വാഷിങ്ടണ്‍: കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. സേവനത്തില്‍ നിന്ന് വിരമിക്കുന്ന 500 പേരുള്‍പ്പെടെ ഏകദേശം 3870 ജീവനക്കാര്‍ രാജിവെക്കുമെന്ന് നാസ സ്ഥിരീകരിച്ചു.
നാസയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം പേരെ പിരിച്ചു വിടുന്നത്. ഫെഡറല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായാണ് നടപടി. ഇതോടെ നാസയിലെ ജീവനക്കാരുടെ എണ്ണം ഏകദേശം 14,000 ആയി കുറയും.
രാജി സമര്‍പ്പിച്ച് നിശ്ചിത കാലയളവിന് ശേഷം മാത്രം രാജി പ്രാബല്യത്തിലാകുന്ന ഡിഫേഡ് റെസിഗ്നേഷന്‍ പദ്ധതി പ്രകാരമാണ് പിരിച്ചു വിടല്‍. രാജിയുടെ ആദ്യഘട്ടം ഈ വര്‍ഷം ആദ്യം ആരംഭിച്ചിരുന്നു. അന്ന് 870 ജീവനക്കാര്‍ രാജിക്ക് തയ്യാറായി. ജൂണില്‍ ആരംഭിച്ച രണ്ടാം ഘട്ടത്തില്‍, 16.4 ശതമാനം വരുന്ന 3000 ജീവനക്കാര്‍കൂടി സന്നദ്ധത അറിയിക്കുകയായിരുന്നു.
ഭാവിയിലുണ്ടാകാവുന്ന നിര്‍ബന്ധിത പിരിച്ചു വിടലുകള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. ഇപ്പോള്‍ ജീവനക്കാര്‍ സ്വമേധയാ ജോലി വിടുകയാണെന്നും രാജിക്കത്തുകള്‍ ഇപ്പോഴും പരിശോധനയിലാണെന്നും നാസ പറയുന്നു.
ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നാസയുടെ ദൗത്യങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്കയുണ്ട്. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള കത്ത് നാസ യു.എസ് ഗതാഗത വകുപ്പിന്റെ തലവന്‍ കൂടിയായ ഇടക്കാല അഡ്മിനിസ്ട്രേറ്റര്‍ ഷോണ്‍ ഡഫിക്ക് അയച്ചിട്ടുണ്ട്.
ചെലവ് ചുരുക്കല്‍ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ട്രംപിന്റെ വിവാദമായ ഫെഡറല്‍ പരിഷ്‌കാരങ്ങളാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്നും ഇത് അമേരിക്കയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും വിമര്‍ശകര്‍ വാദിക്കുന്നു.
അതേസമയം പുനസംഘടനയിലൂടെ കാര്യക്ഷമതയും ചിട്ടയും ഉറപ്പുവരുത്തി കൂടുതല്‍ മെച്ചപ്പെട്ട സ്ഥാപനമായി മാറുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയ നാസ വരാനിരിക്കുന്ന സുവര്‍ണ കാലഘട്ടത്തില്‍ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും വ്യക്തമാക്കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.