ഇന്ത്യയിലെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം ഒമ്പത് ലക്ഷം കോടി രൂപ കവിഞ്ഞതായി റിസര്‍വ് ബാങ്ക്; തുക 20 ലക്ഷം കോടി കവിയുമെന്ന് സാമ്പത്തിക വിദഗ്ധര്‍.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകളെയും സര്‍ക്കാരിനെയും ലോകത്തിനു മുമ്പില്‍ നാണം കെടുത്തി വിജയ് മല്യയും നീരവ് മോഡിയും മറ്റും രാജ്യം വിട്ടതിന്റെ പാഠമുള്‍ക്കൊണ്ട്, വന്‍ കിട്ടാക്കടങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്നു ബാങ്കുകളെ മോചിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഇന്ത്യയിലും 'ബാഡ് ബാങ്ക് ' രൂപം കൊള്ളുന്നു.
ഇതിനായി എസ്ബിഐയുടെ സമ്മര്‍ദ ആസ്തി പരിഹാര വിഭാഗത്തിലെ ചീഫ് ജനറല്‍ മാനേജര്‍ പത്മകുമാര്‍ എം.നായര്‍ എംഡിയും സിഇഒയുമായി മുംബൈയിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (എന്‍ആര്‍സി) സംയോജിപ്പിച്ചു. 74.6 കോടി രൂപയാണ് പെയ്ഡ് അപ്പ് ക്യാപിറ്റല്‍.
ധനകാര്യ സ്ഥാപനങ്ങളുടെ കടങ്ങള്‍ തിരിച്ചുപിടിക്കുന്ന പ്രത്യേക സംവിധാനമാണ് രാജ്യാന്തര തലത്തില്‍ 'ബാഡ് ബാങ്ക്' എന്ന് അറിയപ്പെടുന്നത്്. ബാങ്കിംഗ് മേഖലയെ വൃത്തിയാക്കാനുള്ള അസറ്റ് പുനര്‍നിര്‍മ്മാണ കമ്പനിയായ 'നാര്‍ക്ക്' ' ക്രമേണ ബാഡ് ബാങ്ക് ആയി മാറും. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐബിഎ) മേധാവി സുനില്‍ മേത്ത, കാനറ ബാങ്കിന്റെ അജിത് കൃഷ്ണന്‍ നായര്‍, എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സലി സുകുമാരന്‍ നായര്‍ എന്നിവരാണ് മറ്റ് ഡയറക്ടര്‍മാര്‍.
ബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തികള്‍ ഉയരുന്നതു മൂലമുള്ള ആശങ്ക കോവിഡ് വ്യാപകമായതോടെ നേരത്തേക്കാള്‍ ഉയരുകയാണ്. വായ്പ തിരിച്ചടവു മുടങ്ങി നിഷ്‌ക്രിയ ആസ്തികളുടെ നിരക്ക് അമിതമായി. ജപ്തി ഉള്‍പ്പെടെയുള്ള തിരിച്ചുപിടിക്കല്‍ നടപടികള്‍ അനിശ്ചിതമായി നീട്ടിവയ്ക്കാന്‍ ആകില്ല.
ഈ സാഹചര്യത്തിലാണ് ബാഡ് ബാങ്ക് വരുന്നത്. കിട്ടാക്കടങ്ങള്‍ ബാങ്കുകള്‍ക്ക് വലിയ തലവേദന ആയപ്പോഴാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ മാനേജ്‌മെന്റ് കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) ഇതു തിരിച്ചുപിടിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കായി ഈ സംവിധാനം ഇപ്പോള്‍ രാജ്യത്തു നിലവിലുണ്ട്.
ബാങ്കിനെ സംബന്ധിച്ചിടത്തോളം ആസ്തി (അസറ്റ്) ആയിത്തന്നെ കണക്കാക്കപ്പെടുന്ന വായ്പയുടെ തിരിച്ചടവ് നിശ്ചിത കാലയളവിനപ്പുറം മുടങ്ങിയാല്‍ അത് സമ്മര്‍ദ ആസ്തി (സ്ട്രെസ്സ്ഡ് അസറ്റ്) ആകും.ഈ സമ്മര്‍ദ ആസ്തിയാണ് ബാഡ് ബാങ്കിനു വില്‍ക്കന്നത്.
