ഒട്ടാവ: കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയില്‍ തദ്ദേശീയരായ കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളിനോടു ചേര്‍ന്ന് കുഴിമാടങ്ങള്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ കത്തോലിക്ക സഭയുടെ കീഴിലുള്ള പള്ളികള്‍ കത്തിച്ച് മനപൂര്‍വം സംഘര്‍ഷം ആളിക്കത്തിക്കാന്‍ ശ്രമം. വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രചാരണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഇരുട്ടിന്റെ മറപിടിച്ച് പള്ളികള്‍ തകര്‍ക്കാനും വിശ്വാസങ്ങളെ വെല്ലുവിളിക്കാനും ശ്രമിക്കുകയാണ് അജ്ഞാത സംഘങ്ങള്‍.
19-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ 1970 കളുടെ അവസാനം വരെ പ്രവര്‍ത്തിച്ചിരുന്ന കംലൂപ്‌സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഉണ്ടായ തദ്ദേശീയരായ കുട്ടികളുടെ മരണങ്ങളുടെ പേരില്‍ മാര്‍പ്പാപ്പ മാപ്പ് പറയണം എന്ന ആവശ്യം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉയര്‍ത്തിയത് അടുത്തിടെ വിവാദമായിരുന്നു. കാനഡയില്‍ അക്കാലത്ത് നിലവിലുണ്ടായിരുന്ന കൊളോണിയലിസത്തിന്റെ ഫലമായുണ്ടായ സംഭവം കത്തോലിക്ക സഭയ്ക്കു മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി അടക്കം നടത്തിയത്.
കഴിഞ്ഞ ആഴ്ചകളില്‍, കാനഡയിലുടനീളം രണ്ട് ഡസനോളം പള്ളികള്‍ കത്തിച്ചിട്ടുണ്ട്. അതില്‍ എട്ട് എണ്ണവും സംഭവിച്ചത് തദ്ദേശീയരായ ജനവിഭാഗം താമസിക്കുന്ന പ്രദേശങ്ങളിലാണ്. സ്‌കൂളില്‍ നടന്ന സംഭവത്തിലുണ്ടായ ജനരോഷവും ദുഃഖവും മുതലെടുത്ത് സഭയ്‌ക്കെതിരേ ജനങ്ങളെ തിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ ശ്രമിക്കുന്നതില്‍ ആശങ്കപ്പെടുന്നവര്‍ നിരവധിയാണ്. നൂറ്റാണ്ടുകള്‍കൊണ്ട് പൂര്‍വികര്‍ കൈമാറിയ പള്ളികളും മതവിശ്വാസങ്ങളും കാത്തുസംരക്ഷിക്കുമ്പോഴും സഭയ്‌ക്കെതിരേ നടക്കുന്ന കുപ്രചാരണങ്ങളില്‍ ഒരു വിഭാഗം തദ്ദേശീയരും ദുഃഖത്തിലാണ്. രാജ്യത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രത്തോടു ചേര്‍ന്നുകിടക്കുന്ന പള്ളികള്‍ പോലും നശിപ്പിക്കപ്പെട്ടവയില്‍ ഉള്‍പ്പെടും.
പടിഞ്ഞാറന്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ അ്രകമികള്‍ അഗ്നിക്കിരയായ സെന്റ്. ആന്‍സ് പള്ളിക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അപ്പര്‍ സിമില്‍കമീന്‍ ഇന്ത്യന്‍ ബാന്‍ഡ് എന്ന തദ്ദേശീയ വിഭാഗത്തിന്റെ ഏറ്റവും വലിയ ആത്മീയ കേന്ദ്രമാണ് ഈ പള്ളി.
നിരവധി കഷ്ടതകള്‍ സഹിച്ചാണ് അക്കാലത്ത് തദ്ദേശീയരായ വിശ്വാസികള്‍ പള്ളി പണിതുയര്‍ത്തിയത്. ഏറ്റവും അടുത്തുള്ള പട്ടണത്തിലേക്ക് 40 മൈല്‍ കാല്‍നടയായും കുതിര വണ്ടിയിലും മറ്റും യാത്ര ചെയ്താണ് പള്ളി നിര്‍മിക്കാനാവശ്യമായ തടി ശേഖരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച്ച, ക്ഷണനേരം കൊണ്ട് പള്ളി അഗ്നിയിലമര്‍ന്നു. തടി കൊണ്ടുള്ള നിര്‍മിതി ആയതിനാല്‍ തീ വേഗം പടര്‍ന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തുമ്പോഴേക്കും പള്ളി കത്തിനശിച്ചിരുന്നു. ഇത് ഉള്‍പ്പെടെ നിരവധി പള്ളികളാണ് കത്തിനശിച്ചത്.
'ഈ പള്ളി പൂര്‍വികര്‍ക്കും ഞങ്ങള്‍ക്കും എല്ലാമായിരുന്നു. ഇത്തരം അക്രമങ്ങള്‍ വളര്‍ത്തുന്നത് സമൂഹത്തിന് ആരോഗ്യകരമല്ല'-പള്ളി പരിപാലിക്കുന്ന തദ്ദേശീയനായ വയോധികന്‍ കാരി ആലിസണ്‍ പറഞ്ഞു.
സ്‌കൂളില്‍ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം വലിയ ആഘാതമാണ് തദ്ദേശീയരായ ജനവിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. അതിനൊപ്പം അവരുടെ പള്ളികളും കത്തിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അവരെ കൂടുതല്‍ നിരാശയിലേക്കു നയിക്കുമെന്നും കാരി ആലിസണ്‍ പറഞ്ഞു.
പതിനെട്ടാം നൂറ്റാണ്ടിലും, പത്തൊമ്പതാം നൂറ്റാണ്ടിലും കനേഡിയന്‍ സര്‍ക്കാരിന് സ്‌കൂളുകള്‍ നടത്താനും, എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാല്‍ പലതിന്റെയും ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ചത് റോമന്‍ കത്തോലിക്കാ സഭയെയാണ്. തദ്ദേശീയരായ കുട്ടികള്‍ക്ക് ഉള്‍പ്പെടെ സഭയുടെ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നല്‍കി.
എന്നാല്‍ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഇക്കാലയളവില്‍ ആശുപത്രികളുടെയും, മെഡിക്കല്‍ സാങ്കേതികവിദ്യയുടെയും അഭാവംമൂലം ആളുകളുടെ ഇടയില്‍, പ്രത്യേകിച്ച് ഗോത്രവര്‍ഗക്കാരുടെ ഇടയില്‍ രോഗങ്ങള്‍ കൂടുതലായിരുന്നു. പ്രത്യേകിച്ച് ക്ഷയരോഗമാണ് ഇവരെ കൂടുതല്‍ വേട്ടയാടിയത്. തദ്ദേശീയരുടെ മരണങ്ങളുമായി ബന്ധപ്പെട്ട് ട്രൂത്ത് ആന്‍ഡ് റീകണ്‍സീലിയേഷന്‍ കമ്മിഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.