വിദിശ(മധ്യപ്രദേശ്): ബാലവേലയ്ക്കും മദ്യപാനത്തിനും എതിരെ പോരാട്ടം നടത്തുന്ന മധ്യപ്രദേശിലെ വിദിശ സ്വദേശിയായ സുര്‍ജിത്ത് ലോധിയെന്ന പതിനേഴുകാരന്‍ ആഗോള ശ്രദ്ധ പിടിച്ച് പറ്റുന്നു.  തന്റെ പതിമൂന്നാം വയസു മുതല്‍ ആരംഭിച്ച അശാന്തമായ പരിശ്രമത്തിലൂടെ സുര്‍ജിത് തന്റെ ഗ്രാമത്തിലെ അഞ്ച്  മദ്യശാലകള്‍ പൂട്ടിച്ചു. കൂടാതെ നൂറോളം കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തു. സുര്‍ജിത്ത് എന്ന കൊച്ചു മിടുക്കന്റെ ഈ പ്രവര്‍ത്തികള്‍ ഇപ്പോള്‍ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്.
തന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി സുര്‍ജിത്തിനെ തേടിയെത്തിയത് 2020 ലെ ഡയാന അവാര്‍ഡാണ്. 1999 ല്‍ സ്ഥാപിതമായ ഈ അവാര്‍ഡ് യു.എന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് മാതൃകാപരമായ മാനുഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ബഹുമാനിക്കന്നതാണ്.  ഈ വര്‍ഷം ഇത് ലഭിച്ച  യുവ ഇന്ത്യക്കാരില്‍ ഒരാളാണ് സുര്‍ജിത്ത് ലോധി.
'മികച്ച പ്രകടനം നടത്താനുള്ള ഉത്തരവാദിത്തമായാണ് ഞാന്‍ ഈ അവാര്‍ഡിനെ കാണുന്നത്. അംഗീകാരത്തില്‍ വളരെ സന്തുഷ്ടനാണ്. ബാലവേലയ്ക്ക് നിര്‍ബന്ധിതരാകുന്ന കൂടുതല്‍ നിരാലംബരായ കുട്ടികളെ സഹായിച്ചുകൊണ്ട് എന്റെ ശ്രമം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്'- സുര്‍ജിത്ത് പറഞ്ഞു.
ബാലവേല അവസാനിപ്പിക്കുന്നതിനായി 1960 കളില്‍ കൈലാഷ് സത്യാര്‍ത്ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ (കെ.എസ്.സി.എഫ്.) ആരംഭിച്ച ബാല മിത്ര ഗ്രാം (ബി.എം.ജി.) സംഘടനയില്‍ സുര്‍ജിത്ത് അംഗമായി. ബാലവേലയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും കുട്ടികളെ സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ അവരുടെ മാതാപിതാക്കളെ സഹായിക്കുക എന്നതുമാണ് സംഘടനയുടെ ലക്ഷ്യം.
'ഗാര്‍ഹിക പീഡനത്തിനെതിരെ ഇത്രയും ശക്തമായ നടപടി സ്വീകരിച്ച സുര്‍ജീത്തിനെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു. മുന്‍ ബാലവേലക്കാര്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വലിയ സംരംഭങ്ങള്‍ അവന്‍ ഏറ്റെടുത്തു. ഞങ്ങളുടെ ബി.എം.ജികളിലെ നിരവധി കുട്ടികള്‍ക്ക് സുര്‍ജിത്ത് ഒരു മാതൃകയാണ്. അവിടെ ഓരോ കുട്ടിയും ശക്തമായ നേതാവാണ്. ഒപ്പം അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനും മുതിര്‍ന്നവര്‍ക്കൊപ്പം അവരുടെ ഗ്രാമ വികസനത്തിനായി പോരാടാനും അധികാരമുണ്ട്'-ബി.എം.ജി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി. നാഗസായി മാലതി പറഞ്ഞു.

പത്ത് അംഗങ്ങള്‍ അടങ്ങുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു സുര്‍ജിത്ത്. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടും വലിയൊരു കുടുംബത്തിന്റെ ചുമതല തന്റെ ചുമലിലായതിനെ തുടര്‍ന്നും സുര്‍ജിത്തിന്റെ പിതാവ് മദ്യപാനം ഒരു ശീലമാക്കിയിരുന്നു. മദ്യപാനം കാരണം സുര്‍ജിത്തിന്റെ പിതാവിന് ജോലി ചെയ്യാന്‍ കഴിയാതെയായി. സുര്‍ജിത്ത് സ്‌കൂള്‍ പഠനം അവസാനിപ്പിച്ച് ജോലിക്ക് പോയി പണം സമ്പാദിക്കണമെന്നായി പിന്നീടുള്ള ആവശ്യം. എന്നാല്‍ തന്റെ മുത്തച്ഛന്‍ കുടുംബം പുലര്‍ത്താനുള്ള കര്‍ത്തവ്യം ഏറ്റെടുത്തിട്ട് തന്നെ പഠനം തുടരാന്‍ അനുവദിച്ചെന്നും മുത്തച്ഛനോട് നന്ദിയുണ്ടെന്നും സുര്‍ജിത്ത് വ്യക്തമാക്കി.
