതസ്.സദ്യകളില്‍ നിന്നും ലഭിക്കുന്ന മിച്ചമാണ് പള്ളിയോട സേവാസംഘം ഗ്രാന്‍ഡ് ആയി നല്‍കുന്നത്. 500 വള്ളസദ്യകള്‍ വരെ ശരാശരി ഒരു വര്‍ഷത്തില്‍ നടക്കാറുണ്ട്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി വഴിപാട് നടക്കാതെ വന്നതോടെ നാമമാത്രമായ തുകയാണ് പള്ളിയോടങ്ങള്‍ക്ക് നല്‍കാന്‍ സേവാസംഘത്തിന് കഴിഞ്ഞത്.

ഇതിനു പുറമെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ഗ്രാന്‍ഡ് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല. ഇതോടെ പള്ളിയോടങ്ങള്‍ സംരക്ഷിക്കാന്‍ കരക്കാര്‍ ഏറെ പാട് പെടുകയാണ്. ഇക്കൊല്ലമെങ്കിലും അനുകൂല സാഹചര്യമാണ് സേവാസംഘം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പള്ളിയോടങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തേണ്ട സമയത്താണ് ആറന്മുളയെ സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഓണക്കാലമാകുമ്പോഴേക്കും രോഗികളുടെ എണ്ണം കൂടാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ അനിവാര്യവുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.