നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയായി; വിധി ഡിസംബര്‍ എട്ടിന്

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയായി; വിധി ഡിസംബര്‍ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍ എട്ടിന് വിധി പറയും. കൊച്ചിയില്‍ 2017 ഫെബ്രുവരി 17 നാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമണത്തിന് ഇരയായത്. കേസില്‍ ആകെ ഒന്‍പത് പ്രതികളാണ് ഉള്ളത്. പള്‍സര്‍ സുനി ഒന്നാം പ്രതിയും നടന്‍ ദിലീപ് എട്ടാം പ്രതിയുമാണ്.

ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ പത്തിന്് അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷം 2017 ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനോട് ചില സംശയങ്ങള്‍ കോടതി നേരത്തെ ചോദിച്ചിരുന്നു. അതിന് മറുപടി ലഭിച്ചതിന് പിന്നാലെയാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ ഡിസംബര്‍ എട്ടിലേക്ക് മാറ്റിയിരിക്കുന്നത്. ആകെ 12 പ്രതികളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പു സാക്ഷിയാക്കുകയും രണ്ടു പേരെ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. സുതാര്യവും പക്ഷപാത രഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു ദിലീപിന്റെ വാദം. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്ന് അഭിഭാഷകന്‍ വാദിച്ചിരുന്നു. ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചിരുന്നില്ല.

കേസിന്റെ നാള്‍ വഴി

2017 ജൂലൈ - ദിലീപ് അറസ്റ്റിലായിരുന്നു. കുറച്ച് നാള്‍ റിമാന്‍ഡില്‍ കഴിഞ്ഞ നടന് പിന്നീട് ജാമ്യം ലഭിച്ചു.

2017 നവംബര്‍ - കുറ്റപത്രം സമര്‍പ്പിച്ചു.

2018 മാര്‍ച്ച് എട്ട് - വിചാരണ നടപടികള്‍ ആരംഭിച്ചു.

2019 നവംബര്‍ 29 - വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു

2024 സെപ്റ്റംബര്‍ 17 - പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചു.

2024 ഡിസംബര്‍ 11 - കേസില്‍ അന്തിമ വാദം ആരംഭിച്ചു.

2025 ഏപ്രില്‍ ഒമ്പത് - പ്രതി ഭാഗത്തിന്റെ വാദം പൂര്‍ത്തിയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.