ന്യൂഡല്‍ഹി: മമതാ ബാനര്‍ജിയുടെ ഡല്‍ഹി സന്ദര്‍ശനം ഇന്ന് ആരംഭിക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷത്തെ ഒരുമിപ്പിച്ചു നിര്‍ത്തി നേതൃതലത്തിലേക്ക് ഉയരുകയെന്ന രാഷ്ട്രീയ നീക്കങ്ങളാണ് മമതയുടെ സന്ദര്‍ശനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ചവരെ മമത ഡല്‍ഹിയില്‍ തങ്ങും. സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കളുമായി വെവ്വേറെയും കൂട്ടായും ചര്‍ച്ചകളും നടത്തും. സംസ്ഥാനത്തിന്റെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണും. കൂടാതെ രാഷ്ട്രപതിയുമായും കൂടിക്കാഴ്ചയുണ്ടെന്ന് ടി.എം.സി നേതാക്കള്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിരുദ്ധ സഖ്യം എന്ന സന്ദേശവുമായി മമത എഴുതിയ കത്തിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിരുന്നു. മമതാ ബാനര്‍ജിയുമായി സോണിയാ ഗാന്ധി ചര്‍ച്ചകള്‍ നടത്തുമെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃസ്ഥാനം മമതയ്ക്ക് വിട്ടുനല്‍കാന്‍ പാര്‍ട്ടി തയാറാകില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത കൂട്ടായ്മയ്ക്ക് മറ്റൊരു പാര്‍ട്ടിക്കും ഫലപ്രദമായി നേത്യത്വം നല്‍കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ ഹൗസില്‍ വച്ചാകും മമത പ്രതിപക്ഷ രാഷ്ട്രിയ പാര്‍ട്ടി നേതാക്കളെ കാണുന്നത്.
ബംഗാള്‍ മുഖ്യമന്ത്രിയായി മൂന്നാംവട്ടവും ചരിത്രവിജയം നേടിയ മമതാ ബാനര്‍ജിയുടെ അടുത്ത ലക്ഷ്യം ദേശീയ രാഷ്ട്രീയമാണ്. അംഗബലത്തില്‍ ലോക്സഭയില്‍ നാലാംസ്ഥാനമുള്ള ടി.എം.സിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മമതയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തത് മമതയുടെ ഡല്‍ഹി ലക്ഷ്യത്തിന്റെ ചുവടു പിടിച്ചാണ്. പാര്‍ലമെന്റ് അംഗമല്ലെങ്കിലും മമത പാര്‍ലമെന്ററി പാര്‍ട്ടിനേതാവാകുന്നതോടെ ദേശീയ രാഷ്ട്രീയത്തിലെ ടി.എം.സിയുടെ ഇടപെടലുകള്‍ക്ക് കൂടുതല്‍ സാധ്യത തുറക്കും.
2018 മുതല്‍ തന്നെ ഡല്‍ഹി ലക്ഷ്യമിട്ട് ബി.ജെ.പിക്ക് ബദല്‍ സൃഷ്ടിക്കാന്‍ മമതാ ബാനര്‍ജി പൊതു മിനിമം പരിപാടി ആവിഷ്‌കരിച്ച് 2024ലെ തിരഞ്ഞെടുപ്പിനെ യോജിച്ച് നേരിടാനുള്ള നീക്കമാണ് മമതയുടെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്. ബംഗാളില്‍ ടി.എം.സിയെ വന്‍ വിജയത്തിലെത്തിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് തിരശ്ശീലയ്ക്കു പിന്നിലെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.