ഹാഗിയ സോഫിയ: മുറിവുണങ്ങാത്ത ഒരു വര്‍ഷം; ആ തെറ്റ് ക്രിസ്ത്യാനികള്‍ മറക്കില്ല

ഹാഗിയ സോഫിയ: മുറിവുണങ്ങാത്ത ഒരു വര്‍ഷം; ആ തെറ്റ് ക്രിസ്ത്യാനികള്‍ മറക്കില്ല

ഇസ്താംബൂള്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ മനസില്‍ ഹാഗിയ സോഫിയ ഒരു വലിയ മുറിവായിട്ട് ഇന്ന് ഒരു വര്‍ഷം. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പിനെ വകവയ്ക്കാതെ തയിബ് എര്‍ദോഗന്‍ എന്ന തുര്‍ക്കിയിലെ മുസ്ലീം ഭരണാധികാരി ക്രിസ്ത്യാനികളുടെ വികാരമായിരുന്ന ഹാഗിയ സോഫിയയെ മോസ്‌ക് ആയി പ്രഖ്യാപിച്ചത് 2020 ജൂലൈ പത്തിനായിരുന്നു. 'ഹാഗിയ സോഫിയയെ ഓര്‍ത്ത് ഞാന്‍ വളരെയേറെ വേദനിക്കുന്നു' എന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇതേക്കുറിച്ച് പറഞ്ഞത്.

എ.ഡി 537 ല്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയം 1453 ല്‍ ഓട്ടോമന്‍ സാമ്രാജ്യമാണ് ആദ്യം മോസ്‌ക് ആക്കിയത്. എന്നാല്‍ മുസ്തഫ കമാല്‍ അദാദുക്കി എന്ന ഭരണാധികാരി ഈ തെറ്റ് മനസിലാക്കി ദേവാലയവും മോസ്‌കുമല്ലാതെ അതൊരു ചരിത്ര സ്മാരകമാക്കി. പക്ഷേ, തീവ്ര ഇസ്ലാമിക ഭരണം തുര്‍ക്കിയില്‍ വന്നതോടെയാണ് ചരിത്രത്തെ വെല്ലുവിളിച്ച് അവരുടെ കൈയ്യേറ്റമുണ്ടാവുകയും ഇവിടം വീണ്ടും മോസ്‌ക് ആവുകയും ചെയ്തു.

ശില്‍പ വിദ്യയിലെ ചരിത്രം തിരുത്തിയ നിര്‍മ്മിതിയായാണ് തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള ഹാഗിയ സോഫിയ അറിയപ്പെടുന്നത്. 'ചര്‍ച്ച് ഓഫ് ദ ഹോളി വിസ്ഡം (ഹാഗിയ സോഫിയ)' എന്ന പേരില്‍ എ.ഡി 537 ല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി പണിതുയര്‍ത്തിയ ക്രൈസ്തവ ദേവാലയം ലോകത്തെ തന്നെ പഴക്കമേറിയ വാസ്തുശില്പ വിസ്മയമാണ്. അതാണ് വീണ്ടും മോസ്‌ക് ആക്കി മാറ്റിയത്.

താഴികക്കുടങ്ങളുടേയും ചിത്രപ്പണികളുടേയും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന ചരിത്രത്തിന്റേയും പേരില്‍ വിശ്വപ്രസിദ്ധമായ, ലോക പൈതൃക പട്ടികയില്‍ പോലും ഇടം പിടിച്ച ഹാഗിയ സോഫിയയുടെ നിര്‍മിതിയേയും ചരിത്രത്തില്‍ അതിനുള്ള പ്രാധാന്യത്തേയും ക്രൈസ്തവ സമൂഹം ഈ നിര്‍മ്മിതിയുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ്.


കത്തീഡ്രല്‍ എന്ന നിലയില്‍ നൂറ്റാണ്ടുകളായി ലോകമെങ്ങും അറിയപ്പെട്ടിരുന്ന ഹാഗിയ സോഫിയ ആറാം നൂറ്റാണ്ടിലെ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ നിര്‍മിതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതേ സ്ഥാനത്തു നിര്‍മ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയമായിരുന്നു ഇത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റാന്റിയസ് ഒന്നാമനാണ് ആദ്യ ദേവാലയ നിര്‍മാണത്തിന് തുടക്കം കുറിച്ചത്. എ.ഡി 360 ല്‍ കോണ്‍സ്റ്റാന്റിയസ് രണ്ടാമന്റെ കാലത്തു പണി പൂര്‍ത്തിയാകുകയും ചെയ്തു.

