അമേരിക്കന്‍ വ്യോമസേന കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയതായി പെന്റഗണ്‍

അമേരിക്കന്‍ വ്യോമസേന കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയതായി പെന്റഗണ്‍

കാബൂള്‍: അമേരിക്കന്‍ വ്യോമസേന അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. ഈ വ്യോമാക്രമണങ്ങളില്‍ ചുരുങ്ങിയത് അഞ്ച് താലിബാന്‍ തീവ്രവാദികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. താലിബാനെതിരെ പോരാടുന്ന അഫ്ഗാന്‍ സുരക്ഷാ സേനയെ പിന്തുണയ്ക്കുന്നതിനായാണ് അമേരിക്കന്‍ വ്യോമാക്രമണം.

ഇതേക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ തനിക്കാവില്ലെന്നും അഫ്ഗാന്‍ സുരക്ഷാ സേനയെയും അഫ്ഗാന്‍ സര്‍ക്കാരിനെയും മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്നതിന് യുഎസ് പ്രതിജ്ഞാബദ്ധമാണെും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സമാനമായ പ്രസ്താവനകള്‍ നേരത്തെ നടത്തിയിരുന്നു. യുഎസ് ആര്‍മി സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) മേധാവി ജനറല്‍ കെന്നത്ത് മക്കെന്‍സിയാണ് അഫ്ഗാനിസ്ഥാനിലെ ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും ജോണ്‍ കിര്‍ബി സ്ഥിരീകരിച്ചു.

അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് യു.എസ് അവരുടെ മാനുഷിക പിന്തുണ നല്‍കുന്നത് തുടരുമെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലെ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാന്റെ ഭാവി അഫ്ഗാന്‍ ജനതയുടെ കൈകളിലാണെന്ന് പറഞ്ഞ ജനറല്‍ മാര്‍ക്ക് മില്ലെ അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണെന്നും കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ സൈനികര്‍ 20 വര്‍ഷത്തിന് ശേഷം ബാഗ്രാം വ്യോമപരിധിയില്‍ നിന്ന് പിന്‍വാങ്ങിയതോടെ അഫ്ഗാന്‍ ഭരണം പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താലിബാന്‍ വേഗം കൂട്ടുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ 90 ശതമാനം അതിര്‍ത്തികളുടെയും നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്നും അഫ്ഗാന്‍ സേന മുമ്പ് പിടിച്ചെടുത്ത പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തന്ത്ര പ്രധാനമായ സ്പിന്‍ ബോള്‍ഡാക്ക് അതിര്‍ത്തി വീണ്ടും തങ്ങളുടെ അധീനതയിലായെന്നുമാണ് താലിബാന്റെ പുതിയ അവകാശവാദം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.