ബാഡ് ബാങ്ക് ആയിരിക്കും തുടര്‍ന്ന് സമ്മര്‍ദ ആസ്തികള്‍ സംബന്ധിച്ച നടപടികളുമായി മുന്നോട്ടു പോവുക. കിട്ടാക്കടങ്ങള്‍, കിട്ടാക്കടമായി മാറാന്‍ സാധ്യതയുള്ള വായ്പകള്‍, കാലാവധി പൂര്‍ത്തിയായിട്ടും പണം കിട്ടാത്ത കടപ്പത്രങ്ങള്‍, ഡിബഞ്ചറുകള്‍ തുടങ്ങി എല്ലാ സമ്മര്‍ദ ആസ്തികളും, ബാങ്കുകള്‍ക്കും അതുപോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാഡ് ബാങ്കുകള്‍ക്ക് വില്‍ക്കാം.
ഏതാണ്ട് രണ്ട് ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ബാഡ് ബാങ്കിന് ഭാവിയില്‍ കൈകാര്യം ചെയ്യേണ്ടിവരും എന്നാണ് ബാങ്കിങ് വിദഗ്ധര്‍ കണക്കാക്കുന്നത്. തുടക്കമെന്ന നിലയില്‍ 82,500 കോടിയുടെ 22 കിട്ടാക്കടങ്ങളാണ് ബാഡ് ബാങ്കിന്, ബാങ്കുകള്‍ കൈമാറുക. ഇതില്‍ വിഡിയോകോണ്‍ ഓയില്‍ വെഞ്ചേഴ്‌സ് (22,532 കോടി), റിലയന്‍സ് നേവല്‍ ആന്‍ഡ് എന്‍ജിനീയറിങ് (8934 കോടി), ആംടെക് ഓട്ടോ (940 കോടി), ജേപീ ഇന്‍ഫ്രാസ്ട്രക്ചര്‍ (7950 കോടി), കാസ്ടെക്സ് ടെക്നോളജീസ് (6337 കോടി), ജിടിഎല്‍ ലിമിറ്റഡ് (4866 കോടി), വിസ സ്റ്റീല്‍ (3394 കോടി), വിന്‍ഡ് വേള്‍ഡ് ഇന്ത്യ (3394 കോടി).
ഇടുക്കി ഡാം ഉള്‍പ്പെടെ പണിത ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സഹസ്ഥാപനമായ ലാവസ് കോര്‍പറേഷന്‍ (1424 കോടി), കണ്‍സോളിഡേറ്റഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ (1353 കോടി) തുടങ്ങി പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ കിട്ടാക്കടമാണ് 80 ശതമാനവും. ഈ കിട്ടാക്കടമെല്ലാം ബാങ്ക് അടച്ചുതീര്‍ത്തതുകൊണ്ട് ഇതു വിറ്റുകിട്ടുന്ന പണം ബാങ്കിന്റെ ലാഭത്തിലേക്കു പോകും.
82,500 കോടിയില്‍ എസ്ബിഐയ്ക്കു കിട്ടാനുള്ളത് 20,000 കോടി രൂപയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7800 കോടിയും പഞ്ചാബ് നാഷനല്‍ ബാങ്കിന് 8000 കോടിയും ബാങ്ക് ഓഫ് ഇന്ത്യക്കു 5500 കോടിയും ഇന്ത്യന്‍ ബാങ്കിന് 1900 കോടിയുമാണ്. ആര്‍ബിഐയുടെ നിബന്ധന അനുസരിച്ച് ബാഡ് ബാങ്ക് വാങ്ങുന്ന കിട്ടാക്കടത്തിന്റെ, വാങ്ങിയ വിലയുടെ 15 ശതമാനം പണമായി നല്‍കണം. ബാക്കി 85 ശതമാനത്തിനു സെക്യൂരിറ്റി റസീപ്റ്റസ് നല്‍കും. ഇതിനു കേന്ദ്ര സര്‍ക്കാര്‍ ഈടുനല്‍കും. ഇതിനായി സര്‍ക്കാര്‍ 35,000 കോടി നീക്കിവച്ചിട്ടുണ്ട്. വിറ്റ കിട്ടാക്കടം അന്തിമമായി തീര്‍പ്പാക്കുമ്പോള്‍, ബാഡ് ബാങ്ക്, കടം വിറ്റ ബാങ്കുമായുള്ള ഇടപാട് തീര്‍ക്കുകയെന്നാതായിരിക്കും രീതി.
