മയാമി ദുരന്തം: ഇനിയും കണ്ടെത്താന്‍ 149 പേര്‍; ജോ ബൈഡന്‍ നാളെ സന്ദര്‍ശിക്കും

മയാമി ദുരന്തം: ഇനിയും കണ്ടെത്താന്‍ 149 പേര്‍; ജോ ബൈഡന്‍ നാളെ സന്ദര്‍ശിക്കും

മയാമി: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. ഇനിയും കണ്ടെത്താനുള്ള 149 പേര്‍ക്കായി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. ഇതില്‍ മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. മയാമിക്കു സമീപം കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് 12 നില കെട്ടിടം ഇടിഞ്ഞുവീണ് വലിയ അപകടമുണ്ടായത്. ദുരന്തം നടന്ന് ഒരാഴ്ച്ചയോടടുത്തിട്ടും കൂടുതല്‍ പേരെ കണ്ടെത്താനാവാത്തത് ബന്ധുക്കള്‍ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനകം 125 പേരെയാണ് രക്ഷപ്പെടുത്തിയത്. സംഭവ സ്ഥലത്ത് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച സന്ദര്‍ശനം നടത്തും. അപകടത്തില്‍പെട്ടവരുടെ കുടുംബാംഗങ്ങളുമായി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു.

ടണ്‍കണക്കിനു കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളിലെ തിരച്ചിലിനു രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ഇസ്രയേലില്‍നിന്നും മെക്‌സിക്കോയില്‍നിന്നുമുള്ള വിദഗ്ധ സംഘങ്ങളുമുണ്ട്. പലരും ജീവനോടെയുണ്ടെന്ന പ്രതീക്ഷയിലാണു നവീന സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം.

അപകടം നടക്കുന്നതിനു 36 മണിക്കൂര്‍ മുന്‍പ് എടുത്ത കെട്ടിടത്തിന്റെ ഉള്‍വശത്തെ ചിത്രങ്ങള്‍

അതേസമയം, 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ഏറെ ദുര്‍ബലാവസ്ഥയിലായിരുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഇടിഞ്ഞുവീഴുന്നതിന് 36 മണിക്കൂര്‍ മുന്‍പ് എടുത്ത കെട്ടിടത്തിന്റെ ചിത്രങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്നുകഴിഞ്ഞു. ചിത്രങ്ങളില്‍ കോണ്‍ക്രീറ്റ് പലയിടത്തും വിണ്ടുകീറിയിരിക്കുന്നത് വ്യക്തമായി കാണാം.

താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ ഏറ്റവും പ്രയാസമേറിയ രക്ഷാപ്രവര്‍ത്തനം ആണിതെന്നു ഇസ്രായേലി നാഷണല്‍ റെസ്‌ക്യൂ യൂണിറ്റിന്റെ കമാന്‍ഡര്‍ കേണല്‍ ഗോലന്‍ വാച്ച് പറഞ്ഞു. ഒരാഴ്ച വരെ ആരെയെങ്കിലും ജീവനോടെ കണ്ടെത്താനാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. അതിനുശേഷം സാധ്യത മങ്ങും. കെട്ടിടം ഏറ്റവും മോശമായ അവസ്ഥയിലായിരുന്നു. കിടപ്പുമുറികള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. കാരണം എല്ലാവരും ഉറങ്ങുമ്പോഴാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുടെ നാലു മുതല്‍ അഞ്ചു മീറ്റര്‍ താഴെ ആളുകളുണ്ടാകാമെന്നാണ് ഞങ്ങളുടെ നിഗമനമെന്ന് ഗോലന്‍ വാച്ച് പറഞ്ഞു. മൂന്ന് ദശലക്ഷം പൗണ്ട് തൂക്കമുള്ള കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തുകഴിഞ്ഞു.

അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും കാണാതായവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്ന ബന്ധുക്കള്‍

മയാമി ബീച്ചിന്റെ ആറു കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന കടലോര പട്ടണമായ സര്‍ഫ്‌സൈഡിലാണ് അപകടത്തില്‍പെട്ട 12 നില കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവിടെ താമസിച്ചിരുന്നത്. 80 യൂണിറ്റിലധികം അഗ്നിരക്ഷാ സേന സ്ഥലത്തു രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 130 അപ്പാര്‍ട്ട്‌മെന്റുകളാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 55 എണ്ണമാണ് തകര്‍ന്നുവീണത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.