ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന് അനുശോചനം അറിയിച്ച് കേരളം

ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന് അനുശോചനം അറിയിച്ച് കേരളം

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള, മന്ത്രി വി എന്‍ വാസവന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുന്‍മന്ത്രി മാത്യു ടി തോമസ്, എംഎല്‍എ പി ജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി കെ കുഞ്ഞാലിക്കുട്ടി, മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍, ഗായിക കെ എസ് ചിത്ര എന്നിവര്‍ അനുശോചിച്ചു.

സൗമ്യശീനലായ വ്യക്തിയായിരുന്നു ബാവയെന്ന് ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള അനുസ്മരിച്ചു. മാനവികതയില്‍ ഊന്നി നിന്നുകൊണ്ട് സഭയെ നയിക്കാന്‍ ബാവ ശ്രമിച്ചിരുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു. കാതോലിക്കാ ബാവാ സ്ഥാനോരോഹണം ചെയ്ത് ചുമതല ഏല്‍ക്കുന്ന സന്ദര്‍ഭം മുതല്‍ നല്ല സൗഹൃദം പങ്കിടാന്‍ സാധിച്ചതായി മന്ത്രി വി എന്‍ വാസവന്‍ ഓര്‍മ്മിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ബാവ നിരന്തരം ഇടപെട്ടിരുന്നതായും മന്ത്രി പറഞ്ഞു. സമൂഹവുമായി നല്ല ബന്ധം പുലര്‍ത്തിയ മതേതര നിലപാടുള്ള വ്യക്തിയായിരുന്നു കാതോലിക്കാ ബാവയെന്ന് വി ഡി സതീശന്‍ പറഞ്ഞു. സ്‌നേഹത്തോടെ ഇടപെടുന്ന യഥാര്‍ത്ഥ ക്രൈസ്തവ ദര്‍ശനം എല്ലാവരുടേയും മനസില്‍ എത്തിക്കാന്‍ ശ്രമിച്ച വ്യക്തി കൂടിയായിരുന്നു കാതോലിക്കാ ബാവയെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വേണ്ടി സാധാരണക്കാര്‍ക്ക് വേണ്ടി കാതോലിക്കാ ബാവ ചെയ്ത കാര്യങ്ങള്‍ അനുസ്മരിക്കുന്നതായി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.ആധ്യാത്മികതയില്‍ അടിയുറച്ച് ക്രിസ്തുവിന് സാക്ഷ്യം നല്‍കിയ മഹോന്നത വ്യക്തിയായിരുന്നു കാതോലിക്കാ ബാവയെന്ന് പി ജെ ജോസഫ് അനുസ്മരിച്ചു. സഭയ്ക്ക് വലിയ നേതൃത്വമാണ് അദ്ദേഹം നല്‍കിയത്. എല്ലാവര്‍ക്കും സ്വീകാര്യനായ പിതാവായിരുന്നു അദ്ദേഹമെന്നും പി ജെ ജോസഫ് പറഞ്ഞു. സമുദായ സാഹോദര്യം പുലര്‍ത്തിയ വ്യക്തിയായിരുന്നു കാതോലിക്കാ ബാവയെന്ന് പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.

അര്‍ബുദ ബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെ ഇന്ന് പുലര്‍ച്ചെ 2.35 നാണ് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ കാലം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ സ്ഥിതി മോശമായിരുന്ന ബാവയുടെ ചികിത്സ വെന്റിലേറ്ററിലായിരുന്നു തുടര്‍ന്നിരുന്നത്. മൃതദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തേക്ക് കൊണ്ടു പോകും. സംസ്‌കാരം നാളെ വൈകിട്ട് 3ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.