ശ്രദ്ധ നേടി കെസിവൈഎം മാനന്തവാടി രൂപതയുടെ 'ഗ്രീന്‍ ഫ്യൂച്ചര്‍' പരിസ്ഥിതി വാരാഘോഷം

ശ്രദ്ധ നേടി കെസിവൈഎം മാനന്തവാടി രൂപതയുടെ 'ഗ്രീന്‍ ഫ്യൂച്ചര്‍' പരിസ്ഥിതി വാരാഘോഷം

മാനന്തവാടി: കെസിവൈഎം മാനന്തവാടി രൂപത ലോക പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് 'ഗ്രീന്‍ ഫ്യൂച്ചര്‍' എന്ന പേരില്‍ ജൂണ്‍ ഒന്ന് മുതല്‍ ഏഴ് വരെ വിപുലമായ പരിസ്ഥിതി ജാഗ്രതാ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. 'മൈ വില്ലേജ്' പദ്ധതിയിലേക്കും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവാക്കളുടെ നേതൃത്ത്വത്തില്‍ ഓരോ ദിവസത്തെയും വിഷയങ്ങള്‍ വിവിധ നിലകളില്‍ അവതരിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്നിന് ആരംഭിച്ച പരിപാടികളുടെ ആദ്യ ദിവസം പ്ലാസ്റ്റിക് വിമുക്ത ദിനമായിട്ടാണ് ആചരിച്ചത്. ഓരോ ആളും തങ്ങള്‍ ദിവസവും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടിക തയ്യാറാക്കുകയും അത് പുനരുപയോഗാവുന്നതും അല്ലാത്തവയുമായ വസ്തുക്കളാക്കി തരമതിരിച്ചു. കുപ്പി മുതല്‍ ഭക്ഷണ പാഴ്സലുകള്‍ വരെയുള്ള കാര്യങ്ങളില്‍ അവബോധം സൃഷ്ടിച്ചു. പലരും സ്റ്റീല്‍ കുപ്പികള്‍, ഗ്ലാസ് ജാറുകള്‍ തുടങ്ങിയവയുടെ മുമ്പും ശേഷവും ഉള്ള ചിത്രങ്ങള്‍ യുണിറ്റന്റെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചു.

ജൂണ്‍ രണ്ടിന് ഒരു തൈ നട്ടുകൊണ്ടുള്ള ചിത്രം പങ്കുവെക്കുക എന്ന 'പ്ലാന്റ് ആന്‍ഡ് പോസ്റ്റ്' ചാലഞ്ച് നടന്നു. ഓരോ വ്യക്തിയും തങ്ങളുടെ വീട്ടില്‍ അല്ലെങ്കില്‍ പരിസര പ്രദേശങ്ങളില്‍ തൈ നടുകയും അതിന്റെ പേരും പ്രാധാന്യവും സംബന്ധിച്ചൊരു കുറിപ്പ് എഴുതുകയും ചെയ്തു. തുളസി, വേപ്പ്, കപ്പ, പഴവര്‍ഗങ്ങള്‍ തുടങ്ങി നിരവധി തൈകള്‍ നട്ടു. കുട്ടികളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി കുടുംബങ്ങള്‍ പോലും ഈ പ്രവര്‍ത്തനത്തിലൂടെ പ്രകൃതിയോടുള്ള ബന്ധം പുതുക്കി.

ജൂണ്‍ മൂന്നിന് 'പവര്‍ കട്ട് ഫോര്‍ പ്ലാനറ്റ്' എന്ന ചാലഞ്ചാണ് നടക്കുന്നത്. രാത്രി എട്ട് മുതല്‍ ഒന്‍പത് വരെ വീടുകളില്‍ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നിര്‍ത്തിവെച്ച് ദീപം കത്തിയ്ക്കും. പലരും ഈ സമയത്തെ അനുഭവം കുറിപ്പുകളിലൂടെ പങ്കുവെയ്ക്കും. ലാളിത്യം എന്നത് പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കാനുള്ള ആഹ്വാനമെന്നതാണ് സന്ദേശം.

