കാലാവസ്ഥാ വ്യതിയാനം: ഗ്രീന്‍ലാന്‍ഡിലെ എണ്ണ പര്യവേഷണങ്ങള്‍ അവസാനിപ്പിച്ചു

കാലാവസ്ഥാ വ്യതിയാനം: ഗ്രീന്‍ലാന്‍ഡിലെ എണ്ണ പര്യവേഷണങ്ങള്‍ അവസാനിപ്പിച്ചു

ഗ്രീന്‍ലാന്‍ഡിലെ എല്ലാ എണ്ണ പര്യവേഷണങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലോകം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയെ ഗൗരവമായി കാണുന്നതിനാലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. എണ്ണ പര്യവേഷണത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും സര്‍ക്കാര്‍ കണക്കിലെടുക്കുന്നുണ്ട്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്വീപില്‍ നിന്നുള്ള എണ്ണ പര്യവേഷണങ്ങളാണ് അവസാനിക്കുന്നത്.

തീരുമാനം പ്രകൃതി സംരക്ഷണത്തിന് വേണ്ടിയും മത്സ്യബന്ധനത്തിനുവേണ്ടിയും ടൂറിസം വ്യവസായത്തിനുവേണ്ടിയും സുസ്ഥിര വികസന സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണെന്നു സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പര്യവേക്ഷണം, യുറേനിയം വേര്‍തിരിച്ചെടുക്കല്‍ എന്നിവ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

1970 മുതല്‍ എക്സോണ്‍ മൊബീല്‍, ഷെല്‍ തുടങ്ങിയ കമ്പനികള്‍ ഗ്രീന്‍ലാന്‍ഡില്‍ എണ്ണ പര്യവേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതുവരെ കണ്ടെത്താത്ത എണ്ണ നിക്ഷേപം ഗ്രീന്‍ലാന്‍ഡിലുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

ആര്‍ട്ടിക്- അറ്റ്‌ലാന്റിക് സമുദ്രങ്ങള്‍ക്കിടയിലാണ് ഗ്രീന്‍ലാന്‍ഡ് സ്ഥിതി ചെയ്യുന്നത്. ആര്‍ട്ടിക്കില്‍ വളരെ വേഗത്തിലാണ് മഞ്ഞ് ഉരുകുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഭൂമിയുടെ ശരാശരി താപനില ഒരു ഡിഗ്രി ഫാരന്‍ഹൈറ്റ് വര്‍ധിച്ചപ്പോള്‍, ഗ്രീന്‍ലാന്റിലെ താപനില 1991 മുതല്‍ ഏഴ് ഡിഗ്രി ഫാരന്‍ഹൈറ്റായി വര്‍ധിച്ചു. ആര്‍ട്ടിക് പ്രദേശത്ത് ചൂട് കൂടുന്നതിനാല്‍, ആഘാതവും കൂടുതല്‍ വ്യക്തമാണ്.

എണ്ണ പര്യവേഷണം മൂലം ഭൂമിയുടെ നിലനില്‍പിന് തന്നെ ഭീഷണി ഉണ്ടാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരം തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്.

1992 നും 2018 നും ഇടയില്‍ 3.8 ട്രില്യണ്‍ ടണ്‍ ഐസ് ഗ്രീന്‍ലാന്‍ഡില്‍ അതിവേഗത്തില്‍ ഉരുകിയെന്നു നാസയുടെ പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ ഐസ് അതിവേഗത്തില്‍ ഉരുകുകയാണെങ്കില്‍ 2100 ആകുമ്പോള്‍ ആഗോള സമുദ്രനിരപ്പ് ഏകദേശം മൂന്നു മുതല്‍ അഞ്ച് ഇഞ്ച് വരെ (70 മുതല്‍ 130 മില്ലിമീറ്റര്‍ വരെ) ഉയരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍, ഗ്രീന്‍ലാന്‍ഡില്‍ ഐസ് ഉരുകിയതു മൂലം സമുദ്രനിരപ്പില്‍ 0.4 ഇഞ്ച് (11 മില്ലിമീറ്റര്‍) ഉയര്‍ച്ചയാണ് ഉണ്ടാക്കിയത്.

ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ ഉരുകുമ്പോള്‍ ലോകം മുഴുവന്‍ അത് ബാധിക്കും. അതിനാല്‍ എല്ലാ രാജ്യങ്ങളും ഈ കാലാവസ്ഥ വ്യതിയാനത്തെ അതീവ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.