ബാഡ് ബാങ്ക് കിട്ടാക്കടം തിരിച്ചുപിടിക്കാന്‍, കടം മേടിച്ചവരുടെ ബിസിനസ് ഏറ്റെടുക്കുകയോ അതിന്റെ മാനേജ്മെന്റില്‍ മാറ്റം വരുത്തുകയോ കടക്കാരുടെ ബിസിനസ് വില്‍ക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യും. മറ്റു നടപടികളിലേക്ക് കടക്കാതെ, ചര്‍ച്ചകളിലൂടെ കടക്കാരെകൊണ്ട് കടം അടപ്പിക്കും. കടം പുനഃക്രമീകരിക്കും. 90 ദിവസം തിരിച്ചടവ് മുടങ്ങിയാല്‍, ആ വായ്പ കിട്ടാക്കടമായി മാറും.
നാലു വര്‍ഷം കഴിഞ്ഞ ഒരു കിട്ടാക്കടം ബാങ്കിന്റെ തുല്യതാ പത്രത്തില്‍ കാണിക്കാന്‍ അക്കൗണ്ടിങ് നടപടികള്‍ അനുവദിക്കുന്നില്ല. അതിനാല്‍ ബാങ്ക് അതിന്റെ സ്വന്തം ഫണ്ടില്‍നിന്ന് പണം അടച്ച്, ആ കിട്ടാക്കടം തുല്യതാ പത്രത്തില്‍നിന്ന് മാറ്റും. ഇതിനു ബാങ്കിംഗില്‍ 'ലോണ്‍ റൈറ്റ് ഓഫ്' എന്നാണു പറയുക. 'വായ്പ എഴുതിത്തള്ളുക' എന്നു പറയുന്നെങ്കിലും വായ്പാ തുക ഉപേക്ഷിക്കുകയല്ല. വായ്പ എടുത്തവര്‍ വായ്പ അടയ്ക്കാതെ രക്ഷപ്പെടുന്നുവെന്ന പ്രചാരണം തെറ്റിദ്ധാരണയുളവാക്കുന്നു. ബാങ്കിന്റെ പ്രഖ്യാപിക്കപ്പെടുന്ന കണക്കു പുസ്തകത്തില്‍ ഈ വായ്പയെക്കുറിച്ചു പറയില്ലെങ്കിലും, നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കും.
വലിയ വ്യാവസായിക വായ്പകളാണ് ബാങ്കുകളെ കിട്ടാക്കടത്തിന്റെ കെണിയില്‍ പെടുത്തുന്നത്. കോടികള്‍ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യത്തുനിന്നു മുങ്ങുന്നവര്‍, വായ്പകള്‍ മനപൂര്‍വം തിരിച്ചടയ്ക്കാത്ത കോടീശ്വരന്മാര്‍, ബിസിനസ് കണക്കുകൂട്ടലുകള്‍ പിഴച്ച് കടക്കെണിയിലായി വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ തുടങ്ങിയവരുടെ എണ്ണം പെരുകുന്നു. ഇന്ത്യയിലെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം ഒമ്പത് ലക്ഷം കോടി രൂപ കവിഞ്ഞതായാണ് റിസര്‍വ് ബാങ്ക് പറയുന്നത്. പക്ഷേ, അനുബന്ധ ഘടകങ്ങള്‍ സമഗ്രമായി കണക്കാക്കിയാല്‍ തുക 20 ലക്ഷം കോടി കവിയുമെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രതി വര്‍ഷം രണ്ട് ലക്ഷം കോടിയുടെ വായ്പകള്‍ കിട്ടാക്കടമായി മാറുന്നുമുണ്ട്. പണം തിരിച്ചു പിടിക്കാന്‍ ബാങ്കുകളും സര്‍ക്കാരും രാജ്യത്തും പുറത്തും നടത്തുന്ന അതിസങ്കീര്‍ണ നിയമയുദ്ധങ്ങള്‍ നീണ്ടുപോകുമ്പോള്‍ പണത്തിനും സമയത്തിനും വേറെ കണക്കുണ്ടാക്കേണ്ട അവസ്ഥയാണുള്ളത്. എല്ലാ നികുതിദായകരും ചേര്‍ന്നാണ് ഇതിന്റെയൊക്കെ നഷ്ടം സഹിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.