പ്രാചീന ലത്തീന്‍ വാസ്തു കലാശൈലിയില്‍ നിര്‍മ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. എ.ഡി. 404 ലുണ്ടായ കലാപത്തില്‍ ആദ്യ പള്ളി കത്തി നശിച്ചു. തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തില്‍ 405 ഒക്ടോബര്‍ 10 നാണ് രണ്ടാമത്തെ ദേവാലയം പൂര്‍ത്തിയാക്കിയത്. 532 ജനുവരിയോടെ അതും നശിപ്പിക്കപ്പെട്ടു.

532 ഫെബ്രുവരി 23 നാണ് ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തി മൂന്നാമതൊരു ദേവാലയം നിര്‍മ്മിയ്ക്കാന്‍ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോര്‍ മിലെറ്റസും ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ് ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രീസില്‍ നിന്നും ഈജിപ്ത്തില്‍ നിന്നും സിറിയയില്‍ നിന്നും ഇറക്കുമതി ചെയ്ത വിവിധ വര്‍ണങ്ങളിലുള്ള മാര്‍ബിള്‍ പാളികളുപയോഗിച്ചായിരുന്നു നിര്‍മ്മാണം. 537 ഡിസംബര്‍ 27 ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

ഏതാണ്ട് ആയിരം വര്‍ഷത്തോളം ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പള്ളിയായിരുന്നു ഇത്. ബൈസാന്റിയന്‍ ഭരണാധികാരികളുടെ കിരീടധാരണവും ഈ പള്ളിയില്‍ വച്ചായിരുന്നു നടന്നിരുന്നത്. 1453 ല്‍ മുഹമ്മദ് ദ കോണ്‍ക്വറര്‍ എന്നറിയപ്പെടുന്ന ഓട്ടോമന്‍ സുല്‍ത്താന്‍, കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ ഹഗിയ സോഫിയ അദ്ദേഹത്തിന്റെ അധീനതിയിലായി. കെട്ടിടത്തിലുണ്ടായിരുന്ന പല ക്രിസ്ത്യന്‍ ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഒരു മിഹ്രാബും (ചുമരിലെ ദ്വാരം), ഒരു പ്രാര്‍ത്ഥനാ മണ്ഡപവും ചേര്‍ത്ത് അദ്ദേഹം ഈ പള്ളിയെ മസ്ജിദ് ആക്കി മാറ്റി.

1900 കളുടെ ആദ്യം വരെ ഹാഗിയ സോഫിയ മുസ്ലിം മോസ്‌ക്കായി തുടര്‍ന്നു. ഓട്ടോമന്‍ ഭരണകാലത്തിനുശേഷം അധികാരത്തിലെത്തിയ തുര്‍ക്കി ഭരണാധികാരികളാണ് മതേതരത്വം മുന്‍നിര്‍ത്തി ഇത് മ്യൂസിയമാക്കിയത്. അക്കാലത്തെ ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്തായിരുന്നു ആ തീരുമാനം. 1934 ല്‍ മുസ്തഫ കമാല്‍ അദാദുക്കിയുടെ ഭരണകാലത്ത് അതിനുള്ള ഉത്തരവും പുറപ്പെടുവിച്ചു. 1935 ല്‍ മ്യൂസിയമാക്കിയതോടെ അന്നു മുതല്‍ 2020 ജൂലൈ 10 വരെ എല്ലാ മത വിശ്വാസികള്‍ക്കായും തുറന്നിട്ടിരിക്കുകയായിരുന്നു ഹാഗിയ സോഫിയയുടെ കവാടം.

എന്നാല്‍ 1935 ല്‍ മ്യൂസിയമാക്കി മാറ്റിയ ഹാഗിയ സോഫിയ വീണ്ടും മോസ്‌ക്ക് ആക്കണമെന്ന മുറവിളി തീവ്ര ഇസ്ലാമിക വാദികള്‍ നിരന്തരം ഉയര്‍ത്തി വന്നു. അതിന്റെ ഭാഗമായി ഒരു വിഭാഗം മുസ്ലീം സംഘടനകള്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സില്‍ അപേക്ഷയും നല്‍കിയിരുന്നു. കടുത്ത ഇസ്ലാമിക നിലപാടുള്ള തയിബ് എര്‍ദോഗന്‍ തുര്‍ക്കിയില്‍ ഭരണത്തിലേറിയതോടെ ഹാഗിയ സോഫിയയെ വീണ്ടും മോസ്‌ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണതലത്തില്‍ വീണ്ടും ആരംഭിച്ചു.

