മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് മതപരിവര്‍ത്തനം ആരോപിച്ചതെന്ന് വെളിപ്പെടുത്തി അറസ്റ്റിലായ കന്യാസ്ത്രീകളുടെ സഹപ്രവര്‍ത്തക

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് മതപരിവര്‍ത്തനം ആരോപിച്ചതെന്ന് വെളിപ്പെടുത്തി അറസ്റ്റിലായ കന്യാസ്ത്രീകളുടെ സഹപ്രവര്‍ത്തക

സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനനമന്ത്രിയ്ക്ക് ജോസ് കെ. മാണി എംപി  കത്തയച്ചു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മതപരിവര്‍ത്തനം ആരോപിച്ചത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്ന് അറസ്റ്റിലായ കന്യാസ്ത്രീകളുടെ സഹപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് മതപരിവര്‍ത്തനം ആരോപിച്ചതെന്നും ജയ് വിളിച്ച് പ്രശ്‌നം ഉണ്ടാക്കിയെന്നും സഹപ്രവര്‍ത്തക ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

പ്രശ്‌നം ഉണ്ടായതോടെ ആര്‍പിഎഫ് കേസെടുത്തു. യുവതികളോട് മൊഴി മാറ്റാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യം പൊലീസ് ചോദിച്ചപ്പോള്‍ രക്ഷിതാക്കളുടെ സമ്മതത്തോടെയും സ്വന്തം ഇഷ്ടപ്രകാരവുമാണ് വന്നതെന്ന് മൂന്ന് പെണ്‍കുട്ടികളും പറഞ്ഞിരുന്നു. പിന്നീട് ജ്യോതിഷ് ശര്‍മ എന്ന സ്ത്രീ വന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ പേടിച്ച് ഒരു പെണ്‍കുട്ടി തങ്ങളെ നിര്‍ബന്ധിച്ച് കൊണ്ട് പോവുകയായിരുന്നുവെന്ന് വെളിപ്പെടുത്തുകയായിരുന്നു.

കോണ്‍വെന്റില്‍ ജോലിയ്ക്കായാണ് പെണ്‍കുട്ടികളെ കൊണ്ടുപോകാനിരുന്നത്. എന്നല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് സിസ്റ്റര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളെ പിന്നീട് ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റി. കുട്ടികള്‍ സിഎസ്ഐ സഭയില്‍പ്പെട്ട ക്രിസ്ത്യാനികളാണ്. അതുകൊണ്ട് തന്നെ മതപരിവര്‍ത്തനമെന്ന് പറയാന്‍ സാധിക്കില്ല. എഎസ്എംഐ സന്യാസി സമൂഹത്തിലെ കന്യാസ്ത്രീകളെയാണ് അറസ്റ്റ് ചെയ്തതെന്നും സഹപ്രവര്‍ത്തക വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.

നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസുള്ളവരായിരുന്നു ഇവര്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.

കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരോ പൊലീസോ തയ്യാറായില്ലെന്നും സഹപ്രവര്‍ത്തകയായ കന്യാസ്ത്രീ വ്യക്തമാക്കുന്നു.

അതേസമയം സംഭവത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി എംപി പ്രധാനനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്തയച്ചു. കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങി വ്യാജ ആരോപണങ്ങളുടെ പേരില്‍ അന്യായമായി അറസ്റ്റ് ചെയ്തതിരിക്കുകയാണ്.

ഇരുവരും സീറോ-മലബാര്‍ സഭയുടെ കീഴിലുള്ള അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭയിലെ അംഗങ്ങളാണ്. സാമൂഹികവും മാനുഷികവുമായ സേവനങ്ങള്‍ക്കായി സമര്‍പ്പിത ജീവിതം നയിക്കുന്നവരാണ് ഇവര്‍. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കന്യാസ്ത്രീകളെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞുനിര്‍ത്തി പ്രശനം ഉണ്ടാക്കുകയും പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ വ്യാജ ആരോപണങ്ങള്‍ ശരിയായ പരിശോധനയില്ലാതെ ഉന്നയിച്ചതാണെന്നും അത് അവര്‍ക്ക് അനാവശ്യമായ പീഡനത്തിനും ദുരിതത്തിനും കാരണമായെന്നും അദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സംഭവം കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളമുള്ള ക്രിസ്ത്യന്‍ സമൂഹത്തെ വളരെയധികം അസ്വസ്ഥരാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്ന സമയത്ത്. ഈ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തിരമായി ഇടപെട്ട് കന്യാസ്ത്രീകള്‍ക്ക് ഉടനടി നിയമസഹായം നല്‍കണമെന്നും, അവര്‍ക്ക് ന്യായമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, എത്രയും വേഗം മോചിപ്പിക്കണമെന്നും ജോസ് കെ. മാണി എംപി കത്തില്‍ ആവശ്യപ്പെട്ടു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.