ജൂണ്‍ നാലിന് 'ഗ്രീന്‍ ട്രാവല്‍' ദിനം ആചരിക്കും. അംഗങ്ങള്‍ ആ ദിവസം സ്‌കൂളിലോ ഓഫിസിലോ പള്ളിയിലോ പോകാന്‍ പൊതുഗതാഗതമോ സൈകിളോ നടന്നു പോകലോ തിരഞ്ഞെടുക്കും. ഇതിലൂടെ കാര്‍ബണിന്റെ പുറംതള്ളല്‍ കുറയ്ക്കുകയും ആരോഗ്യമുള്ള ജീവിത ശൈലിയിലേക്ക് ചുവട് മാറ്റുകയും ചെയ്യും.
ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനം ആയതുകൊണ്ട് തന്നെ വിപുലമായ ക്ലീന്‍-അപ്പ് ഡ്രൈവ് സംഘടിപ്പിക്കും. ദേവാലയങ്ങള്‍, സ്‌കൂളുകള്‍, റോഡുകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ച് ശരിയായ രീതിയില്‍ നശിപ്പിക്കും. മുന്‍പും ശേഷവും എടുത്ത ചിത്രങ്ങള്‍ ഗ്രൂപ്പുകളില്‍ പങ്കുവെച്ച് പ്രവര്‍ത്തന ഫലങ്ങള്‍ പ്രദര്‍ശിപ്പിക്കും. 'നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം', 'ശുദ്ധമായ ഭൂമി, ഹരിതമായ ഭാവി' തുടങ്ങിയ സന്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കും.

ജൂണ്‍ ആറിന് ഭക്ഷ്യമാലിന്യ വിമുക്ത ദിനമായി ആചരിക്കും. അന്ന് ഉപയോഗിക്കുന്ന ആഹാരത്തില്‍ ചെറിയ രീതിയില്‍ പോലും മാലിന്യം ഉണ്ടാകാതെ നോക്കുക എന്നതാണ് ചലഞ്ച്. 'ഭക്ഷ്യമാലിന്യം ഒഴിവാക്കാനുള്ള വീട്ടിലെ വിദ്യകള്‍' എന്നതില്‍ കുറിപ്പുകള്‍ പങ്കുവെയ്ക്കും.

ജൂണ്‍ ഏഴിന് ഡിജിറ്റല്‍ ഡിറ്റോക്സ് ദിനമായി ആചരിക്കും. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കി പ്രകൃതിയുമായി സമയം ചെലവഴിക്കുക എന്നതാണ് ഈ ദിനത്തിലെ പ്രധാന കടമ്പ. അതിനോടനുബന്ധിച്ച് ബൈബിളില്‍ നിന്നും പ്രകൃതിയെക്കുറിച്ചുള്ള വാക്യങ്ങള്‍ പങ്കുവെക്കാനും പ്രചോദനദായകമായ സന്ദേശങ്ങള്‍ അയക്കാനും അംഗങ്ങള്‍ക്ക് അവസരം ഒരുക്കും. ഓരോ ദിനവുമുള്ള പ്രവര്‍ത്തനങ്ങള്‍ 'മൈ വില്ലേജ്' പദ്ധതി റിപ്പോര്‍ട്ടിന്റെ ഭാഗമാക്കാനായി ജൂണ്‍ 10 നകം രൂപത ഓഫിസില്‍ സമര്‍പ്പിക്കുവാന്‍ രൂപത നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണ് എന്നത് നമ്മുടെ യുവാക്കള്‍ അവരുടെ പ്രവൃത്തികള്‍കൊണ്ട് തെളിയിച്ചുവെന്നും, അങ്ങനെ അവര്‍ സമൂഹത്തിന് മാതൃകയാവുകയാണെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കാള്ള ഓരോ ചെറിയ പ്രവൃത്തിയും വലിയ മാറ്റത്തിനുള്ള തുടക്കമാണെന്ന ആഹ്വാനമാണ് രൂപത നല്‍കുന്നതെന്നും കെ.സി.വൈ.എം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.