ഇതിന്റെയെല്ലാം ഫലമായി കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുര്‍ക്കി സ്ഥാപക നേതാവിന്റെ നടപടി നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയ മുസ്ലിങ്ങള്‍ക്ക് നമസ്‌കാരത്തിനായി തുറന്നുകൊടുക്കുമെന്ന് 2020, ജൂലൈ പത്തിന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പ്രദേശവാസികള്‍ക്കും വിദേശികള്‍ക്കും മുസ്ലീങ്ങള്‍ക്കും അമുസ്ലീങ്ങള്‍ക്കും ഹാഗിയ സോഫിയയില്‍ പ്രവേശനം ഉണ്ടാകുമെന്നും ജൂലൈ 24 ന് ഇവിടെ ആദ്യ നമസ്‌കാരം നടക്കുമെന്നും ദിയാനെറ്റ് എന്നറിയപ്പെടുന്ന തുര്‍ക്കിയിലെ മതകാര്യങ്ങള്‍ക്കായുള്ള വകുപ്പിനാണ് ഇനി ഹാഗിയ സോഫിയയുടെ ചുമതലയെന്നും എന്‍ദോഗന്‍ പ്രഖ്യാപിച്ചു.

ശില്‍പഭംഗി കൊണ്ട് ഏറെ പ്രശസ്തമായതും കത്തീഡ്രല്‍ എന്ന നിലയില്‍ പതിറ്റാണ്ടുകളായി ലോകമെങ്ങും അറിയപ്പെട്ടിരുന്നതുമായ ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റുന്നതിനെതിരെ ക്രൈസ്തവ സമൂഹവും അയല്‍രാജ്യമായ ഗ്രീസും രംഗത്തെത്തിയിരുന്നു. ക്രിസ്തീയ ദേവാലയത്തിനുള്ളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്യുന്നതിനെ ഗ്രീസ് പരസ്യമായി അപലപിക്കുകയും ചെയ്തു.


തുര്‍ക്കിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമായിട്ടും റഷ്യയും അമേരിക്കയും ഇതിനെതിരെ രംഗത്തു വന്നിരുന്നു. റഷ്യയിലെ ഓര്‍ത്തഡോക്സ് ചര്‍ച്ചും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. യൂറോപ്യന്‍ യൂണിയനും ശക്തമായ പ്രതിഷേധം അറിയിച്ചു. ഹാഗിയ സോഫിയ തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും അക്കാര്യത്തില്‍ തല്ക്കാലം ഒരു അന്താരാഷ്ട്ര ഉപദേശവും വേണമെന്നില്ല എന്നായിരുന്നു തുര്‍ക്കിയുടെ പ്രതികരണം.

അവസാനം എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് 2020 ജൂലൈ 24 ന്, 86 വര്‍ഷങ്ങള്‍ക്ക് ശേഷം ഹാഗിയാ സോഫിയയില്‍ ഇസ്ലാം മത പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. ഹാഗിയ സോഫിയയില്‍ നിസ്‌കാരം തുടങ്ങിയ ദിനത്തെ വിലാപ ദിനമായാണ് ഗ്രീക്ക് സഭകള്‍ വിശേഷിപ്പിച്ചത്.

ഹാഗിയ സോഫിയ മ്യൂസിയം മോസ്‌ക്കായി മാറ്റപ്പെടുമ്പോള്‍ അതോടൊപ്പം വിസ്മരിക്കപ്പെടുന്നത് അതിനെ ചുറ്റിപ്പറ്റിയുള്ള ചരിത്രം കൂടിയാണ്. ഒരു രാജ്യത്തിന്റെ പൈതൃകത്തെ പിന്നോട്ടടിക്കുകയും ഒരു മതസമൂഹത്തിന്റെ മുഴുവന്‍ വികാരത്തിനും ആഘാതമേല്‍പ്പിക്കുകയുമാണ് ഈ നടപടിയിലൂടെ തുര്‍ക്കിയിലെ മുസ്ലീം ഭരണാധികാരികള്‍ ചെയ്തത്. ആ തെറ്റ് ക്രിസ്ത്യാനികള്‍   മറക്കില്ല.
.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.