മയാമി ദുരന്തം; മരിച്ചവര്‍ 60, കാണാമറയത്ത് ഇനിയും 80 പേര്‍

മയാമി ദുരന്തം; മരിച്ചവര്‍ 60, കാണാമറയത്ത് ഇനിയും 80 പേര്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ മയാമി ബീച്ചിന് സമീപം 12 നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ വ്യാഴാഴ്ച്ച രാവിലെ ആറു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി ഉയര്‍ന്നു. ഔദ്യോഗിക കണക്കനുസരിച്ച് 80 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മയാമി ഡേഡ് കൗണ്ടി മേയര്‍ ഡാനിയേല ലെവിന്‍ കാവ പറഞ്ഞു. അപകടകാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണെന്നും ലെവിന്‍ കാവ അറിയിച്ചു.

60 മൃതദേഹങ്ങളില്‍ 35 പേരുടെ മാത്രമാണു തിരിച്ചറിഞ്ഞിട്ടുള്ളത്. അമേരിക്ക കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് നടന്നിട്ടിപ്പോള്‍ രണ്ടാഴ്ച്ച കഴിഞ്ഞു. ജൂണ്‍ 24നു പുലര്‍ച്ചെയാണ് വലിയ ശബ്ദത്തോടെ കെട്ടിടം നിലംപൊത്തിയത്. 12 നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിലെ 136 അപ്പാര്‍ട്ട്‌മെന്റുകളില്‍ പകുതിയോളം ആണ് തകര്‍ന്നു വീണത്.

കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ജീവനോടെ ആരെങ്കിലും അവശേഷിക്കുന്നുവെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഭാഗികമായി തകര്‍ന്ന കെട്ടിടത്തിന്റെ ശേഷിച്ച ഭാഗങ്ങള്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഞായറാഴ്ച പൊളിച്ച് നീക്കിയിരുന്നു. തുടര്‍ന്ന് നിര്‍ത്തിവെച്ച തെരച്ചില്‍ പുനഃരാരംഭിക്കുകയായിരുന്നു. ഏഴു ദശലക്ഷം പൗണ്ട് തൂക്കമുള്ള കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തുകഴിഞ്ഞു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് തെരച്ചില്‍ തുടരുന്നത്.

ബുധനാഴ്ച രക്ഷാപ്രവര്‍ത്തകര്‍ അപകടത്തില്‍ മരിച്ചവരുടെ സ്മരണയ്ക്കായി ഒരു നിമിഷം മൗനം ആചരിച്ചു.

40 വര്‍ഷം പഴക്കമുള്ള കെട്ടിടം കുറെ വര്‍ഷമായി അല്‍പാല്‍പം താഴുന്നതായി വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തകര്‍ച്ചയ്ക്ക് കാരണമായത് എന്താണെന്ന് എന്‍ജിനീയര്‍മാര്‍ പരിശോധിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം നിര്‍ണയിക്കാന്‍ സമയമെടുക്കുമെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് നേരത്തെ പറഞ്ഞിരുന്നു. കെട്ടിടത്തിനകത്തുനിന്നും ഇനിയും കണ്ടെത്താനുള്ളവരുടെ കുടുംബാംഗങ്ങള്‍ ഇപ്പോഴും ദുരന്തസ്ഥലത്തിനു സമീപം തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.