2016 ലാണ് സുര്‍ജിത്ത് സത്യാര്‍ത്ഥി ഫൗണ്ടേഷനെ പറ്റി അറിഞ്ഞത്. പ്രാദേശിക പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും അവ പരിഹരിക്കാനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കാനും ബി.ജി.എം അംഗങ്ങളോട് ആവശ്യപ്പെട്ടപ്പോള്‍ തന്റെ വ്യക്തി ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സുര്‍ജിത്ത് റാലികള്‍ക്കും പരാതികള്‍ക്കും ബോധവല്‍ക്കരണ പരിപാടികള്‍ക്കുമായി ആശയങ്ങള്‍ അവതരിപ്പിച്ചു. എന്നിരുന്നാലും ഒരു വലിയ മാറ്റം  അനിവാര്യമാണെന്ന് സുര്‍ജിത്ത് മനസിലാക്കി. അതിനാല്‍ ആദ്യം ഗ്രാമത്തിലെ  മദ്യശാലകള്‍ അടച്ചുപൂട്ടിക്കാന്‍ തീരുമാനിച്ചുവെങ്കിലും  പ്രശ്നങ്ങള്‍ നിരവധിയായിരുന്നു. 
തുടക്കത്തില്‍ ആരും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി കണ്ടിരുന്നില്ലെന്നും 14 വയസുള്ളപ്പോള്‍ തങ്ങളെ തുല്യരായി കാണാന്‍ വിസമ്മതിക്കുന്ന മുതിര്‍ന്നവരോട് ന്യായവാദം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും സുര്‍ജിത്ത് പറഞ്ഞു. അതിനാല്‍ കുട്ടികളെ ബോധ്യപ്പെടുത്തുകയും അവരെ തന്റെ ഭാഗത്തു എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യ ശ്രമം. 
തൊണ്ണൂറോളം കുട്ടികളിലേക്ക് ഇങ്ങനെ എത്തിച്ചേര്‍ന്നു. ആരോഗ്യം, കുടുംബം, മൊത്തത്തിലുള്ള ജീവിതശൈലി എന്നിവയില്‍ മദ്യത്തിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച്  അവരെ പഠിപ്പിച്ചു. അവരുടെ വീടുകളില്‍ സമാനമായ എന്തെങ്കിലും കണ്ടതിനാല്‍ മിക്കവര്‍ക്കും മദ്യത്തിന്റെ ദുരവസ്ഥ മനസിലാക്കാന്‍ കഴിഞ്ഞതായും സുര്‍ജിത്ത് വ്യക്തമാക്കി. 
ബി.എം.ജി അംഗങ്ങളില്‍ ഒരാള്‍ അച്ഛന്‍ മദ്യപാനം ഉപേക്ഷിക്കുന്നതുവരെ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു. അച്ഛന്‍ മദ്യം ഉപേക്ഷിക്കുന്നത് വരെ അവള്‍ മാതാപിതാക്കളുമായി വഴക്കിട്ടു. ഈ പ്രശ്‌നം ഒരു ഉദാഹരണമായെടുത്ത് മാതാപിതാക്കളോട് വൈകാരികമായി ഇടപെടാന്‍ യുവ അംഗങ്ങളോട് സുര്‍ജിത്ത് ആവശ്യപ്പെട്ടു.

അതേസമയം, അനധികൃതമായി മദ്യം വില്‍ക്കുന്ന കടകളില്‍ റെയ്ഡ് നടത്തണമെന്ന ആവശ്യവുമായി സുര്‍ജിത്ത് ഗ്രാമപഞ്ചായത്തിനെ സമീപിച്ചു. ഈ നീക്കത്തെ തുടര്‍ന്ന് ഉടമകളില്‍ നിന്ന് ഭീഷണികള്‍ ഉണ്ടായെങ്കിലും സുര്‍ജിത്ത് കുലുങ്ങിയില്ല. ഉടമകള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് സുര്‍ജിത്ത് പോലീസിനെ അറിയിച്ചു.
രണ്ട് ഉടമകള്‍ സ്വന്തമായി ഷോപ്പ് അടച്ചു, മറ്റ് മൂന്ന് പേര്‍ക്കും ശരിയായ ലൈസന്‍സില്ലാത്തതിനാല്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായി. പക്ഷേ, കടകള്‍ അടച്ചുപൂട്ടുന്നതോടെ അവരുടെ ഉപജീവനമാര്‍ഗം ഇല്ലാതായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ദൈനംദിന കൂലി തൊഴിലാളികളായി ജോലി നേടാന്‍ അവരെ സഹായിച്ചു. 
പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സുര്‍ജിത്തിന്റെ ആഗ്രഹം ഒരു ഡോക്ടര്‍ ആവുക, അല്ലെങ്കില്‍ കൃഷി വിഭാഗത്തില്‍ ഡിഗ്രി എടുക്കുക എന്നാണ്. ദേശിയ തലത്തില്‍ തന്റെ സംരംഭങ്ങള്‍ വ്യാപിപ്പിക്കുകയും പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ട സഹായം എത്തിച്ചു കൊടുക്കുകയും ചെയ്യുക എന്നതാണ് സുര്‍ജിത്തിന്റെ മുഖ്യ ലക്ഷ്യം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.